വത്തിക്കാൻ സിറ്റി: ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ഭൗതീക ശരീരം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് മാറ്റിയതോടെ പാപ്പയെ അവസാനമായി ഒരു നോക്കു കാണാന്‍ വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം. ഇന്നലെ രാവിലെ 7:15 ന് പോപ്പ് എമിരിറ്റസ് തന്റെ അവസാനകാലം ചെലവിട്ട മാത്തര്‍ എക്ലേസിയ ആശ്രമത്തില്‍ നിന്ന് ഭൗതിക ശരീരം ബസിലിക്കയിലേക്ക് കൊണ്ടുവന്നതോടെ പതിനായിരങ്ങളാണ് ഇവിടേയ്ക്ക് എത്തിയത്.
ഇന്നലെ മാത്രം 60,000 ത്തിലധികം ആളുകൾ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ എത്തിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. 95 കാരനായിരുന്ന മുൻ മാർപ്പാപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ 25,000 മുതൽ 30,000 വരെ ആളുകളെങ്കിലും എത്തുമെന്നായിരുന്നു ഇറ്റാലിയൻ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതീക്ഷിച്ചിരുന്നത്.
പൊതുദര്‍ശനം വരും ദിവസങ്ങളില്‍ ഉണ്ടെങ്കിലും ആദ്യ ദിനത്തില്‍ തന്നെ പതിനായിരങ്ങളാണ് എത്തിയത്. പ്രാദേശിക സമയം വൈകിട്ട് ഏഴ് മണിയോടെ പൊതുദർശനം അവസാനിപ്പിച്ചിരുന്നു. തുടർന്ന് ഇന്നും നാളെയും രാവിലെ 7 മണി മുതല്‍ പൊതുദര്‍ശനം ആരംഭിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെ സഭയുടെ ആദ്യ മാർപ്പാപ്പയായ വിശുദ്ധ പത്രോസിന്റെ ശവകുടീരത്തിന് മുകളിലുള്ള സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പ്രധാന അൾത്താരയ്ക്ക് മുന്നിൽ പ്രത്യേകം തയാറാക്കിയ പീഠത്തില്‍ മൃതശരീരം വെച്ചതോടെയാണ് പ്രാര്‍ത്ഥനകള്‍ക്ക് ആരംഭമായത്.
ചുവപ്പും സ്വർണ്ണ നിറവും ഇഴുകി ചേര്‍ന്ന വസ്ത്രമായിരിന്നു പാപ്പയെ ധരിപ്പിച്ചിരിന്നത്. കൂപ്പിയ കരങ്ങളില്‍ ജപമാല ഉണ്ടായിരുന്നു. മാർപ്പാപ്പമാരെ സാധാരണ അടക്കം ചെയ്യുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ നിലവറയിലാണ് പാപ്പയുടെ മൃതശരീരവും കബറടക്കുന്നത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ അടിയിലാണ് കല്ലറ സ്ഥിതി ചെയ്യുന്നത്. തിരുസഭയുടെ ആദ്യ മാര്‍പ്പാപ്പയായ വിശുദ്ധ പത്രോസിന്റെ തിരുശേഷിപ്പുകള്‍ക്ക് തൊട്ടടുത്തായാണ് ഈ കല്ലറ.
വ്യാഴാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്കു രണ്ടിന് ആരംഭിക്കുന്ന അന്ത്യകർമ ശുശ്രൂഷകൾക്കു ഫ്രാൻസിസ് മാർപ്പാപ്പ കാർമികത്വം വഹിക്കും. മൃതസംസ്കാരത്തോട് അനുബന്ധിച്ച് നടക്കുന്ന കുര്‍ബാന വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലാണ് നടക്കുക. മൃതസംസ്കാര ചടങ്ങിന്റെ സമയത്ത് വ്യോമപാത അടച്ചിടുമെന്നും കുറഞ്ഞത് 1,000 പോലീസ് ഉദ്യോഗസ്ഥരെയെങ്കിലും വിന്യസിക്കുമെന്നും സുരക്ഷാ ഉദ്യോഗസ്ഥൻ ബ്രൂണോ ഫ്രാറ്റാസി വ്യക്തമാക്കിയിട്ടുണ്ട്.
ദേശീയ സിവിൽ പ്രൊട്ടക്ഷൻ ഏജൻസിയുടെ വോളണ്ടിയർമാരും ഈ സമയങ്ങളില്‍ സേവന സന്നദ്ധരാകും. മൃതസംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങള്‍ എത്തിചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ആഗ്രഹപ്രകാരം സംസ്കാരച്ചടങ്ങുകൾ ലളിതമായിരിക്കുമെന്നു വത്തിക്കാൻ വക്താവ് മാറ്റിയോ ബൂണി നേരത്തെ അറിയിച്ചിരുന്നു.
അതിനിടെ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയോടുള്ള ആദരവായി മധ്യ അമേരിക്കന്‍ രാജ്യമായ കോസ്റ്ററിക്ക ഭരണകൂടം നാല് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു. ഏറ്റവും ഉന്നതമായ വിശ്വാസപദവിയിൽ ഇരുന്ന ആളിനോട് പ്രകടിപ്പിക്കേണ്ട ആദരവായാണ് നാല് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചതെന്ന് സർക്കാർ വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി ഡിസംബർ 31 മുതൽ രാജ്യത്തിന്റെ പതാക താഴ്ത്തി കെട്ടിയിരിക്കുകയാണ്. കോസ്റ്ററിക്കൻ ഭരണഘടനയുടെ ആർട്ടിക്കിൾ 75 അനുസരിച്ച് കത്തോലിക്കാ സഭയാണ് രാജ്യത്തെ ഔദ്യോഗിക വിശ്വാസ സമൂഹം. രാജ്യത്തിന്റെ പ്രസിഡന്റായ റോദ്രിഗോ ഷാവേസും, രാജ്യത്തെ മെത്രാൻ സമിതിയും ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ബെനഡിക് മാർപ്പാപ്പയെ സുവിശേഷത്തിലെ സത്യത്തിന്റെയും, വിശ്വാസത്തിന്റെയും സംരക്ഷകനെന്നാണ് മെത്രാൻ സമിതി വിശേഷിപ്പിച്ചത്. കർത്താവ് തന്റെ സാന്നിധ്യത്തിലേക്ക് പാപ്പയെ വിളിക്കുമ്പോൾ അദ്ദേഹം സ്നേഹത്തെ കണ്ടുമുട്ടിയെന്നാണ് തങ്ങൾ ഉറച്ചു വിശ്വസിക്കുന്നതെന്ന് മെത്രാന്മാർ പറഞ്ഞു.
ജീവന്റെ ദൈവത്തിലും, അവിടുത്തെ ഉയർപ്പിലും ഉള്ള പ്രത്യാശ അവർ പങ്കുവെച്ചു. പാപ്പയുടെ ആത്മശാന്തിയ്ക്കു വേണ്ടി പ്രാർത്ഥിച്ചുകൊണ്ടാണ് സമിതി തങ്ങളുടെ പ്രസ്താവന അവസാനിപ്പിക്കുന്നത്. 2021ൽ കോസ്റ്റാറിക്ക സർവകലാശാല നടത്തിയ പഠന പ്രകാരം കോസ്റ്ററിക്ക ജനസംഖ്യയുടെ 47 ശതമാനം കത്തോലിക്ക വിശ്വാസികളാണ്.
കൂടുതൽ വത്തിക്കാൻ ന്യൂസുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.