വത്തിക്കാൻ സിറ്റി: “ഒറ്റയ്ക്ക് ആരെയും രക്ഷിക്കാൻ കഴിയില്ല, കോവിഡ് 19 നെ ഒരുമിച്ച് നേരിടുക, സമാധാനത്തിന്റെ പാതകളിൽ ഒരുമിച്ച് നീങ്ങുക" എന്ന ആഹ്വാനവുമായി 2023 ജനുവരി ഒന്നിന് ആഘോഷിക്കുന്ന ലോക സമാധാന ദിനത്തിനായുള്ള സന്ദേശം പുറത്തിറക്കി ഫ്രാൻസിസ് മാർപ്പാപ്പ. എല്ലാ പ്രതിസന്ധികളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നത് നാം മറക്കരുതെന്നും മനുഷ്യരാശിയുടെ നന്മയ്ക്കായി പ്രവർത്തിക്കണമെന്നും പാപ്പ ഓർമ്മിപ്പിച്ചു.
അൻപത്തിയാറാമത് ലോക സമാധാന ദിനമാണ് ഇത്തവണ നടക്കുന്നത്. ചടങ്ങിൽ സമഗ്രമാനവിക വികസനത്തിനായുള്ള ഡികാസ്റ്ററിയുടെ അധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർണി, ഡികാസ്റ്ററി സെക്രട്ടറി സിസ്റ്റർ അലെസാന്ദ്ര സ്മെരില്ലി തുടങ്ങിയവർ പങ്കെടുക്കും.
ഒരുങ്ങിയിരിക്കുവിൻ
വിശുദ്ധ പൗലോസ് ശ്ലീഹ തെസലോനിക്കാകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽ നിന്നുള്ള വാക്കുകളോടെയാണ് ഫ്രാൻസിസ് മാർപ്പാപ്പയുടെ സന്ദേശം ആരംഭിക്കുന്നത്.
“സഹോദരരേ, സമയങ്ങളെയും കാലങ്ങളെയും സംബന്ധിച്ച് ഞാൻ നിങ്ങൾക്ക് എഴുതേണ്ടതില്ലല്ലോ. കാരണം, രാത്രിയിൽ കള്ളൻ എന്നപോലെ കർത്താവിന്റെ ദിനം വരുമെന്ന് നിങ്ങൾക്ക് അറിയാം" (തെസലോനിക്കാ 5:1-2)
ഈ വാക്കുകളിലൂടെ അപ്പോസ്തലനായ പൗലോസ് ശ്ലീഹ തെസലോനിക്കാ സമൂഹത്തെ അചഞ്ചലരായി നിലകൊള്ളാൻ പ്രോത്സാഹിപ്പിച്ചതായി മാർപ്പാപ്പ അനുസ്മരിക്കുന്നു.
അതുപോലെ “ദാരുണമായ സംഭവങ്ങൾ നമ്മുടെ ജീവിതത്തെ കീഴടക്കുന്നതായി തോന്നുമ്പോൾ നമ്മോടൊപ്പം എന്നും സന്നിഹിതനായിരിക്കുന്ന, ആർദ്രതയോടെ നമ്മെ അനുഗമിക്കുന്ന, നമ്മുടെ ക്ഷീണത്തിൽ നമ്മെ താങ്ങിനിർത്തുന്ന, എല്ലാറ്റിനുമുപരി നമ്മുടെ പാത തെളിയിക്കുകയും ചെയ്യുന്ന ദൈവത്തിൽ പൂർണ്ണമായി വിശ്വസിക്കാനും പ്രത്യാശയിലേക്ക് ഹൃദയം തുറന്നിടാനുമാണ് നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നത്" എന്നും പാപ്പ വ്യക്തമാക്കി.
