പൊക്കിൾകൊടിയിൽ നിന്നുള്ള സ്റ്റെം സെല്ലുകൾ ഉപയോഗിച്ച് ഗുരുതര ഹൃദയ വൈകല്യം പരിഹരിക്കാൻ കഴിയുമെന്ന് റിപ്പോർട്ട്

പൊക്കിൾകൊടിയിൽ നിന്നുള്ള സ്റ്റെം സെല്ലുകൾ ഉപയോഗിച്ച് ഗുരുതര ഹൃദയ വൈകല്യം പരിഹരിക്കാൻ കഴിയുമെന്ന് റിപ്പോർട്ട്

ലണ്ടൻ: പൊക്കിൾകൊടിയിൽ നിന്നുള്ള സ്റ്റെം സെല്ലുകൾ ഉപയോഗിച്ച് ലോകത്തിലെ ആദ്യത്തെ ഓപ്പറേഷൻ നടത്തി താൻ ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിച്ചുവെന്ന് ബ്രിട്ടനിലെ ബ്രിസ്റ്റോൾ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ പ്രൊഫസർ മാസിമോ കപുട്ടോ. ഫിൻലി എന്ന കുഞ്ഞിന്റെ ഹൃദയ വൈകല്യം പരിഹരിക്കാൻ സ്റ്റെം സെൽ "സ്കഫോൾഡിംഗ്" ഉപയോഗിച്ച് അദ്ദേഹം ഒരു പുതിയ മാർഗം തുറക്കുകയായിരുന്നുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

ഗുരുതരമായ ഹൃദ്രോഗവുമായി ജനിക്കുന്ന കുട്ടികൾക്ക് ഒട്ടേറെ ഓപ്പറേഷനുകൾ ആവശ്യമില്ലാത്ത ഈ സാങ്കേതികവിദ്യ ഭാവിയിൽ വികസിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. രണ്ട് വയസുള്ള ഫിൻലി ഇപ്പോൾ സന്തോഷത്തോടെ വളരുന്ന ഒരു കുട്ടിയാണെന്നും പ്രൊഫ. കപുട്ടോ വ്യക്തമാക്കുന്നു.


ഫിൻലി അമ്മ മെലിസയോടൊപ്പം

ഫിൻലി ജനിക്കുമ്പോൾ ഹൃദയത്തിൽ പ്രധാന ധമനികൾ തെറ്റായ രീതിയിലായിരുന്നു കാണപ്പെട്ടത്. തുടർന്ന് വെറും നാല് ദിവസം പ്രായമുള്ളപ്പോൾ ബ്രിസ്റ്റോൾ റോയൽ ഹോസ്പിറ്റൽ ഫോർ ചിൽഡ്രനിൽ ഫിൻലിയുടെ ആദ്യത്തെ തുറന്ന ഹൃദയ ശസ്ത്രക്രിയ നടത്തി.

പക്ഷെ നിർഭാഗ്യവശാൽ ഈ ശസ്‌ത്രക്രിയയിലൂടെ പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞില്ല. അതോടെ കുഞ്ഞിന്റെ ഹൃദയത്തിന്റെ പ്രവർത്തനം ഗണ്യമായി താളം തെറ്റി. ഹൃദയത്തിന്റെ ഇടതുഭാഗത്ത് കൂടി രക്തപ്രവാഹം സാധ്യമാകാത്തതിനെ തുടർന്ന് കുട്ടി ഗുരുതരമായ ബുദ്ധിമുട്ടനുഭവിക്കാൻ തുടങ്ങി.

അവൻ അതിജീവിക്കുന്നതിനുള്ള സാധ്യതകൾ കുറവാണെന്ന് അറിഞ്ഞ ഞങ്ങൾ ആദ്യം മുതൽ മാനസികമായി തയ്യാറായിരുന്നുവെന്ന് വിൽറ്റ്ഷയറിലെ കോർഷാം സ്വദേശിയായ ഫിൻലിയുടെ അമ്മ മെലിസ പറയുന്നു.

