ഉക്രെയ്ന്‍ പ്രസിഡന്റ് ഇന്ന് അമേരിക്ക സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്; യുദ്ധം ആരംഭിച്ച ശേഷം സെലന്‍സ്‌കിയുടെ ആദ്യ വിദേശ യാത്ര

ഉക്രെയ്ന്‍ പ്രസിഡന്റ് ഇന്ന് അമേരിക്ക സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്; യുദ്ധം ആരംഭിച്ച ശേഷം സെലന്‍സ്‌കിയുടെ ആദ്യ വിദേശ യാത്ര

വാഷിംഗ്ടണ്‍: ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി അമേരിക്കയിലെത്തി പ്രസിഡന്റ് ജോ ബൈഡനുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചതിനു ശേഷമുള്ള സെലന്‍സ്‌കിയുടെ ആദ്യ വിദേശ യാത്രയാണിത്. അമേരിക്കന്‍ സമയം ബുധനാഴ്ച്ച കൂടിക്കാഴ്ച്ച നടത്തിയേക്കുമെന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്യുന്നത്.

വാഷിങ്ടണ്‍ സന്ദര്‍ശനത്തില്‍, കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ സെലന്‍സ്‌കി അഭിസംബോധന ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. ബുധനാഴ്ച രാത്രി കോണ്‍ഗ്രസ് അംഗങ്ങള്‍ എല്ലാവരും സഭയില്‍ ഹാജരാകണമെന്നും ജനാധിപത്യം സംരക്ഷിക്കുന്നതിന് ഊന്നല്‍ നല്‍കുന്ന ഒരു സെഷന്‍ ഉണ്ടാകുമെന്നും ഒരു കത്തിലൂടെ ഡെമോക്രാറ്റിക് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി അറിയിച്ചിട്ടുണ്ട്.

അതേസമയം, ഇരു നേതാക്കളുടെയും കൂടിക്കാഴ്ച്ച സംബന്ധിച്ച തീരുമാനം അന്തിമമല്ലെന്നും സുരക്ഷ മുന്‍നിര്‍ത്തി അവസാന നിമിഷത്തില്‍ സന്ദര്‍ശനം ഒഴിവാക്കിയേക്കാമെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. സെലന്‍സ്‌കിയുടെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ തുടരുന്നതിനാലാണ് ഇത്തരം തീരുമാനമെടുക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. റഷ്യ-ഉക്രെയ്ന്‍ യുദ്ധം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ രാജ്യം വിടുന്നതോടെ ആക്രമണങ്ങളുണ്ടാകാന്‍ സാദ്ധ്യതയുള്ളതായി വിദഗ്ധര്‍ വിലയിരുത്തുന്നു.

ഉക്രെയ്‌ന് പുതിയ പ്രതിരോധ സഹായ പാക്കേജ് നല്‍കാനും അമേരിക്കന്‍ ഭരണകൂടത്തിനു പദ്ധതിയുണ്ട്. 1.8 ബില്യണ്‍ ഡോളറിന്റെ അധിക സുരക്ഷാ സഹായം സെലന്‍സ്‌കിയുടെ സന്ദര്‍ശന വേളയില്‍ പ്രഖ്യാപിക്കും.

ഉക്രെയ്‌നും നാറ്റോ സഖ്യകക്ഷികള്‍ക്കുമുള്ള 44.9 ബില്യണ്‍ ഡോളര്‍ അടിയന്തര സഹായം നല്‍കുന്നതു സംബന്ധിച്ച് വോട്ടെടുപ്പ് നടക്കാനിരിക്കേയാണ് ഉക്രെയ്ന്‍ പ്രസിഡന്റിന്റെ യുഎസ് സന്ദര്‍ശനം. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ ഉക്രെയ്ന്റെ ശക്തമായ സഖ്യകക്ഷിയാണ് അമേരിക്ക. മാനുഷിക സഹായമുള്‍പ്പെടെ 65 ബില്യണ്‍ ഡോളറിന്റെ സഹായമാണ് അമേരിക്ക നല്‍കിയത്. റഷ്യന്‍ വിമാനങ്ങളും മിസൈലുകളും ലക്ഷ്യം വെയ്ക്കാന്‍ കഴിയുന്ന പാട്രിയറ്റ് മിസൈല്‍ സംവിധാനം അമേരിക്ക നല്‍കാന്‍ പദ്ധതിയിടുന്നതായാണ് ഏറ്റവുമൊടുവില്‍ വരുന്ന വാര്‍ത്ത.

കഴിഞ്ഞ ദിവസം റഷ്യ-ഉക്രെയ്ന്‍ സൈന്യങ്ങള്‍ തമ്മില്‍ കനത്തപോരാട്ടം നടന്ന, കിഴക്കന്‍ ഡോണ്‍ബാസ്‌ക് മേഖലയിലെ ബഖ്മുത് പട്ടണത്തില്‍ ചൊവ്വാഴ്ച സെലന്‍സ്‌കി അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. അതിനു ശേഷം വാഷിംഗ്ടണിലേക്കു യാത്ര തിരിച്ചതായാണു സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.