വിമാനക്കൊള്ളയെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍; വ്യോമയാന ഗതാഗതം സീസണല്‍ വ്യവസായമാണെന്ന് സിന്ധ്യ

വിമാനക്കൊള്ളയെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍;  വ്യോമയാന ഗതാഗതം സീസണല്‍ വ്യവസായമാണെന്ന് സിന്ധ്യ

ന്യൂഡൽഹി: വിമാന യാത്ര നിരക്ക് കൊള്ളയിൽ യാത്രക്കാർ വലയുമ്പോൾ വിമാനക്കമ്പനികൾക്ക് കുടപിടിക്കുന്ന സമീപനവുമായി കേന്ദ്രസർക്കാർ. കോവിഡിൽ ഏറ്റവും കൂടുതൽ ദുരിതം നേരിട്ട വ്യവസായമാണ് വ്യോമയാന മേഖലയെന്നും നിരക്കുവർധനയിൽ ഇടപെടാനാവില്ലെന്നുമാണ് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പാർലമെന്റിൽ ന്യായീകരിച്ചത്. നിരക്ക് ചാർട്ടുണ്ടാക്കി വിമാനക്കൊള്ള തടയുമോ എന്ന സി.പി.എം. അംഗം വി. ശിവദാസന്റെ ചോദ്യത്തിന് രാജ്യസഭയിൽ മറുപടിപറയുകയായിരുന്നു അദ്ദേഹം. 

വ്യോമയാന ഗതാഗതം സീസണൽ വ്യവസായമാണെന്ന് മന്ത്രി പറഞ്ഞു. ‘‘അതിൽ ഉയർച്ചയും താഴ്ചയും ഉണ്ട്. ഉത്സവ സീസണായ ഒക്ടോബർ മുതൽ ഫെബ്രുവരിവരെ വ്യോമയാനമേഖല ഉച്ചസ്ഥായിയിലാണ്. അതേസമയം, വർഷകാലത്ത് പൂർണമായും താഴ്ചയിലും. കോവിഡ് കാലത്ത് ഈ മേഖല ഏറ്റവും ദുരിതപൂർണമായ സാഹചര്യത്തിലായിരുന്നു. 24 മാസം വിമാനങ്ങൾ പറന്നില്ല. 

മാത്രവുമല്ല വിമാന ഇന്ധനനിരക്ക് കോവിഡിനുമുമ്പ് കിലോലിറ്ററിന് 35,000-40,000 ആയിരുന്നെങ്കിൽ ഇപ്പോൾ 1,17,000 ആണ്. അസംസ്കൃതവസ്തുക്കളുടെ വിലയും 50 ശതമാനം വർധിച്ചു. ഇതാണ് ടിക്കറ്റ്‌ വിലയിലും പ്രതിഫലിക്കുന്നത്. 

മുൻകൂട്ടി ടിക്കറ്റ് ബുക്കുചെയ്താൽ നിരക്ക് കുറവായിരിക്കും. ആഗോളതലത്തിൽ അതാണ് രീതി’’ -മന്ത്രി പറഞ്ഞു. ഒരു വശത്തേക്കുള്ള യാത്രയ്ക്ക് ഇക്കോണമി ക്ലാസിൽപ്പോലും 25,000 രൂപ ഈടാക്കുന്ന അവസ്ഥയാണെന്നും ഇത് പ്രതിഷേധാർഹമാണെന്നും വി. ശിവദാസൻ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.