ആശയവിനിമയത്തിലെ പിഴവ്; മെല്‍ബണില്‍നിന്ന് ബാലിയിലേക്കു പുറപ്പെട്ട വിമാനം യാത്രാമധ്യേ തിരിച്ചുപറന്നു, പ്രതിഷേധവുമായി യാത്രക്കാര്‍

ആശയവിനിമയത്തിലെ പിഴവ്; മെല്‍ബണില്‍നിന്ന് ബാലിയിലേക്കു പുറപ്പെട്ട വിമാനം യാത്രാമധ്യേ തിരിച്ചുപറന്നു, പ്രതിഷേധവുമായി യാത്രക്കാര്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍നിന്ന് ബാലിയിലേക്കു പറന്നുയര്‍ന്ന വിമാനം യാത്രാമധ്യേ ആശയവിനിമയത്തിലുണ്ടായ പിഴവു മൂലം മെല്‍ബണിലേക്കു തന്നെ തിരിച്ചെത്തിയതില്‍ ക്ഷമാപണവുമായി ജെറ്റ്സ്റ്റാര്‍ എയര്‍വേയ്സ്. അവധിക്കാലം ആഘോഷിക്കാന്‍ ബാലിയിലേക്കു തിരിച്ച യാത്രക്കാരാണ് പ്രതിസന്ധിയിലായത്.

ചൊവ്വാഴ്ച വൈകുന്നേരം ആറു മണിക്കാണ് ജെക്യൂ35 സര്‍വീസ് മെല്‍ബണില്‍ നിന്ന് ബാലിയിലേക്കു പുറപ്പെടാനിരുന്നത്. യാത്ര പുറപ്പെടാന്‍തന്നെ രാത്രി 11 മണി വരെ വൈകിയെന്ന് യാത്രക്കാരനായ റാഫേ ബെര്‍ഡിംഗ് പറഞ്ഞു.

വിമാനം യാത്ര ആരംഭിച്ച് അഞ്ചു മണിക്കൂറിലധികം പിന്നിട്ടപ്പോഴാണ് ഇന്തോനേഷ്യന്‍ അധികൃതര്‍ ബാലിയില്‍ ലാന്‍ഡിംഗ് നിഷേധിച്ചത്. തുടര്‍ന്ന് വിമാനം തിരിച്ചു മെല്‍ബണിലേക്കു വന്നു. എന്തുകൊണ്ടാണ് വിമാനത്തിന് ലാന്‍ഡിംഗ് നിഷേധിച്ചതെന്ന കാര്യത്തില്‍ ജീവനക്കാരും യാത്രക്കാരും ആദ്യം ആശയക്കുഴപ്പത്തിലായതായി റാഫേ ബെര്‍ഡിംഗ് പറഞ്ഞു.

ക്യാപ്റ്റനും ഇക്കാര്യത്തില്‍ ഒരു വിശദീകരണവും നല്‍കിയില്ല. പിന്നീട്, വലിയ വിമാനം സുരക്ഷിതമായി ഇറക്കാന്‍ കഴിയുന്ന റണ്‍വേകള്‍ അടച്ചിട്ടിരിക്കുകയാണെന്ന് ഇന്തോനേഷ്യന്‍ അധികൃതര്‍ പറഞ്ഞതായി ക്യാപ്റ്റന്‍ യാത്രക്കാരോട് പറഞ്ഞു.

'സംഭവത്തില്‍ യാത്രക്കാര്‍ ഏറെ അസ്വസ്ഥരായിരുന്നു. എയര്‍ലൈനും ഇന്തോനേഷ്യന്‍ അധികാരികളും എന്തുകൊണ്ട് ഇക്കാര്യം സംബന്ധിച്ച് നേരത്തെ ആശയവിനിമയം നടത്തിയില്ല എന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് സംശയമുണ്ടെന്ന് റാഫേ ബെര്‍ഡിംഗ് പറഞ്ഞു.

വിമാനക്കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഈ പിഴവു മൂലം പലര്‍ക്കും തങ്ങളുടെ അവധിയാഘോഷത്തിന്റെ രണ്ടു ദിനങ്ങള്‍ നഷ്ടപ്പെട്ടു. പലരും ജെറ്റ്സ്റ്റാര്‍ എയര്‍വേയ്സിനെ പ്രതിഷേധം അറിയിച്ചു.

യാത്രക്കാര്‍ക്കുണ്ടായ നിരാശാജനകമായ അനുഭവത്തിന് ജെറ്റ്സ്റ്റാര്‍ വക്താവ് ക്ഷമാപണം നടത്തി. മെല്‍ബണില്‍ നിന്ന് ബാലിയിലേക്കു കൂടുതല്‍ യാത്രക്കാരെ കൊണ്ടുപോകുന്നതിനായി ആദ്യം നിശ്ചയിച്ച വിമാനത്തിനു പകരം ഒരു വലിയ ബോയിംഗ് 787 വിമാനമാണ് സര്‍വീസിനായി തെരഞ്ഞെടുത്തത്.

എന്നാല്‍, ആശയവിനിമയത്തിലെ പിഴവു മൂലം വിമാനത്തിന്റെ മാറ്റം ഇന്തോനേഷ്യയിലെ പ്രാദേശിക റെഗുലേറ്റര്‍ അംഗീകരിച്ചില്ല. ഇക്കാര്യം അറിഞ്ഞയുടനെ, ഫ്‌ളൈറ്റ് മെല്‍ബണിലേക്ക് മടങ്ങി. ഇത് ഉപയോക്താക്കള്‍ക്ക് അങ്ങേയറ്റം നിരാശാജനകമായ അനുഭവമാണെന്ന് ഞങ്ങള്‍ക്കറിയാം, സംഭവിച്ചതിന് ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു - വക്താവ് കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് ജെറ്റ്സ്റ്റാര്‍ യാത്രക്കാര്‍ക്ക് ഹോട്ടല്‍ മുറികളും വൗച്ചറുകളും നല്‍കിയിട്ടുണ്ടെന്ന് എയര്‍ലൈന്‍ വക്താവ് പറഞ്ഞു. ബുധനാഴ്ച ഉച്ചയോടെ ഈ യാത്രക്കാരുമായി വിമാനം ബാലിയിലേക്കു യാത്ര തിരിച്ചു. ആശയവിനിമയത്തിലെ പിഴവ് സംബന്ധിച്ച് ജെറ്റ്സ്റ്റാര്‍ എയര്‍വേയ്‌സ് അന്വേഷണം ആരംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.