"ഒടുവിൽ 12 മണിക്കൂറിന് ശേഷം, ഫിൻലി ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തുവന്നു, പക്ഷേ ജീവൻ നിലനിർത്താൻ അവന്റെ ഹൃദയത്തിനും ശ്വാസകോശത്തിനും ബൈപാസ് മെഷീൻ ആവശ്യമായിരുന്നു, അവന്റെ ഹൃദയത്തിന്റെ പ്രവർത്തനം ക്രമേണ വഷളായിക്കൊണ്ടിരുന്നു" എന്നും മെലിസ വ്യക്തമാക്കി.

തീവ്രപരിചരണത്തിൽ ആഴ്‌ചകൾ കഴിഞ്ഞപ്പോൾ ഫിൻലിയുടെ അവസ്ഥയെ ചികിത്സിക്കാൻ പരമ്പരാഗത മാർഗമൊന്നുമില്ലെന്നും ഹൃദയത്തിന്റെ പ്രവർത്തനം നിലനിർത്താൻ അവൻ പൂർണ്ണമായി മരുന്നുകളെ ആശ്രയിക്കുന്നതായും മനസിലായി.


സ്റ്റെം സെല്ലുകൾ

ഇതോടെ പ്ലാസന്റ ബാങ്കിൽ നിന്നുള്ള സ്റ്റെം സെല്ലുകൾ ഉൾപ്പെടുത്തി ഒരു പുതിയ രീതി പരീക്ഷിക്കുകയായിരുന്നു. നശിച്ചുപോയ രക്തക്കുഴലുകൾ വളരാൻ സഹായിക്കുമെന്ന പ്രതീക്ഷയിൽ പ്രൊഫ. കപുട്ടോ കോശങ്ങൾ ഫിൻലിയുടെ ഹൃദയത്തിലേക്ക് നേരിട്ട് കുത്തിവച്ചു.

"അലോജെനിക്" എന്ന് വിളിക്കപ്പെടുന്ന കോശങ്ങൾ ലണ്ടനിലെ റോയൽ ഫ്രീ ഹോസ്പിറ്റലിലെ ശാസ്ത്രജ്ഞരാണ് വളർത്തിയത്. അവയിൽ ദശലക്ഷക്കണക്കിന് കോശങ്ങൾ ഫിൻലിയുടെ ഹൃദയപേശികളിലേക്ക് കുത്തിവയ്ക്കപ്പെട്ടു.

അലോജെനിക് കോശങ്ങൾക്ക് രോഗിയുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയാൽ തിരസ്കരിക്കപ്പെടാൻ കഴിയാത്ത 'ടിഷ്യു'വായി വളരാനുള്ള കഴിവുണ്ട്. ഫിൻലിയുടെ വിഷയത്തിൽ ഈ കോശങ്ങൾ കേടുപാടുകൾ സംഭവിച്ച ഹൃദയപേശികളെ പുനരുജ്ജീവിപ്പിച്ചു. "ഇതോടെ അവനു നൽകിക്കൊണ്ടിരുന്ന എല്ലാ മരുന്നുകളിൽ നിന്നും ഞങ്ങൾ നിർത്തി, വെന്റിലേഷനിൽ നിന്ന് ഞങ്ങൾ അവനെ മാറ്റി" എന്ന് പ്രൊഫ. കപുട്ടോ സന്തോഷത്തോടെ പറഞ്ഞു.

പിന്നീട് ഫിൻലിയെ ഇന്റൻസീവ് തെറാപ്പി യൂണിറ്റ് (ഐടിയു) യിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇപ്പോൾ അവൻ സന്തോഷത്തോടെ വളരുന്ന ഒരു ചെറിയ കുട്ടിയാണെന്നും പ്രൊഫ. കപുട്ടോ വ്യക്തമാക്കി

ഒരു ബയോ പ്രിന്റർ ഉപയോഗിച്ച്, രക്തക്കുഴലുകളിലെ വാൽവുകളുടെ വൈകല്യങ്ങൾ പരിഹരിക്കുന്നതിനും ഹൃദയത്തിന്റെ രണ്ട് പ്രധാന പമ്പിംഗ് അറകൾക്കിടയിലുള്ള ദ്വാരങ്ങളിലെ കേടുപാടുകൾ പരിഹരിക്കുന്നതിനും ഒരു സ്റ്റെം സെൽ സ്കാർഫോൾഡ് നിർമ്മിച്ചിട്ടുണ്ട്.