കോവിഡ് മഹാമാരി പരത്തിയ അന്ധകാരം
"ഏറ്റവും അന്ധകാരം നിറഞ്ഞ മണിക്കൂറിലും ഒരു പ്രകാശമുണ്ട്" എന്ന് കോവിഡ് 19 മഹാമാരിയെ ഒരു ഉദാഹരണമായി ഉപയോഗിക്കുന്നതിന് മുന്നോടിയായി ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു. മഹാമാരി നമ്മുടെ ലോകത്തിലെ ഏറ്റവും സമാധാനപരമായ ഭാഗങ്ങളെപ്പോലും അസ്വസ്ഥമാക്കുകയും നിസ്സഹായതയുടെ നിരവധി അവസ്ഥകളെ തുറന്നുകാട്ടുകയും ചെയ്തുവെന്ന് ഫ്രാൻസിസ് മാർപ്പാപ്പ വ്യക്തമാക്കുന്നു.
മഹാമാരി ആരംഭിച്ച് മൂന്ന് വർഷം പിന്നിടുമ്പോൾ ചോദ്യം ചെയ്യാനും പഠിക്കാനും വളരാനും തന്നെത്തന്നെ വ്യക്തികളായും സമൂഹങ്ങളായും രൂപാന്തരപ്പെടുത്താനും അനുവദിക്കേണ്ട സമയമാണിതെന്ന് മാർപ്പാപ്പ ഊന്നിപ്പറയുന്നു.
കോവിഡ് എന്ന പകർച്ചവ്യാധി നമ്മുടെ നിഘണ്ടുവിൽ ഒരു കേന്ദ്രസ്ഥാനത്തേക്ക് "ഒരുമിച്ച്" എന്ന വാക്ക് കൂട്ടിച്ചേർക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെയും രാഷ്ട്രങ്ങളെയും ഉൾപ്പെടെ എല്ലാവരേയും കൂടുതൽ ബോധവാന്മാരാക്കി. സാഹോദര്യത്തിലും നിസ്വാര്‍ത്ഥവുമായ സ്നേഹത്തിലും നിന്ന് ലഭിക്കുന്ന സമാധാനം മാത്രമേ വ്യക്തിപരവും സാമൂഹികവും ആഗോളപരവുമായ പ്രതിസന്ധികളെ തരണം ചെയ്യാൻ നമ്മെ സഹായിക്കൂവെന്നും പാപ്പ കൂട്ടിച്ചേർത്തു.
“നമ്മുടെ ഏറ്റവും വലിയതും എന്നാൽ ഏറ്റവും ദുർബലവുമായ സമ്പത്ത് ദൈവത്തിന്റെ മക്കളായ സഹോദരീസഹോദരന്മാരെന്ന നിലയിൽ നാം പങ്കിട്ട മനുഷ്യത്വമാണ്. നമ്മിൽ ആരും ഒറ്റയ്ക്ക് രക്ഷിക്കപ്പെടുകയില്ല ” മാർപ്പാപ്പ പറഞ്ഞു.
മനുഷ്യനിർമിത യുദ്ധങ്ങൾ
നമ്മൾ പ്രത്യാശിച്ചതോ പ്രതീക്ഷിച്ചതോ ആയ കോവിഡിന് ശേഷമുള്ള കാലഘട്ടമല്ല വന്ന് ചേർന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ ഊന്നിപ്പറയുന്നു. കോവിഡ് 19 മഹാമാരിയുടെ അന്ധകാരം നിറഞ്ഞ മണിക്കൂറുകൾ അവസാനിച്ചുവെന്ന് നാം പ്രതീക്ഷിക്കാൻ തുനിഞ്ഞ നിമിഷത്തിൽ ഭയാനകമായ ഒരു പുതിയ ദുരന്തം മനുഷ്യരാശിയെ ബാധിച്ചു.
