കൊച്ചി: നാഗ്പൂരില്‍ മരിച്ച സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സി കുട്ടനും അമ്പലപ്പുഴ എംഎൽഎ എച്ച്.സലാമും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി. നിദയുടെ പിതാവ് ഷിഹാബുദീനും വിമാനത്തിൽ ഉണ്ടായിരുന്നു. തുടർന്ന് മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടു പോയി.
വണ്ടാനത്ത് സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ മതപരമായ ചടങ്ങുകൾക്ക് ശേഷം പതിനൊന്നുമണിക്ക് നിദ പഠിച്ച നീര്‍ക്കുന്നം ഗവ. സ്കൂളില്‍ പൊതുദർശനത്തിന് വെയ്ക്കും. 11 മണിയോടെ അമ്പലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടു പോകും. ഉച്ചക്ക് പന്ത്രണ്ടരയോടെ കാക്കാഴം ജുമാമസ്ജിദ് ഖബര്‍സ്ഥാനത്തിലാണ് ഖബറടക്കം.
കേരള സൈക്കിൾ പോളോ അസോസിയേഷനും സൈക്കിൾ പോളോ ഫെഡറേഷൻ ഓഫ് ഇന്ത്യയും തമ്മിലുള്ള കിട മത്സരമാണ് നാഗ്‍പൂരിൽ മലയാളി താരം നിദ ഫാത്തിമയുടെ ജീവനെടുത്തത്. നാഷണൽ സബ് ജൂനിയർ സൈക്കിൾ പോളോയിൽ പങ്കെടുക്കാനായി ഡിസംബർ 20നാണ് നിദ നാഗ്പൂരിലെത്തിയത്.
കേരള സൈക്കിൾ പോളോ അസോസിയേഷൻ അണ്ടർ–14 താരമാണ്. എന്നാൽ അസോസിയേഷന് ദേശീയ ഫെഡറേഷന്റെ അംഗീകാരമില്ലെന്ന പേരിൽ താരങ്ങൾക്ക് നാഗ്പൂരിൽ താമസ സൗകര്യവും ഭക്ഷണവും ദേശീയ ഫെഡറേഷൻ ഒരുക്കിയിരുന്നില്ല.
ഇതേതുടർന്ന് മോശം സാഹചര്യത്തിൽ നിദക്കും സഹ താരങ്ങൾക്കും കഴിയേണ്ടി വന്നു. കഴിഞ്ഞ ദിവസം രാത്രി ഛർദ്ദിച്ച് കുഴഞ്ഞു വീണ നിദയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
നാഷണൽ സബ് ജൂനിയർ സൈക്കിൾ പോളോ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് രണ്ടു അസോസിയേഷനുകളുടെ ടീമുകളാണ് പോയത്. ഇതിൽ സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരള എന്ന സംഘടനക്കാണ് ഫെഡറേഷന്റെ അംഗീകാരം ഉള്ളത്. നിദ കേരള സൈക്കിൾ പോളോ അസോസിയേഷന്റെ ടീം അംഗമായിരുന്നു.
ഓട്ടോറിക്ഷാത്തൊഴിലാളിയായ അമ്പലപ്പുഴ കാക്കാഴം സുഹറ മന്‍സിലില്‍ ഷിഹാബുദ്ദീന്റെയും അന്‍സിലയുടെയും മകളാണ് നിദ. നീര്‍ക്കുന്നം എസ്.ഡി.വി. സ്‌കൂള്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയാണ്. സംസ്ഥാന കായികമന്ത്രി വി. അബ്ദുറഹ്മാന്‍ നിദ ഫാത്തിമയുടെ വീട് സന്ദര്‍ശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.