പെര്‍ത്ത്: വിപണിയില്‍ 450 ലക്ഷം ഡോളര്‍ വിലമതിക്കുന്ന മാരക മയക്കുമരുന്ന് ഓസ്ട്രേലിയയിലേക്ക് കടത്താന്‍ പദ്ധതിയിട്ട അന്താരാഷ്ട്ര ക്രിമിനല്‍ സംഘത്തിലെ കണ്ണികള്‍ തായ്‌വാനില്‍ അറസ്റ്റില്‍. വിലകൂടിയ മാരക ലഹരിയായ മെത്താംഫെറ്റാമിന്‍ ത്രീ ഡി പ്രിന്ററുകളില്‍ ഒളിപ്പിച്ച് പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലേക്ക് കടത്താനാണ് ഇവര്‍ പദ്ധതിയിട്ടത്. 36 വയസും 33 വയസുമുള്ള തായ്‌വാന്‍ പൗരന്മാരാണ് അറസ്റ്റിലായത്.
അനധികൃത മാര്‍ഗങ്ങളിലൂടെ രാജ്യത്തേക്ക് 100 കിലോ വരെ ലഹരിമരുന്ന് കൊണ്ടുവരാന്‍ ഇരുവരും പദ്ധതിയിട്ടിരുന്നതായി ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രൈസ് സ്‌കാന്‍ലാന്‍ എ.ബി.സി ന്യൂസിനോടു പറഞ്ഞു. കുറ്റം തെളിഞ്ഞാല്‍ ഇവര്‍ക്ക് തായ്വാനില്‍ ജീവപര്യന്തം തടവ് അനുഭവിക്കേണ്ടി വരും.
ത്രീ ഡി പ്രിന്ററുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലേക്കു മാത്രം 30 കിലോഗ്രാം മെത്താംഫെറ്റാമിന്‍ ഇറക്കുമതി ചെയ്യാന്‍ സംഘം പദ്ധതിയിട്ടിരുന്നതായി എ.എഫ്.പിയും ഓസ്ട്രേലിയന്‍ ക്രിമിനല്‍ ഇന്റലിജന്‍സ് കമ്മീഷനും കണ്ടെത്തി. 30 കിലോ മെത്താംഫെറ്റാമിന് ഏകദേശം 450 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ വില വരും. അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജന്‍സികളുമായി ചേര്‍ന്നായിരുന്നു എ.എഫ്.പിയുടെ അന്വേഷണം.
ഓസ്ട്രേലിയന്‍ അധികൃതര്‍ നല്‍കിയ സൂചന പ്രകാരമാണ് തായ്‌വാന്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ, ന്യൂ തായ്പേയ് സിറ്റിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഒരു പ്രതിയെ ജൂലൈ അവസാനത്തോടെ പിടികൂടിയത്. രണ്ടാമത്തെ പ്രതിയെ ഒക്ടോബര്‍ ആദ്യമാണ് തായുവാന്‍ സിറ്റിയില്‍ വച്ച് പിടികൂടിയത്.
അതിര്‍ത്തികള്‍ക്ക് അതീതമായി വിവിധ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ രാജ്യാന്തര ക്രിമിനല്‍ ശൃംഖലകളെ തളര്‍ത്താന്‍ കഴിയുമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
'ഓസ്ട്രേലിയയിലുടനീളം ഏറ്റവുമധികം ഉപയോഗിക്കുന്ന നിരോധിത മരുന്നാണ് മെത്താംഫെറ്റാമിന്‍. ഇത് കുടുംബത്തിനും സമൂഹത്തിനും വലിയ ദോഷമാണുണ്ടാക്കുന്നത്.
പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലാണ് ഈ മയക്കുമരുന്നിന് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ളത്. അതിനാല്‍ സംസ്്ഥാനത്തെ സംബന്ധിച്ച് ഇത്തരം അറസ്റ്റുകള്‍ വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകവ്യാപകമായി ലഹരി കടത്തിനും മറ്റും കുറ്റകൃത്യങ്ങള്‍ക്കും വേണ്ടി ക്രിമിനലുകള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന എന്‍ക്രിപ്റ്റഡ് മെസേജുകള്‍ നിരീക്ഷിച്ചാണ് അറസ്റ്റുണ്ടായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.