മറ്റൊരു മഹാവിപത്തിന്റെ കടന്നാക്രമണത്തിന് ലോകം സാക്ഷ്യം വഹിച്ചു. മനുഷ്യന്റെ ശിക്ഷാര്‍ഹമായ തീരുമാനങ്ങളാൽ ഉരുത്തിരിഞ്ഞു വന്ന മറ്റൊരു യുദ്ധമാണ് മനുഷ്യകുലത്തെ ഒന്നാകെ കടന്നാക്രമിച്ച മഹാവിപത്തെന്ന് മാർപ്പാപ്പ ചൂണ്ടിക്കാട്ടി. ഉക്രെയ്‌നിലെ യുദ്ധം നിരപരാധികളായ ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുകയും അരക്ഷിതാവസ്ഥ പരത്തുകയും ചെയ്യുന്നു.
യുദ്ധം നേരിട്ട് ബാധിക്കപ്പെട്ടവർ മാത്രമല്ല വ്യാപകവും വിവേചനരഹിതവുമായ രീതിയിൽ രാജ്യത്ത് നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള ജനങ്ങളിലേക്കും ധാന്യക്ഷാമവും വർധിച്ച ഇന്ധന വിലയും ഉൾപ്പെടെയുള്ള പ്രതിസന്ധികൾ പാർശ്വഫലമായി അനുഭവിക്കേണ്ടി വന്നു.
ഈ യുദ്ധത്തോടൊപ്പം ലോകമെമ്പാടുമുള്ള മറ്റെല്ലാ കലഹങ്ങളും ചേർന്നതോടെ ഇതിൽ നേരിട്ട് ഉൾപ്പെട്ടിരിക്കുന്ന രാജ്യങ്ങൾക്കും സംഘടനകൾക്കും മാത്രമല്ല മനുഷ്യരാശിക്ക് മുഴുവനും ഇതൊരു തിരിച്ചടിയായി. കോവിഡ് 19 ന് വാക്സിൻ കണ്ടെത്തിയെങ്കിലും യുദ്ധത്തിന് അനുയോജ്യമായ പരിഹാരങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പാപ്പ പറയുന്നു.
"തീർച്ചയായും നമ്മുടെ ശരീരത്തെ ബുദ്ധിമുട്ടിക്കുന്ന വൈറസുകളേക്കാൾ യുദ്ധത്തിന്റെ വൈറസിനെ മറികടക്കാൻ പ്രയാസമാണ്. കാരണം അത് വരുന്നത് നമ്മുടെ അന്തരീക്ഷത്തിൽ നിന്നുമല്ല, പാപത്താൽ ദുഷിച്ച മനുഷ്യഹൃദയത്തിനുള്ളിൽ നിന്നാണ്" മാർപാപ്പ പറഞ്ഞു.
ഒറ്റയ്ക്ക് ആരെയും രക്ഷിക്കാൻ കഴിയില്ല
ഈ പ്രതിസന്ധി നിറഞ്ഞ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് ആദ്യമായി നമ്മുടെ ഹൃദയങ്ങളെ മാറ്റാൻ അനുവദിക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ ചൂണ്ടിക്കാണിക്കുന്നു. "വാസ്തവത്തിൽ നമ്മുടെ വ്യക്തിപരമോ ദേശീയമോ ആയ താൽപ്പര്യങ്ങൾക്ക് ഇടം കണ്ടെത്തുന്നതിനെക്കുറിച്ച് നമുക്ക് ഇനി ചിന്തിക്കാനാവില്ല, പകരം പൊതുനന്മയുടെ അടിസ്ഥാനത്തിൽ ചിന്തിക്കണം" എന്നും പാപ്പ വിശദീകരിച്ചു.
എങ്കിലും നാം അനുഭവിക്കുന്ന ധാർമ്മികവും സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ പല പ്രതിസന്ധികളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന അടിസ്ഥാന വസ്‌തുതയെ നമുക്ക് അവഗണിക്കാനാവില്ലെന്നും ഒറ്റപ്പെട്ട പ്രശ്‌നങ്ങളായി നാം കാണുന്നത് യഥാർത്ഥത്തിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന കാരണങ്ങളും അവയുടെ ഫലങ്ങളുമാണെന്നും മാർപ്പാപ്പ വ്യക്തമാക്കി.
"പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനായി ഈ പ്രശ്നങ്ങൾ പുനപരിശോധിക്കാൻ" സമൂഹത്തിൽ ഉത്തരവാദിത്തവും പദവിയുമുള്ള എല്ലാവരോടും നല്ല മനസിന് ഉടമകളായ എല്ലാ സ്ത്രീപുരുഷന്മാരോടും പാപ്പ ആഹ്വാനം ചെയ്യുന്നു. സമാധാനം വർദ്ധിപ്പിക്കുകയും ദാരിദ്ര്യത്തിനും മരണത്തിനും കാരണമാകുന്ന സംഘർഷങ്ങളും യുദ്ധങ്ങളും അവസാനിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.
നമ്മുടെ പൊതു ഭവനമായ ഭൂമിയെ പരിപാലിക്കുന്നതിലും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും വ്യക്തവും ഫലപ്രദവുമായ നടപടികൾ സ്വീകരിച്ച് നടപ്പിലാക്കുന്നതിൽ പങ്കുചേരണം. അസമത്വത്തിന്റെ വൈറസിനെതിരെ പോരാടാനും എല്ലാവർക്കും ഭക്ഷണവും മാന്യമായ തൊഴിലും ഉറപ്പാക്കാനും പരിശ്രമിക്കണം.
ഏറ്റവും കുറഞ്ഞ വേതനം പോലും ലഭ്യമാകാതെ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ പിന്തുണയ്ക്കുന്നതിനായി എല്ലാവരും ഒന്നുചേർന്ന് പ്രവർത്തിക്കണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.
ഈ വർഷം എല്ലാവർക്കും നല്ലൊരു വർഷമാക്കി മാറ്റാം
വരാനിരിക്കുന്ന പുതുവർഷത്തിൽ ചരിത്രം നമ്മെ പഠിപ്പിച്ച പാഠങ്ങളെ വിലമതിച്ചുകൊണ്ട് നമ്മൾ ഒരുമിച്ച് യാത്രചെയ്യണമെന്നും മാർപാപ്പ ആവശ്യപ്പെടുന്നു.
"സന്മനസ്സുള്ള എല്ലാ സ്ത്രീപുരുഷന്മാരും സമാധാനത്തിന്റെ കരകൗശല വിദഗ്ധർ എന്ന നിലയിൽ 2023 നെ ഒരു നല്ല വർഷമാക്കിമാറ്റാൻ അവർ അനുദിനം പ്രയത്നിക്കട്ടെ എന്ന പ്രാർത്ഥനാപൂർവമായ വിശ്വാസം ഞാൻ പ്രകടിപ്പിക്കുന്നു!" എന്നും പറഞ്ഞുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
ലോക സമാധാന ദിനം
കത്തോലിക്കാസഭയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ആഗോളതലത്തിലുള്ള സമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കുന്നതിനായി മാറ്റിവയ്ക്കുന്ന ദിവസമാണ് ലോക സമാധാന ദിനം. 1967 ഡിസംബർ എട്ടിന് പോൾ ആറാമൻ പാപ്പ നൽകിയ ഒരു സന്ദേശത്തെത്തുടർന്ന് 1968 ജനുവരി ഒന്നിനാണ് ആദ്യമായി ലോക സമാധാന ദിനം ആചരിച്ചത്.
തുടർന്ന് നാളിതുവരെ എല്ലാ വർഷങ്ങളിലും ഇതേ ജനുവരി ഒന്നിന് സമാധാനദിനമായി ആചരിക്കുകയും സമാധാനവുമായി ബന്ധപ്പെട്ട ചിന്തകൾ അടങ്ങിയ ഒരു സന്ദേശം മാർപ്പാപ്പാമാർ രാഷ്ട്ര നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് നൽകുകയും ചെയ്യാറുണ്ട്.
കൂടുതൽ വത്തിക്കാൻ ന്യൂസുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.