കൃത്രിമ ടിഷ്യു സാധാരണയായി ശിശുക്കളിൽ ഹൃദയത്തിന് സംഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉപയോഗിക്കാറുണ്ട്. പക്ഷേ ഇത് പരാജയപ്പെടാനുള്ള സാധ്യതയുണ്ട്. ഇത്തരം കൃതിമ ടിഷ്യുകൾക്ക് ഹൃദയത്തിൽ വളരാനുള്ള കഴിവില്ല. അതുകൊണ്ട് തന്നെ കുട്ടികൾ വളരുന്നതിനനുസരിച്ച് അവർക്ക് കൂടുതൽ ശസ്ത്രക്രിയകൾ ആവശ്യമാണ്.


സ്റ്റെം സെൽ സ്കാർഫോൾഡ് ഏത് ആകൃതിയിലും ബയോ പ്രിന്റ് ചെയ്യാവുന്നതാണ്

വിജയകരമായ ഈ പരീക്ഷണത്തിന് ശേഷം അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഒരു ക്ലിനിക്കൽ ട്രയൽ നടക്കുമെന്ന് പ്രൊഫ. കപുട്ടോ പ്രതീക്ഷിക്കുന്നു.

ജന്മനാ ഹൃദയ വൈകല്യങ്ങളുള്ള രോഗികൾക്ക് സ്റ്റെം സെൽ പ്ലാസ്റ്ററുകളുടെ പരീക്ഷണം പ്രതീക്ഷ നൽകുന്നതാണ്.വെയിൽസിലെ കാർഡിഫിൽ നിന്നുള്ള 13 വയസ്സുകാരനായ ലൂയിയുടെ ആദ്യത്തെ ഓപ്പൺ ഹാർട്ട് സർജറി പ്രൊഫ. കപുട്ടോ നടത്തിയത് അവന് വെറും രണ്ടാഴ്ച പ്രായമുള്ളപ്പോഴാണ്.

തുടർന്ന് നാല് വയസ്സുള്ളപ്പോൾ ലൂയിയുടെ ഹൃദയത്തിന്റെ സുഗമമായ പ്രവർത്തങ്ങളെ സഹായിക്കുന്നതിനായി വെച്ച വസ്തുക്കൾ മാറ്റിസ്ഥാപിക്കുന്നതിനായി വീണ്ടും ഓപ്പറേഷൻ നടത്തി. എന്നാൽ പദാർത്ഥങ്ങൾ പൂർണ്ണമായും ജൈവികമല്ലാത്തതിനാൽ അവയ്‌ക്ക് അവനോടൊപ്പം വളരാൻ കഴിയില്ല. ഇതോടെ ആവർത്തിച്ചുള്ള ഓപ്പറേഷനുകൾ ആവശ്യമാണ്.

ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷന്റെ അഭിപ്രായത്തിൽ ലൂയിയെപ്പോലെ ബ്രിട്ടനിൽ എല്ലാ ദിവസവും ഏകദേശം 13 കുഞ്ഞുങ്ങൾക്ക് ഗുരുതരമായഹൃദയ വൈകല്യം ഉണ്ടെന്ന് കണ്ടെത്തുന്നുണ്ട്. ഇവയിൽ ഏകദേശം എല്ലാം തന്നെ കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് വികസിക്കുന്ന ഒരു ഹൃദ്രോഗാവസ്ഥയാണ്.

