പെര്‍ത്ത്: പുതുവര്‍ഷത്തില്‍ ഓസ്‌ട്രേലിയയില്‍നിന്നും ന്യൂസിലന്‍ഡില്‍നിന്നും നാട്ടിലേക്കു യാത്ര ചെയ്യാനിരുന്ന യാത്രക്കാര്‍ക്ക് അപ്രതീക്ഷിത പ്രഹരവുമായി വിമാനക്കമ്പനികള്‍. ട്രാന്‍സിറ്റ് വിമാനങ്ങളിലെ യാത്രക്കാര്‍ക്കും കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം നിര്‍ബന്ധമാക്കിയതാണ് പ്രതിസന്ധിക്കു കാരണം.
കോവിഡ് തീവ്ര രാജ്യങ്ങളുടെ പട്ടികയില്‍ സിംഗപ്പൂരിനെ ഇന്ത്യന്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയതാണ് യാത്രക്കാര്‍ക്ക് തിരിച്ചടിയായത്. ഓസ്‌ട്രേലിയയില്‍നിന്നും ന്യൂസിലന്‍ഡില്‍നിന്നും ഇന്ത്യയിലേക്കു യാത്ര ചെയ്യുന്നവര്‍ കൂടുതലും സിംഗപ്പൂര്‍ വഴിയാണ് സഞ്ചരിക്കുന്നത്. സിംഗപ്പൂരില്‍ ട്രാന്‍സിറ്റ് ചെയ്യുന്ന യാത്രക്കാര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ വേണ്ട എന്നതായിരുന്നു ആദ്യത്തെ നിര്‍ദേശം. പിന്നീടിത് തിരുത്തി നിര്‍ദേശം പുറപ്പെടുവിച്ചു.
ഇതോടെ പുതുവര്‍ഷ അവധിക്കായി സിംഗപ്പൂര്‍ വഴി ഇന്ത്യയിലേക്ക് യാത്ര ചെയ്യാനിരുന്നവര്‍ പ്രതിസന്ധിയിലായി. സ്‌കൂട്ട് എയര്‍ലൈന്‍സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എന്നീ വിമാനക്കമ്പനികളാണ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. വിമാനക്കമ്പനികളുടെ അപ്രതീക്ഷിയ നീക്കം മൂലം നിരവധി പേരുടെ യാത്ര മുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറുകള്‍ക്കുള്ളില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തേണ്ടതുണ്ട്.
വിമാന യാത്രയ്ക്കുള്ള കോവിഡ് പരിശോധനയ്ക്കായി പെര്‍ത്തിലെ ക്ലിനിക്കില്‍ രാവിലെ എട്ടു മണി മുതല്‍ ക്യു നില്‍ക്കുന്നവര്‍
ഓസ്‌ട്രേലിയയില്‍ പുതുവര്‍ഷം പ്രമാണിച്ച് തിങ്കളാഴ്ച്ച പൊതു അവധി ആയതിനാല്‍ കോവിഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങളൊന്നും തുറന്നിട്ടില്ലാത്തതാണ് യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നത്. അടുത്ത ദിവസങ്ങളില്‍ യാത്ര ചെയ്യാനുള്ള കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ തേടി അലയുകയാണ്. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ തുറന്ന വെസ്റ്റേണ്‍ ഡയഗ്‌നോസ്റ്റിക് സെന്ററിനു മുന്നില്‍ കോവിഡ് പരിശോധന നടത്താനുള്ള യാത്രക്കാരുടെ നീണ്ട ക്യുവാണ്.
അവധിക്കു തുറന്ന ക്ലിനിക്കുകള്‍ പരിശോധനയ്ക്കായി ഒരാളില്‍നിന്ന് 200 ഓസ്‌ട്രേലിയന്‍ ഡോളറാണ് ഈടാക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ സ്‌കൂട്ട്, സിംഗപ്പൂര്‍ എയര്‍ലൈനുകള്‍ ഏതാനും യാത്രക്കാരെ തിരിച്ചയച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്നുള്ള മലയാളി കുടുംബത്തെ സിംഗപ്പൂര്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞു വച്ചതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.
സിംഗപ്പൂരിലെത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കാണ് (മറ്റൊരു രാജ്യത്തുനിന്നും ഇവിടെയെത്തി എമിഗ്രേഷന്‍ കടക്കാതെ കണക്ഷന്‍ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യുന്നവര്‍) ഈ ദുരിതം അനുഭവിക്കേണ്ടി വന്നത്.
ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ആവശ്യമില്ലെന്ന് കഴിഞ്ഞദിവസം ഡല്‍ഹി എയര്‍പോര്‍ട്ട് ട്വീറ്റ് ചെയ്തിരുന്നു. പല മാധ്യമങ്ങളും ഈ വാര്‍ത്ത നല്‍കിയിരുന്നു. പലരും ഈ വാര്‍ത്ത് വായിച്ച് ആശ്വസിച്ചിരിക്കേയാണ് സ്‌കൂട്ട്, സിംഗപ്പൂര്‍ എയര്‍ലൈനുകള്‍ യാത്രക്കാരെ പ്രതിസന്ധിയിലാക്കിയത്.
ഇന്ത്യയിലേക്കു യാത്ര ചെയ്യാനെത്തിയ നിരവധി പേരെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരില്‍ സ്‌കൂട്ട് എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചില്ല. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വ്യക്തമായ ഒരു നിര്‍ദ്ദേശം ഉണ്ടാവേണ്ടത് അനിവാര്യമാണെന്നു യാത്രക്കാര്‍ ആവശ്യപ്പെടുന്നു. യാത്രക്കാര്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കുന്നതും ഉചിതമായിരിക്കും.
സിംഗപ്പൂര്‍വഴി കടന്നുപോകുന്ന യാത്രക്കാര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കിയ എയര്‍ലൈനുകളുടെ നടപടി അപലപനീയമാണ്.
ജനുവരി ഒന്നു മുതലാണ് ചൈന, ഹോങ്കോങ്, തായ്ലന്‍ഡ്, ജപ്പാന്‍, സിംഗപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയത്. യാത്ര പ്രതിസന്ധയിലായ നിരവധി യാത്രക്കാരാണ് സ്‌കൂട്ട് എയര്‍ലൈന്‍സിന്റെ പേജില്‍ കയറി പ്രതിഷേധം അറിയിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26