ലോകകപ്പ് വിജയാഘാഷത്തിനിടെ സംസ്ഥാനത്ത് വ്യാപക സംഘർഷം: മൂന്ന് പേര്‍ക്ക് വെട്ടേറ്റു; പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മര്‍ദനം

ലോകകപ്പ് വിജയാഘാഷത്തിനിടെ സംസ്ഥാനത്ത് വ്യാപക സംഘർഷം: മൂന്ന് പേര്‍ക്ക് വെട്ടേറ്റു; പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മര്‍ദനം

കൊച്ചി: ലോകപ്പ് ആഘോഷത്തിനിടെ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷം. കണ്ണൂരില്‍ മൂന്നു പേര്‍ക്ക് വെട്ടേറ്റു. തിരുവനന്തപുരത്തും കൊച്ചിയിലും തലശേരിയിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഘോഷത്തിനിടെ മര്‍ദ്ദനമേറ്റു.

ഫുട്‌ബോള്‍ ആഘോഷത്തിനിടെ കണ്ണൂര്‍ പള്ളിയാന്‍മൂലയിലാണ് മൂന്ന് പേര്‍ക്ക് വെട്ടേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി പന്ത്രണ്ടിനായിരുന്നു ആക്രമണം നടന്നത്.

അനുരാഗ്, ആദര്‍ശ്, അലക്‌സ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. അനുരാഗിന്റെ നിലയാണ് ഗുരുതരം. സംഭവത്തില്‍ അക്രമികളായ ആറ് പേരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തലശേരിയിലുണ്ടായ സംഘര്‍ഷത്തില്‍ എസ്‌ഐക്ക് പരിക്കേറ്റു. തലശേരി എസ്‌ഐ മനോജിനാണ് മര്‍ദ്ദനമേറ്റത്. ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിനും അമിത വേഗതയില്‍ വാഹനം ഓടിച്ചതിനും രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. ഇവര്‍ പൊലീസ് കസ്റ്റഡിയിലാണ്.

എറണാകുളം കലൂരില്‍ മെട്രൊ സ്റ്റേഷന് മുന്നില്‍ വച്ച് ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു. ഇന്നലെ അര്‍ധരാത്രി പന്ത്രണ്ടിനായിരുന്നു സംഭവം. സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിവില്‍ പൊലീസ് ഓഫീസര്‍ ലിബിന് നേരെയാണ് ആക്രമണമുണ്ടായത്.

തിരുവനന്തപുരം പൊഴിയൂരിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സാരമായ പരിക്കേറ്റു. പൊഴിയൂര്‍ എസ്.ഐ സജിക്കാണ് മര്‍ദനമേറ്റത്. എസ്‌ഐയെ ചവിട്ടി തറയില്‍ തള്ളുകയും തുടര്‍ന്ന് കൈയില്‍ ചവിട്ടുകയും ചെയ്തു.

കൊട്ടാരക്കര പൂവറ്റൂരിലും സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പൂവറ്റൂര്‍ സ്വദേശികളായ രാഹുല്‍, സുബിന്‍, ഹരി എന്നിവര്‍ക്കാണ് പരിക്കേറ്റത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.