സാമ്പത്തിക പരാധീനത: വാഷിങ്ടണിലെ പാക് എംബസി കെട്ടിടം വില്‍പ്പനയ്ക്ക്; വില പറഞ്ഞ് ഇന്ത്യക്കാരനും

 സാമ്പത്തിക പരാധീനത: വാഷിങ്ടണിലെ പാക് എംബസി കെട്ടിടം വില്‍പ്പനയ്ക്ക്; വില പറഞ്ഞ് ഇന്ത്യക്കാരനും

വാഷിങ്ടണ്‍: അമേരിക്കയിലെ പാകിസ്ഥാന്‍ എംബസിയുടെ പ്രതിരോധ വിഭാഗം പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടം വില്‍പ്പനയ്ക്ക്. കെട്ടിടം വാങ്ങാന്‍ ഇന്ത്യക്കാരനടക്കം രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഷിങ്ടണിലുള്ള കെട്ടിടം വാങ്ങാന്‍ അഞ്ച് മില്യണ്‍ ഡോളറാണ് (41.42 കോടി രൂപ) റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഇന്ത്യക്കാരന്‍ ലേലത്തുകയായി വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

മൂന്ന് കക്ഷികളാണ് ഈ കെട്ടിടം സ്വന്തമാക്കാന്‍ മുന്നോട്ടു വന്നിട്ടുള്ളത്. ഏറ്റവുമധികം തുക വാഗ്ദാനം ചെയ്തിരിക്കുന്നത് ഒരു ജൂതസംഘമാണ്. 6.8 കോടി ഡോളറാണ് (56.33 കോടി രൂപ) ഇവര്‍ നല്‍കാന്‍ തയ്യാറായിട്ടുള്ളത്. ജൂത ആരാധനാലയം പണികഴിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. പാകിസ്ഥാനില്‍ നിന്നാണ് മൂന്നാമത്തെ കക്ഷി. ഇദ്ദേഹത്തിന്റെ ലേലത്തുക നാലു മില്യണ്‍ ഡോളറാണ് (33.13 കോടി രൂപ).

വാഷിങ്ടണില്‍ പാകിസ്ഥാന്റെ ഉടമസ്ഥതയിലുള്ള മൂന്ന് ഭൂസ്വത്തുക്കളില്‍ ആര്‍ സ്ട്രീറ്റിലാണ് ഈ പഴയ കെട്ടിടം സ്ഥിതി ചെയ്യുന്നത്. കെട്ടിടം വില്‍ക്കാന്‍ തയ്യാറെടുക്കുന്നതായി പാകിസ്ഥാനി എംബസി ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നു. 1950 മുതല്‍ 2000 വരെയുള്ള കാലയളവില്‍ എംബസിയുടെ പ്രതിരോധവിഭാഗം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണിത്. പഴയ കെട്ടിടം ഇപ്പോള്‍ നിലവിലുള്ളതു പോലെ വില്‍ക്കണോ അതോ പുതുക്കിപ്പണിതതിന് ശേഷം വില്‍ക്കണോ എന്ന കാര്യം ഒരു അപ്രൈസറുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നും എംബസി വക്താക്കള്‍ കൂട്ടിച്ചേര്‍ത്തു.

കെട്ടിട വില്‍പനയുടെ വാര്‍ത്ത പരന്നതോടെ സാമൂഹ മാധ്യമങ്ങളില്‍ പുതിയതും പഴയതുമായ എംബസി കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ പ്രചരിക്കുകയാണ്. എന്നാല്‍ ഈ പോസ്റ്റുകളെല്ലാം തന്നെ പാക് എംബസി നിരാകരിച്ചു. എംബസിയുടെ പുതിയ കെട്ടിടം 2000 ലാണ് നിര്‍മിച്ചത്. പഴയ കെട്ടിടമാകട്ടെ മസാച്ചുസെറ്റ്സ് അവന്യൂവിലാണ് സ്ഥിതി ചെയ്യുന്നത്. 2000-ത്തിലാണ് പാക് എംബസി പുതിയ കെട്ടിടത്തിലേക്കു മാറിയത്. എങ്കിലും പഴയ കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഏഴ് മില്യണ്‍ ഡോളറോളം പാകിസ്ഥാന്‍ ചെലവഴിച്ചിരുന്നു.

ആര്‍ സ്ട്രീറ്റിലെ കെട്ടിടം ശിഥിലമായ അവസ്ഥയിലാണ് ഇപ്പോഴുള്ളത്. പരിസരത്ത് താമസിക്കുന്നവര്‍ ഇതേക്കുറിച്ച് പരാതിയുയര്‍ത്തിയിട്ടുണ്ട്. 1953 മുതല്‍ 1956 വരെ പാക് അംബാസഡറായിരുന്ന സെയ്ദ് അംജദ് അലിയാണ് ഈ കെട്ടിടം വാങ്ങിയത്. സമ്പദ്ഘടന അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുന്നതിനാലാണ് പാകിസ്ഥാന്‍ കെട്ടിടം വില്‍ക്കാനൊരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.