ന്യൂഡല്‍ഹി: ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണം ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജികളില്‍ വാദം പുരോഗമിക്കെ തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ രൂക്ഷ വിമര്‍ശങ്ങളുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കരട് വോട്ടര്‍ പട്ടിയില്‍ നിന്നും സെര്‍ച്ച് ഒപ്ഷന്‍ ഒഴിവാക്കിയെന്ന് പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയെ അറിയിച്ചു. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് ബിഹാറിലെ പട്ടികയില്‍ നിന്നും സെര്‍ച്ച് ഒപ്ഷന്‍ പിന്‍വലിച്ചതെന്നാണ് പ്രശാന്ത് ഭൂഷന്റെ ആരോപണം.
ഓഗസ്റ്റ് നാല് വരെ വെബ്സൈറ്റില്‍ സെര്‍ച്ച് ഒപ്ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് ഇല്ലാതായെന്ന് പ്രശാന്ത് ഭൂഷന്‍ പറഞ്ഞുപ. പ്രധാനമായും അഞ്ച് വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ പ്രവര്‍ത്തനങ്ങളിലെ സുതാര്യതയില്ലായ്മ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടിയത്.
എസ്‌ഐആര്‍ നടത്താനുള്ള തിടുക്കം, ആധാര്‍/ഇപിഐസി എന്നിവ രേഖയാക്കി സ്വീകരിക്കാതിരിക്കുക, നീക്കം ചെയ്ത 65 ലക്ഷം വോട്ടര്‍മാരുടെ പേരുകളും അവരെ ഒഴിവാക്കാനുള്ള കാരണങ്ങളും പ്രസിദ്ധീകരിക്കാതിരിക്കുക. കരട് വോട്ടര്‍ പട്ടികയില്‍ പേരുകള്‍ തിരയാനുള്ള സംവിധാനം നീക്കം ചെയ്തു എന്നിവ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ സംശയത്തിലാക്കുന്നു എന്നും പ്രശാന്ത് ഭൂഷണ്‍ വാദിച്ചു.
അതേസമയം ബിഹാറില്‍ ഉചിതമെന്ന് തോന്നുന്ന രീതിയില്‍ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം നടപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികരമില്ലേ എന്ന് സുപ്രീം കോടതി ചോദിച്ചു.
1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 21(3) പരാമര്‍ശിച്ച കോടതി 'തിരഞ്ഞെടുപ്പ് കമ്മീഷന് എപ്പോള്‍ വേണമെങ്കിലും ഏതെങ്കിലും നിയോജക മണ്ഡലത്തിനോ ഒരു നിയോജക മണ്ഡലത്തിന്റെ ഭാഗത്തോ അനുയോജ്യമെന്ന് തോന്നുന്ന രീതിയില്‍ വോട്ടര്‍ പട്ടികയുടെ പ്രത്യേക പരിഷ്‌കരണത്തിന് നിര്‍ദ്ദേശിക്കാവുന്നതാണെന്നും ജസ്റ്റിസ് സൂര്യകാന്തും ജോയ്മല്യ ബാഗ്ചിയും അടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി. ഹര്‍ജികളില്‍ വ്യാഴാഴ്ചയും വാദം തുടരും.
ആര്‍ജെഡി എംപി മനോജ് കുമാര്‍ ഝാ, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര, കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍, എന്‍സിപി (ശരദ് പവാര്‍) എംപി സുപ്രിയ സുലെ, സിപിഐ നേതാവ് ഡി രാജ, തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ക്ക് പുറമേ പിയുസിഎല്‍, എന്‍ജിഒ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് തുടങ്ങിയ സംഘടനകളും യോഗേന്ദ്ര യാദവിനെ പോലുള്ള പൊതു പ്രവര്‍ത്തകരുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.