മൈനസ് 196 ഡിഗ്രി താപനിലയില്‍ സൂക്ഷിക്കും; ഗ്രേറ്റ് ബാരിയര്‍ റീഫ് പവിഴപ്പുറ്റുകള്‍ സംരക്ഷിക്കാന്‍ പുതിയ മാര്‍ഗവുമായി ഓസ്‌ട്രേലിയന്‍ ഗവേഷകര്‍

മൈനസ് 196 ഡിഗ്രി താപനിലയില്‍ സൂക്ഷിക്കും; ഗ്രേറ്റ് ബാരിയര്‍ റീഫ് പവിഴപ്പുറ്റുകള്‍ സംരക്ഷിക്കാന്‍ പുതിയ മാര്‍ഗവുമായി ഓസ്‌ട്രേലിയന്‍ ഗവേഷകര്‍

സിഡ്‌നി: വംശനാശ ഭീഷണി നേരിടുന്ന ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫ് പവിഴപ്പുറ്റുകള്‍ സംരക്ഷിക്കാന്‍ പുതിയ മാര്‍ഗവുമായി ഗവേഷകര്‍. പവിഴപ്പുറ്റിലെ ലാര്‍വകളെ മൈനസ് ഡിഗ്രി താപനിലയില്‍ തണുപ്പിച്ച് സൂക്ഷിക്കുന്നതിലൂടെ പവിഴപ്പുറ്റുകളുടെ സംരക്ഷണം സാധ്യമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഓസ്ട്രേലിയന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മറൈന്‍ സയന്‍സാണ് ലോകത്തില്‍ ആദ്യമായി പരീക്ഷണത്തിലൂടെ പവിഴപ്പുറ്റുകളുടെ സംരക്ഷണം സാധ്യമാണെന്ന് കണ്ടെത്തിയത്. പവിഴപ്പുറ്റിലെ ലാര്‍വകളെ -196 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ സൂക്ഷിച്ചാണ് സംരക്ഷണം സാധ്യമാക്കുന്നത്.

സമുദ്ര താപനില വര്‍ധിക്കുന്നത് പവിഴപ്പുറ്റുകള്‍ക്ക് ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി ഇവ ബ്ലീച്ചിങിനും വിധേയമാകുന്നുണ്ട്. ജലം ചൂടാകുമ്പോള്‍ പവിഴപ്പുറ്റുകള്‍ അവയില്‍ വസിക്കുന്ന ആല്‍ഗെകളെ പുറന്തള്ളുകയും അതുവഴി പവിഴപ്പുറ്റുകളുടെ നിറം നഷ്ടപ്പെട്ടു അവ വെളുത്ത നിറത്തിലാകുകയും ചെയ്യുന്ന പ്രക്രിയയാണ് കോറല്‍ ബ്ലീച്ചിങ്.

ശീതീകരിച്ച് സൂക്ഷിക്കുന്ന പവിഴപ്പുറ്റുകളെ പിന്നീട് പുനരവതരിപ്പിക്കാമെന്ന പ്രത്യാശയാണ് പുതിയ കണ്ടെത്തല്‍ മുന്നോട്ടു വെയ്ക്കുന്നത്. ഇതു സംബന്ധിച്ച പരീക്ഷണങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തിയായി. 'ക്രയോമെഷ്' (ഇൃ്യീാലവെ) എന്ന് നാമകരണം ചെയ്തിരിക്കുന്ന നൂതന സാങ്കേതിക വിദ്യയിലൂടെ പവിഴപ്പുറ്റ് സംരക്ഷണം തുച്ഛമായ ചെലവില്‍ നടപ്പാക്കാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്. ഡിസംബറില്‍ നടന്ന ആദ്യ ലാബ് പരീക്ഷണത്തില്‍ ഗ്രേറ്റ് ബാരിയര്‍ റീഫില്‍ നിന്ന് ശേഖരിച്ച കോറല്‍ ലാര്‍വയെ ഇത്തരത്തില്‍ സംരക്ഷിച്ചിരിക്കുകയാണ്. ഈ പ്രക്രിയക്ക് ലേസര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ സഹായം അത്യന്താപേക്ഷിതമാണ്.

അതേസമയം ഹവായിയയിലെ ചെറുതും വലുതുമായ പവിഴപ്പുറ്റുകളില്‍ ക്രയോമെഷ് മുമ്പ് പരീക്ഷിച്ചിരുന്നു. എന്നാല്‍ വലിയ ഇനത്തില്‍ നടത്തിയ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടു.

ഗ്രേറ്റ് ബാരിയര്‍ റീഫ് പവിഴപ്പുറ്റുകളിലെ വലിയ ഇനത്തില്‍ പരീക്ഷണങ്ങള്‍ തുടരുകയാണ്.

യുനെസ്‌കോയുടെ പൈതൃകപട്ടികയില്‍ ഇടംപിടിച്ച ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് ശൃംഖലയാണ് ഗ്രേറ്റ് ബാരിയര്‍ റീഫ്. വടക്കുകിഴക്കന്‍ ആസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിന്റെ തീരത്ത് 2300 കിലോമീറ്ററിലധികം നീളത്തിലാണിതുള്ളത്. പവിഴപ്പുറ്റുകളില്‍ വസിക്കുന്ന ആല്‍ഗകളെ പുറന്തള്ളി വെള്ളനിറത്തിലാവുന്ന കോറല്‍ ബ്ലീച്ചിങ്ങ് ഏഴു വര്‍ഷത്തിനിടെ നാല് തവണയാണ് സംഭവിച്ചത്.

ഓസ്ട്രേലിയന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മറൈന്‍ സയന്‍സ്, സ്മിത്സോണിയന്‍ നാഷനല്‍ സൂ ആന്‍ഡ് കണ്‍സര്‍വേഷന്‍ ബയോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ഗ്രേറ്റ് ബാരിയര്‍ റീഫ് ഫൗണ്ടേഷന്‍, ടറോംഗ കണ്‍സര്‍വേഷന്‍ സൊസൈറ്റി ഓസ്ട്രേലിയ എന്നിവിടങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞര്‍ പരീക്ഷണങ്ങളില്‍ പങ്കാളികളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.