കുഫോസ് വിസി നിയമനം: ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

 കുഫോസ് വിസി നിയമനം: ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കുഫോസ് വിസി നിയമനം റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹൈക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേന്ദ്ര ചട്ടത്തേക്കാള്‍ സംസ്ഥാന നിയമങ്ങള്‍ക്കാണ് പ്രധാന്യമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

2010 ല്‍ സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തില്‍ കുഫോസ് വിസി നിയമനത്തെപ്പറ്റി വിശദീകരിക്കുന്നുണ്ട്. അതിനാല്‍ കുഫോസ് വിസി തെരഞ്ഞെടുപ്പിന് യുജിസി ചട്ടങ്ങള്‍ ബാധകമല്ല എന്നാണ് സര്‍ക്കാരിന്റെ നിലപാട്. വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഒരു നിയമവും പാര്‍ലമെന്റ് പാസാക്കിയിട്ടില്ല.

കേന്ദ്ര- സംസ്ഥാന നിയമങ്ങള്‍ തമ്മില്‍ വൈരുധ്യമുണ്ടെങ്കില്‍, സംസ്ഥാന നിയമങ്ങള്‍ക്കാണ് പ്രാധാന്യമെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിക്കുന്നു. 2018 ലെ യുജിസി ചട്ടപ്രകാരം രൂപീകരിക്കാത്ത സെര്‍ച്ച് കമ്മിറ്റിയാണ് റിജി ജോണിനെ വിസിയായി നിയമിച്ചത് എന്നു ചൂണ്ടിക്കാട്ടിയാണ്, കുഫോസ് വിസി നിയമനം ഹൈക്കോടതി റദ്ദാക്കിയത്.

ഭരണഘടനയിലെ ഏഴാം പട്ടികയിലെ ലിസ്റ്റ് രണ്ട് പ്രകാരം കാര്‍ഷിക വിദ്യാഭ്യാസവും ഗവേഷണവും സംസ്ഥാന ലിസ്റ്റില്‍പ്പെട്ടവയാണ്. അതിനാല്‍ ഫിഷറീസ് സര്‍വകലാശാലയ്ക്ക് യുജിസി ചട്ടം ബാധകമല്ലെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കാര്‍ഷിക സര്‍വകലാശാലകള്‍ക്ക് യുജിസി ചട്ടം ബാധകമല്ലെന്ന വസ്തുത കണക്കിലെടുക്കാതെയാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു.

മുന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ നിയമോപദേശം തേടിയ ശേഷമാണ്, കുഫോസ് വിസി റിജി ജോണിന്റെ നിയമനം റദ്ദു ചെയ്തതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.