പാളിപ്പോയ ചലഞ്ചുമായി വീണ്ടും കോണ്‍ഗ്രസ്; 138 രൂപയുടെ പ്രവര്‍ത്തന ഫണ്ട് പിരിവിന് തുടക്കം

പാളിപ്പോയ ചലഞ്ചുമായി വീണ്ടും കോണ്‍ഗ്രസ്; 138 രൂപയുടെ  പ്രവര്‍ത്തന ഫണ്ട് പിരിവിന് തുടക്കം

കണ്ണൂര്‍: കഴിഞ്ഞ വര്‍ഷം നടപ്പാക്കി പാളിപ്പോയ പ്രവര്‍ത്തന ഫണ്ട് പിരിവിനായി 138 രൂപ ചലഞ്ച് വീണ്ടും പ്രഖ്യാപിച്ച് കെപിസിസി. കോണ്‍ഗ്രസിന്റെ 138-ാം ജന്മദിനത്തോടനുബന്ധിച്ചാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പഴയ ചലഞ്ചിന്റെ പുതിയ പ്രഖ്യാപനം നടത്തിയത്. 2023 മാര്‍ച്ച് 26 വരെയാണ് ഫണ്ട് പിരിവിനുള്ള കാലാവധി.

ഒരു ബൂത്തില്‍ കുറഞ്ഞത് 50 പേരെ പങ്കെടുപ്പിക്കാനാണ് നിര്‍ദ്ദേശം. 138 രൂപ കുറഞ്ഞ തുകയാണ്. അതിനു മുകളിലേക്ക് എത്രയും പ്രവര്‍ത്തകര്‍ക്ക് സംഭാവനയായി നല്‍കാം. എല്ലാ ജില്ലകളിലും സബ് കമ്മിറ്റികള്‍ രൂപീകരിക്കുകയും നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് കെ.സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച നടന്ന കെപിസിസി നേതൃ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. കഴിഞ്ഞ വര്‍ഷം സമാന രീതിയില്‍ പ്രഖ്യാപിച്ച 137 ചലഞ്ചുമായി ബന്ധപ്പെട്ട കുറവുകള്‍ പരിഹരിച്ചായിരിക്കും ഈ വര്‍ഷത്തെ പ്രവര്‍ത്തന ഫണ്ട് പരിവെന്ന് യോഗത്തില്‍ തീരുമാനമായിരുന്നു.

അമ്പതുകോടി രൂപ സമാഹരിക്കാനാണ് കഴിഞ്ഞ വര്‍ഷം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ച തുക പിരിക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, ഫണ്ടു പിരിവുമായി ബന്ധപ്പെട്ട് വിവാദങ്ങളുമുണ്ടായിരുന്നു.

റിപ്പബ്ലിക്ക് ദിനത്തില്‍ പദ്ധതി അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച കഴിഞ്ഞ തവണത്തെ ഫണ്ട് പിരിവ് ആദ്യം മാര്‍ച്ച് 12 ലേക്കും പിന്നീട് ഏപ്രില്‍ 30 ലേക്കും നീട്ടിയിരുന്നു. എന്നിട്ടും ലക്ഷ്യത്തിലേക്ക് എത്തിയില്ലെന്ന് മാത്രമല്ല, ഓണ്‍ലൈനായി അടച്ച പണം കെപിസിസിയുടെ അക്കൗണ്ടിലേക്ക് എത്തിയില്ലെന്ന് ആരോപണവും ഉയര്‍ന്നിരുന്നു. കെപിസിസി പ്രസിഡന്റിന്റെ പക്കല്‍പോലും ഇതിന്റെ കണക്കില്ലെന്നും ആക്ഷേപമുണ്ടായി.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28 ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആദ്യസംഭാവന നല്‍കിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. ക്യു. ആര്‍. കോഡ് സ്‌കാന്‍ ചെയ്തു ഡിജിറ്റല്‍ രീതിയിലും പണം അടയ്ക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു. ആദ്യഘട്ടത്തില്‍ നേതാക്കള്‍ക്കടയില്‍ നടത്തിയ ഫണ്ട് സമാഹരണം പിന്നീട് ബൂത്ത് തലത്തിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

എന്നാല്‍ രസീതില്ലാതെ പണപ്പിരിവ് നടത്തുന്നതിലെ ബുദ്ധിമുട്ടുകള്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടിയതോടെ മണ്ഡലം തലത്തില്‍ രസീത് തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കി. രസീത് തയ്യാറാക്കാന്‍ അനുമതി ലഭിക്കാന്‍ വൈകിയതും അന്ന് പിരിവ് വൈകാന്‍ കാരണമായിരുന്നു.

കോണ്‍ഗ്രസ് പുനസംഘടന സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങള്‍ മൂലം പലരും പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനിന്നതും താഴേതട്ടില്‍ പ്രവര്‍ത്തകര്‍ ചലഞ്ച് ഏറ്റെടുക്കാതിരുന്നു. നേതൃത്വത്തിലെ അഭിപ്രായവ്യത്യാസങ്ങളുമായിരുന്നു അന്ന് ഫണ്ട് പിരിവില്‍ കാലതാമസമുണ്ടാവാന്‍ കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്.

ഫണ്ട് പിരിവിലെ കണക്കിനെ ചൊല്ലി കെപിസിസി ഭാരവാഹികള്‍ തമ്മില്‍ വാക്കേറ്റവുമുണ്ടായിരുന്നു. ഫണ്ട് പിരിവ് അവസാനിച്ചാല്‍ ഭാരവാഹികളുടെ യോഗത്തിലും എക്സിക്യൂട്ടീവിലും കണക്കുകള്‍ അവതരിപ്പിക്കുകയെന്ന പതിവ് കഴിഞ്ഞ തവണയുണ്ടായിരുന്നില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.