സാവോപോളോ: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ (82) അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരു മാസമായി സാവോപോളോയിലെ ആശുപത്രിയിലായിരുന്നു. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു. അദ്ദേഹത്തിന്റെ മകളാണ് മരണം സ്ഥിരീകരിച്ചത്.
ലോകം കണ്ട ഏറ്റവും മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളാണ് പെലെ. ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ പെലെ മൂന്ന് ലോകകപ്പ് വിജയങ്ങളില്‍ (1958, 1962, 1970) നിര്‍ണായക സംഭാവന നല്‍കി. നാലു ലോകകപ്പുകളില്‍നിന്നായി 12 ഗോളുകള്‍ നേടി. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീലിനായി പെലെ നേടിയത്.
പതിനഞ്ചാം വയസില്‍ പ്രശസ്ത ഫുട്‌ബോള്‍ ക്ലബ്ബായ സാന്റോസിലൂടെ കായിക ജീവിതത്തിനു തുടക്കമിട്ട പെലെ 16-ാം വയസില്‍ ബ്രസീല്‍ ദേശീയ ടീമില്‍ എത്തി. മൂന്നു ലോകകപ്പുകള്‍ നേടിയ ഒരേയൊരു താരമായ പെലെക്ക് ഫിഫ നൂറ്റാണ്ടിന്റെ താരമെന്ന ബഹുമതി നല്‍കി ആദരിച്ചിരുന്നു. ഗോളുകളുടെ എണ്ണത്തില്‍ ഗിന്നസ് റെക്കോര്‍ഡും പെലെയ്ക്ക് സ്വന്തമാണ്
ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികളെ ഗോള്‍ വേട്ടയിലൂടെ ത്രസിപ്പിച്ച താരമാണ് പെലെ. 1957 ജൂലൈ ഏഴിന് ആദ്യമായി ബ്രസീല്‍ ജഴ്‌സി അണിയുമ്പോള്‍ പെലെയ്ക്ക് പ്രായം വെറും പതിനാറു വയസു മാത്രം. ആദ്യം മത്സരിച്ചത് അര്‍ജന്റീനയ്‌ക്കെതിരെയും. അന്ന് അര്‍ജന്റീനയോട് ബ്രസീല്‍ 1-2ന് തോറ്റെങ്കിലും ബ്രസീലിന്റെ ഏകഗോള്‍ നേടി പെലെ തന്റെ അരങ്ങേറ്റം മികച്ചതാക്കി. പതിനേഴാം വയസില്‍ സ്വീഡനെതിരായ ലോകകപ്പ് ഫൈനലിലൂടെ അദ്ദേഹം ഫുട്‌ബോള്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റുകയായിരുന്നു.
ആകെ നാലു ലോകകപ്പുകളില്‍ (1958, 62, 66, 70) പങ്കെടുക്കുകയും പതിനാലു മത്സരങ്ങള്‍ കളിക്കുകയും ചെയ്ത പെലെ ഇന്നും ലോകകപ്പിലെ വിസ്മയമാണ്.
1940 ഒക്ടോബര്‍ 23-ന് ബ്രസീലിലെ മിനാസ് ജെറെയ്സിലെ ട്രെസ് കൊറാക്കോസിലാണ് പെലെയുടെ ജനനം. എഡ്സണ്‍ അരാന്റെസ് ദോ നാസിമെന്റോ എന്നാണ് യഥാര്‍ഥ പേര്. ചെറുപ്രായത്തില്‍ ഫുട്ബോളില്‍ അസാമാന്യപാടവം പുറത്തെടുത്ത പെലെ 15 വയസില്‍ തന്നെ ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു.
പെലെ മൂന്ന് തവണ വിവാഹിതനായി. ആകെ ഏഴ് മക്കളുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.