മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും; ബഫര്‍ സോണും കെ റെയിലും മുഖ്യ ചര്‍ച്ചയാകും

 മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും; ബഫര്‍ സോണും കെ റെയിലും മുഖ്യ ചര്‍ച്ചയാകും

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10.30 നാണ് മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത്.

ബഫര്‍ സോണ്‍, സില്‍വര്‍ ലൈന്‍ അടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. ചീഫ് സെക്രട്ടറി വി.പി ജോയിയും കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായേക്കും.

സംസ്ഥാനത്തെ മലയോര മേഖലയില്‍ വലിയ ആശങ്ക സൃഷ്ടിച്ച ബഫര്‍ സോണ്‍ വിഷയം മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യും. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിലും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഭൂപടത്തിലും നിരവധി പരാതികളാണ് സര്‍ക്കാരിന് ലഭിച്ചത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള കേന്ദ്രാനുമതി അനന്തമായി നീണ്ടു പോകുന്നതിലുള്ള പരാതിയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും.

അതിനിടെ നാളെ തുടങ്ങുന്ന രണ്ടു ദിവസത്തെ സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ പിണറായി വിജയന്‍ ഡല്‍ഹിയിലെത്തി. ഇ.പി ജയരാജനെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ഒന്നും പറയാതെ അദേഹം ഒഴിഞ്ഞു മാറി.

ഇ.പി ജയരാജനുമായി ബന്ധപ്പെട്ട വിഷയം പി.ബി ചര്‍ച്ച ചെയ്യുമോ എന്ന ചോദ്യത്തിന് ഡല്‍ഹിയില്‍ തണുപ്പ് എങ്ങനെയുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നേരില്‍ കാണുന്നുണ്ടോയെന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചില്ല.

എന്നാല്‍ കേരളത്തില്‍ പാര്‍ട്ടിക്ക് അകത്തും പുറത്തും വലിയ ചര്‍ച്ചാവിഷയമായതിനാല്‍ തന്നെ ഇ.പിയുമായി ബന്ധപ്പെട്ട പരാതി പി.ബി. ചര്‍ച്ച ചെയ്യാനാണ് സാധ്യത. വിഷയവുമായി ബന്ധപ്പെട്ട് പി. ജയരാജന്‍ നല്‍കിയ പരാതി കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലാണ്. നാളെ രാവിലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഡല്‍ഹിയിലെത്തും. അദ്ദേഹമായിരിക്കും ഇക്കാര്യം പി.ബിയില്‍ അവതരിപ്പിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.