ന്യൂഡല്‍ഹി: ചൈനയില്‍ വീണ്ടും കോവിഡ് പിടിമുറുക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം. കോവിഡ് സ്ഥിരീകരണത്തിന്റേയും മരണത്തിന്റേയും ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് ചൈനയില്‍ നിന്ന് പുറത്ത് വരുന്നത്. ഇതേത്തുടര്‍ന്ന് കര്‍ശന നിര്‍ദേശമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് ഉന്നത ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും അവലോകന യോഗം ചേരും.
സംസ്ഥാനങ്ങളോട് എല്ലാ കോവിഡ് പോസ്റ്റീവ് സാംപിളുകളും ഇന്‍സാകോഗ് ജീനോം സീക്വന്‍സിങ് ലാബുകളിലേക്ക് ദിവസവും അയയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യയിലെ വിവിധ കോവിഡ് വകഭേദങ്ങളെക്കുറിച്ച് പഠിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഫോറമാണ് ഇന്‍സാകോഗ്.
ചൈനയെ കൂടാതെ ജപ്പാന്‍, അമേരിക്ക, കൊറിയ, ബ്രസീല്‍ എന്നിവിടങ്ങളിലും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അതിനാല്‍ കൊവിഡ് വകഭേദങ്ങള്‍ ട്രാക്ക് ചെയ്യുന്നതിന് പോസിറ്റീവ് കേസ് സാമ്പിളുകളുടെ മുഴുവന്‍ ജീനോം സീക്വന്‍സിങും തയ്യാറാക്കേണ്ടത് അത്യാവശ്യമാണെന്നാണ് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നത്.
ഇതുവഴി രാജ്യത്ത് പ്രചരിക്കുന്ന പുതിയ വകഭേദങ്ങളെ സമയബന്ധിതമായി കണ്ടെത്താമെന്നും അതിനായി ആവശ്യമായ പൊതുജനാരോഗ്യ നടപടികള്‍ ഏറ്റെടുക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് രാജേഷ് ഭൂഷണ്‍ കത്തില്‍ പറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 112 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച ഇത് 181 ആയിരുന്നു. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം നിലവില്‍ 3,490 ആണ്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്ന് കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തി. കേരളത്തില്‍ രണ്ട് പേരും മഹാരാഷ്ട്രയില്‍ ഒരാളുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. രാജ്യത്തെ ആകെ കോവിഡ് മരണം 5,30,677 ആണ്. അതേസമയം രാജ്യവ്യാപകമായ വാക്സിനേഷന്‍ ഡ്രൈവിന് കീഴില്‍ ഇതുവരെ 220 കോടി ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. കര്‍ശനമായ ലോക്ക്ഡൗണുകളും കൂട്ട പരിശോധനകളും ഏര്‍പ്പെടുത്തിയ സീറോ കോവിഡ് നയത്തില്‍ നിന്ന് പെട്ടെന്ന് മാറിയതിന് ശേഷമാണ് ചൈനയില്‍ കോവിഡ് കൂടാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്.
മാധ്യമ റിപ്പോര്‍ട്ട് അനുസരിച്ച് സമീപകാല കേസുകളുടെ വര്‍ധനവിനെ തുടര്‍ന്ന് ആശുപത്രികളെല്ലാം രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കോവിഡ് ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കാന്‍ ശ്മശാനങ്ങള്‍ അധികസമയം പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അതേസമയം വൈറസിന്റെ പുരോഗതി ട്രാക്കു ചെയ്യുന്നത് അസാധ്യമാണെന്ന് ചൈനീസ് അധികൃതര്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.