ഹൃദയത്തിനെ പ്രവർത്തങ്ങൾ ശരിയായി നടക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ രോഗിയുടെ രോഗപ്രതിരോധ സംവിധാനത്താൽ നിരസിക്കപ്പെടുമെന്നതിനാൽ അവ ഹൃദയത്തിൽ പാടുകൾ ഉണ്ടാക്കുകയും മറ്റ് സങ്കീർണതകളിലേക്ക് നയിക്കുകയും ചെയ്യുന്നു. ക്രമേണ ഇത്തരം പരിശ്രമങ്ങൾ തകരുകയും ഏതാനും മാസങ്ങളോ വർഷങ്ങളോ ഉള്ളിൽ പരാജയപ്പെടുകയും ചെയ്യും.

അതിനാൽ ഒരു കുട്ടിക്ക് തന്റെ ബാല്യകാലം മുഴുവൻ ഓരോ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നേക്കാം. ബ്രിട്ടനിൽ ഓരോ വർഷവും ഗുരുതരമായ ഹൃദയ വൈകല്യങ്ങൾക്കായി 200 ആവർത്തിച്ചുള്ള ശസ്ത്രക്രിയകൾ നടത്തപ്പെടുന്നുവെന്നാണ് കണക്ക്.

സ്റ്റെം സെൽ സാങ്കേതികവിദ്യയും തന്റെ ശരീരത്തിനൊപ്പം വളരാൻ കഴിയുന്ന ടിഷ്യുകളും സ്വീകരിച്ച് കഴിഞ്ഞാൽ താൻ അഭിമുഖീകരിക്കുന്ന ഓപ്പറേഷനുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുമെന്ന് ലൂയി പ്രതീക്ഷിക്കുന്നു.

സ്റ്റെം സെൽ സാങ്കേതികവിദ്യയിലൂടെ ഇനി കുഞ്ഞുങ്ങളുടെ ജീവിതവും ബാല്യവും നല്ല രീതിയിൽ കടന്ന് പോവുക മാത്രമല്ല ഓപ്പറേഷനും ചിലവഴിക്കേണ്ടി വരുന്ന 30,000 പൗണ്ട് ലാഭിക്കാമെന്നും പ്രൊഫ കപുട്ടോയും സംഘവും പറഞ്ഞു. ഇങ്ങനെ ഓരോ വർഷവും നിരവധിയാളുകളുടെ ദശലക്ഷക്കണക്കിന് പൗണ്ട് ലാഭിക്കാമെന്നും അവർ കൂട്ടിച്ചേർത്തു.

സ്റ്റെം സെൽ ബയോളജിയിൽ വിദഗ്ധനും എസ്എൽഎം ബ്ലൂ സ്കൈസ് ഇന്നൊവേഷൻസ് ലിമിറ്റഡിന്റെ ഡയറക്ടറുമായ ഡോ. സ്റ്റീഫൻ മിംഗർ ഈ ഒരു ഗവേഷണത്തെ അഭിനന്ദിച്ചു. തനിക്ക് അറിയാവുന്ന മിക്ക പഠനങ്ങളും അനുസരിച്ച് ഹൃദയം പ്രവർത്തനരഹിതമാകുകയോ പരാജയപ്പെടുകയോ ചെയ്ത മുതിർന്ന ആളുകളിലും സ്റ്റെം സെൽ കുത്തിവെയ്ക്കുന്നത് വഴി കുറഞ്ഞ ചികിത്സാ ഫലം മാത്രമാണ് കാണിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവേഷണ സംഘം ഒരു സ്റ്റാൻഡേർഡ് ക്ലിനിക്കൽ ട്രയൽ നടത്താൻ പോകുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും ഡോ. മിംഗർ പറഞ്ഞു. ആ പരീക്ഷണത്തിലൂടെ ഇത് ഒരു 'ഒറ്റത്തവണ' വിജയമായിരുന്നോ എന്ന് മനസിലാക്കാൻ കഴിയും. കൂടാതെ ഇതിന് പിന്നിലെ മെക്കാനിസങ്ങളെക്കുറിച്ച് കൂടുതൽ നന്നായി പഠിക്കുകയും ചെയ്യാൻ കഴിയുമെന്നും ഡോ. മിംഗർ കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.