തിരുവനന്തപുരം: മൊറാഴയിലെ വിവാദമായ ആയുര്‍വേദ റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. തലശേരിയിലുള്ള കെ.പി. രമേഷ് കുമാറിന്റെതാണ് റിസോര്‍ട്ടെന്നാണ് ജയരാജന്‍ പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം. സംസ്ഥാന കമ്മിറ്റിയില്‍ പി.ജയരാജന്‍ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് വിശദീകരണം നല്‍കിയത്. എന്നാല്‍ സംഭവത്തില്‍ ഇതില്‍ കൂടുതല്‍ വിശദീകരണത്തിന് ജയരാജന്‍ തയ്യാറായില്ല.
കണ്ണൂരിലെ വൈദേഹം ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരിലാണ് ഇ,പി,ജയരാജനെതിരെ ആരോപണം ഉയര്‍ന്നത്. ഇ.പിയുടെ ഭാര്യ നേരത്തെ ഈ കമ്പനിയുടെ ഡയറക്ടറായിരുന്നു. ഇ.പിയുടെ മകന്‍ ഈ റിസോര്‍ട്ടിന്റെ ഡയറക്ടറാണ്. ഏറ്റവും ആധികാരികതയോടെയാണ് ആരോപണം ഉന്നയിക്കുന്നതെന്ന് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി. ജയരാജന്‍ പറഞ്ഞു. റിസോര്‍ട്ട് തുടങ്ങുന്ന സമയത്ത് പ്രശ്‌നം ചൂണ്ടിക്കാണിച്ചപ്പോള്‍ ഡയറക്ടര്‍ ബോര്‍ഡില്‍ മാറ്റം വരുത്തി. ഗുരുതരമായ ആരോപണത്തില്‍ അന്വേഷണവും നടപടിയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു,
ഇ.പി. ജയരാജനെതിരായ സാമ്പത്തിക ആരോപണം വ്യാജവാര്‍ത്തയാണോയെന്ന ചോദ്യത്തിന് പാര്‍ട്ടിക്ക് അകത്ത് നടന്ന ചര്‍ച്ചകള്‍ പുറത്ത് പങ്കുവെക്കാനാഗ്രഹിക്കുന്നില്ലെന്ന മറുപടിയാണ് പി.ജയരാജന്‍ നല്‍കിയത്. ഇ.പി. ജയരാജന്‍ റിസോര്‍ട് നടത്തുന്നത് തന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ല. താന്‍ ആ സ്ഥലത്ത് പോയിട്ടില്ല. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടിയിലെ തെറ്റ് തിരുത്തല്‍ രേഖ അംഗീകരിച്ചിരുന്നു. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധത്തിനും തീരുമാനം എടുത്തിരുന്നുവെന്നും പി.ജയരാജന്‍ പറഞ്ഞു..
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സ്വദേശത്തിന് അടുത്തുള്ള പ്രദേശമാണ് മൊറാഴ. അരോപണം ഉയര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ ഇ.പി പങ്കെടുത്തിരുന്നില്ല. ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എം.വി. ഗോവിന്ദന്‍ തള്ളിയില്ല. ആരോപണം എഴുതി നല്‍കാന്‍ പി.ജയരാജന് നിര്‍ദ്ദേശം നല്‍കി. പരാതി രേഖാമൂലം കിട്ടിയാല്‍ പരിശോധിക്കാമെന്നും സെക്രട്ടറി സംസ്ഥാന കമ്മിറ്റിയില്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.