ചൈന അടക്കം അഞ്ച് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി കേന്ദ്രം; വിമാന സര്‍വീസിന് തല്‍ക്കാലം നിയന്ത്രണമില്ല

ചൈന അടക്കം അഞ്ച് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി കേന്ദ്രം; വിമാന സര്‍വീസിന് തല്‍ക്കാലം നിയന്ത്രണമില്ല

ന്യൂഡല്‍ഹി: ചൈന, ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കാന്‍ കേന്ദ്രം. ചൈനയിലും ജപ്പാനിലും അടക്കം കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.

ഇരു രാജ്യങ്ങള്‍ക്കും പുറമേ തെക്കന്‍ കൊറിയ, തായ്ലാന്‍ഡ്, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നടത്തും. രോഗലക്ഷണങ്ങള്‍ ഉള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്റീനില്‍ പ്രവേശിപ്പിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വ്യക്തമാക്കി.

നിലവില്‍ ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നില്ലെങ്കിലും രാജ്യത്ത് മുന്‍ കരുതലുകള്‍ ശക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വിമാനങ്ങളിലെ രണ്ട് ശതമാനം യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കും. രോഗം സ്ഥിരീകരിക്കുന്ന സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയക്കും. അന്താരാഷ്ട്ര യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കാനും തീരുമാനമായി.

ചൊവ്വാഴ്ച്ച രാജ്യത്തെ എല്ലാ ആശുപത്രികളിലും കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യാനുള്ള പ്രത്യേക മോക്ഡ്രില്‍ നടത്താനും നേരത്തെ തന്നെ ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവിയ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നേരിട്ടെത്തി മോക്ഡ്രില്‍ നിരീക്ഷിക്കും.

മാസ്‌കും, സാമൂഹിക അകലവും ഉള്‍പ്പടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇന്ന് നടക്കുന്ന ആരോഗ്യമന്ത്രിമാരുടെ യോഗത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നിര്‍ദേശം നല്‍കുമെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.