ടെന്നീസ് പ്രേമികളെ ത്രസിപ്പിക്കാൻ ജോക്കോവിച്ച് വീണ്ടും ഓസ്‌ട്രേലിയയിൽ; തിരിച്ചുവരവ് രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ട് ഒരു വർഷത്തിന് ശേഷം

ടെന്നീസ് പ്രേമികളെ ത്രസിപ്പിക്കാൻ ജോക്കോവിച്ച് വീണ്ടും ഓസ്‌ട്രേലിയയിൽ; തിരിച്ചുവരവ് രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ട് ഒരു വർഷത്തിന് ശേഷം

മെൽബൺ: രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ട് ഒരുവർഷത്തിനുശേഷം മുൻ ലോക ഒന്നാംനമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച് വീണ്ടും ഓസ്‌ട്രേലിയയിലെത്തി. ഞായറാഴ്ച തുടങ്ങുന്ന അഡ്‌ലെയ്ഡ് ഇന്റർനാഷണലിൽ ജോക്കോവിച്ച് കളിക്കും. തുടർന്ന് ഓസ്‌ട്രേലിയൻ ഓപ്പണിലും അദ്ദേഹം മത്സരിക്കുമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാനെത്തിയ ജോക്കോവിച്ചിനെ ജനുവരിയിൽ മെൽബണിലെ വിമാനത്താവളത്തിൽ തടഞ്ഞിരുന്നു. കോവിഡ് 19 വാക്‌സിനേഷൻ സംബന്ധമായ നിർദേശങ്ങൾ പാലിക്കാത്തതിന്റെ പേരിലായിരുന്നു അദ്ദേഹത്തെ അധികൃതർ തടഞ്ഞത്. തുടർന്ന് കഴിഞ്ഞ ഓസ്‌ട്രേലിയൻ ഓപ്പണിന്റെ തലേന്ന് താരത്തെ രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്തു. കൂടാതെ മൂന്നുവർഷത്തെ പ്രവേശനവിലക്കും ഏർപ്പെടുത്തി.

പിന്നീട് രാജ്യത്ത് പ്രവേശിക്കാൻ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഓസ്‌ട്രേലിയ എടുത്തുകളയുകയും അങ്ങനെ ജോക്കോവിച്ചിനുണ്ടായിരുന്ന വിലക്ക് നീങ്ങുകയും ചെയ്തു. ഇതോടെയാണ് താരത്തിന് വഴിതെളിഞ്ഞത്. “ഓസ്‌ട്രേലിയയിൽ തിരിച്ചെത്തിയത്തിൽ വളരെ സന്തോഷവാനാണ്” എന്ന് ജോക്കോവിച്ച് പ്രതികരിച്ചു.


“12 മാസം മുമ്പ് സംഭവിച്ചത് എനിക്കും എന്റെ കുടുംബത്തിനും ടീമിനും എന്നോട് അടുപ്പമുള്ള ആർക്കും അംഗീകരിക്കാൻ എളുപ്പമായിരുന്നില്ല. രാജ്യം വിടുന്നത് നിരാശാജനകമായിരുന്നു. പക്ഷേ ഓസ്‌ട്രേലിയയിലേക്ക് മടങ്ങാനും ഇവിടെ കളിക്കാനും എനിക്ക് അനുമതി ലഭിക്കുമെന്ന് ശരിക്കും പ്രതീക്ഷിച്ചിരുന്നു" എന്നും ജോക്കോവിച്ച് വ്യക്തമാക്കി.

അഡ്‌ലെയ്ഡ് ഇന്റർനാഷണലിൽ “സൂപ്പർ സ്ട്രോംഗ്” കളിക്കാരുടെ ഒരു പട്ടിക തന്നെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. "ലോകത്തിലെ ഏറ്റവും മികച്ച ചില കളിക്കാർ ഇവിടെ കളിക്കുന്നുണ്ട്. അതിൽ പുരുഷന്മാരും സ്ത്രീകളും ഒരുപോലെയാണ്. ഞാൻ മുമ്പ് പറഞ്ഞതുപോലെ ഇതൊരു മികച്ച സ്ഥലമാണ്" ജോക്കോവിച്ച് വിശദീകരിച്ചു.

