സപ്ളൈകോ കൈമലര്‍ത്തി; കണ്‍സോര്‍ഷ്യം കനിഞ്ഞില്ല: നെല്ലിന്റെ 313 കോടി കിട്ടാതെ കര്‍ഷകര്‍

സപ്ളൈകോ കൈമലര്‍ത്തി; കണ്‍സോര്‍ഷ്യം കനിഞ്ഞില്ല: നെല്ലിന്റെ 313 കോടി കിട്ടാതെ കര്‍ഷകര്‍

ആലപ്പുഴ: വെള്ളപ്പൊക്കവും മില്ലുടമകളുടെ നിഷേധാത്മക നിലപാടും കാരണം കടക്കെണിയിലായ കര്‍ഷകര്‍ക്ക് സംഭരിച്ച നെല്ലിന്റെ പണം നല്‍കാതെ സപ്ലൈക്കോ. 313 കോടി രൂപയാണ് സപ്ലൈക്കോ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്.

ഖജനാവ് കാലിയായതാണ് പണം നല്‍കാന്‍ താമസമെന്നാണ് റിപ്പോര്‍ട്ട്. സംഭരിച്ച് ഒരാഴ്ച കഴിയുമ്പോള്‍, കര്‍ഷകരുടെ അക്കൗണ്ടില്‍ പണമെത്തുമെന്നായിരുന്നു സര്‍ക്കാരിന്റെ ഉറപ്പ്. ഇനി കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ കനിഞ്ഞാലേ രക്ഷയുള്ളൂ.

ഡിസംബര്‍ 17 വരെ 488 കോടി രൂപയുടെ നെല്ലാണ് സപ്ളൈകോ സംഭരിച്ചത്. നവംബര്‍ 29നു ശേഷം നെല്ലിന്റെ വില നല്‍കിയിട്ടില്ല. നെല്‍വില നല്‍കാനായി ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 2500 കോടി രൂപ സപ്‌ളൈകോ വായ്പ എടുത്തിരുന്നെങ്കിലും മുന്‍കാല കുടിശിക ഇതില്‍ നിന്ന് ബാങ്കുകള്‍ പിടിച്ചെടുത്തതോടെ ചില്ലിക്കാശ് ലഭിക്കാത്ത സ്ഥിതിയായി.

കേരള ഗ്രാമീണ്‍ ബാങ്കുമായി ചര്‍ച്ച നടത്തിയെങ്കിലും 7.65 ശതമാനം പലിശ ആവശ്യപ്പെട്ടത് വിലങ്ങു തടിയായി. 6.90 ശതമാനമേ നല്‍കാനാവൂ എന്നാണ് സപ്ളൈകോ നിലപാട്.

സംഭരണവില കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കുന്നതിനാണ് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കാനറ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യവുമായി സപ്ളൈകോ കരാര്‍ ഒപ്പിട്ടത്. 6.9 ശതമാനം പലിശനിരക്കില്‍ 2500 കോടി രൂപയാണ് വായ്പയായി ലഭിച്ചത്.

നെല്ല് സംഭരണത്തിനുള്ള പി.ആര്‍.എസ് വായ്പാപദ്ധതി പ്രകാരം സപ്ളൈകോയുടെ ജാമ്യത്തില്‍ ബാങ്കുകളില്‍ നിന്ന് കര്‍ഷകന് നെല്ലിന്റെ വില 8.5 ശതമാനം പലിശയ്ക്ക് വായ്പയായാണ് നല്‍കുന്നത്. പിന്നീട് സപ്ലൈകോ ബാങ്കുകള്‍ക്ക് പണം നല്‍കുമ്പോള്‍ വായ്പ അടച്ചു തീര്‍ത്തതായി കണക്കാക്കും.

തിരിച്ചടവ് വൈകുന്നതോടെ കര്‍ഷകന്‍ തിരിച്ചടവ് മുടങ്ങിയവരുടെ പട്ടികയിലാവും. 8.5 ശതമാനം പലിശയ്ക്കു പുറമേ തിരിച്ചടവ് മുടങ്ങുമ്പോഴുള്ള പിഴപ്പലിശയായ രണ്ടു ശതമാനവും സപ്ളൈകോ ബാങ്കുകള്‍ക്ക് നല്‍കേണ്ടി വന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.