അഡ്‌ലെയ്ഡിലെയും പൊതുവെ ഓസ്‌ട്രേലിയയിലെയും ആളുകൾ ടെന്നീസ് ഇഷ്ടപ്പെടുന്നുവെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അവർ സ്‌പോർട്‌സിനെ സ്നേഹിക്കുന്നു. ഇതൊരു കായിക രാഷ്ട്രമാണ്. അതിനാൽ തനിക്ക് ധാരാളം ആളുകളെ കാണാൻ കഴിയുമെന്നും കുറച്ച് സമയം ആസ്വദിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

അവസാന മത്സരത്തിൽ അവസരം നഷ്ടമായതിനെ തുടർന്ന് ഇത്തവണത്തെ അഡ്‌ലെയ്ഡ് ഇന്റർനാഷണലിനെ ജോക്കോവിച്ച് തന്റെ പത്താം ഓസ്‌ട്രേലിയ ഓപ്പണിനുള്ള മികച്ച തയ്യാറെടുപ്പായി ഉപയോഗിക്കും. ഓസ്‌ട്രേലിയൻ ജനതയിൽ നിന്ന് നല്ല പ്രതികരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും 35 കാരനായ സെർബിയൻ താരം പറഞ്ഞു.

“നന്നായി ടെന്നീസ് കളിക്കാനും കാണികൾക്ക് നല്ല വികാരങ്ങളും നല്ല അനുഭവങ്ങളും നൽകാനും ഞാൻ പരമാവധി ശ്രമിക്കും. പ്രൊഫഷണൽ അത്‌ലറ്റുകൾ എന്ന നിലയിൽ ഞങ്ങൾ ഒരു തരത്തിൽ വിനോദം പകരുന്നവരാണ്. ഞങ്ങൾ കളിക്കുന്നത് കാണാൻ ടിക്കറ്റ് വാങ്ങുന്ന ആളുകൾക്ക് സന്തോഷം തോന്നാനും അത് ആസ്വദിക്കാനും വീട്ടിലേക്ക് മടങ്ങുമ്പോൾ കുറച്ച് നല്ല ഓർമ്മകൾ ഉണ്ടാക്കാനും ഞങ്ങൾ ശ്രമിക്കുന്നു" ജോക്കോവിച്ച് ചൂണ്ടിക്കാണിച്ചു.

കഴിഞ്ഞ വർഷം എന്താണ് സംഭവിച്ചതെങ്കിലും മെൽബൺ നഗരം ഇപ്പോഴും "എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നു." ഓസ്‌ട്രേലിയൻ ഓപ്പണിനായി താൻ കാത്തിരിക്കുകയാണെന്നും ജോക്കോവിച്ച് ഊന്നിപ്പറഞ്ഞു.

"എന്റെ കരിയറിൽ ഉടനീളം മെൽബണിലും ഓസ്‌ട്രേലിയയിലും ഞാൻ ജീവിച്ചതിന് കഴിഞ്ഞ വർഷത്തെ സംഭവമോ സാഹചര്യങ്ങളോ ഒരു കോട്ടം വരുത്തില്ല. അതിനാൽ ഞാൻ തികച്ചും അനുകൂലമായ ചിന്തകളോടെയാണ് തിരികെ വരുന്നത്. ഇവിടെ കളിക്കാൻ ഞാൻ ശരിക്കും ആഗ്രഹിക്കുന്നു" എന്നും ജോക്കോവിച്ച് കൂട്ടിച്ചേർത്തു.

ജോക്കോവിച്ചിന്റെ തിരിച്ചുവരവിനെ ആരാധകർ സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ടെന്നീസ് ഓസ്‌ട്രേലിയ ചീഫ് എക്സിക്യുട്ടീവ് ക്രെയ്ഗ് ടിലി പറഞ്ഞു. ജനുവരി 16നാണ് ഓസ്ട്രേലിയൻ ഓപ്പൺ തുടങ്ങുന്നത്. ഫൈനൽ 29ന് നടക്കും.

ഒൻപത് തവണ ഓസ്ട്രേലിയൻ ഓപ്പൺ നേടിയ സെർബിയൻ താരത്തിന്റെ ലക്ഷ്യം പത്താം കിരീടമാണ്. ജോക്കോവിച്ച് വിട്ടുനിന്ന കഴിഞ്ഞ ടൂർണമെൻറിൽ റഫേൽ നദാലായിരുന്നു ജേതാവ്. മെദ്‌വെദേവിനെ തോൽപ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.