സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരി തെളിഞ്ഞു; കൗമാര കലകളുടെ വിസ്മയച്ചെപ്പ് തുറന്നു

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരി തെളിഞ്ഞു; കൗമാര കലകളുടെ വിസ്മയച്ചെപ്പ് തുറന്നു

കോഴിക്കോട്: കൗമാര കലകളുടെ വിസ്മയച്ചെപ്പ് തുറന്നു. ഇനിയുള്ള അഞ്ച് രാപ്പകലുകള്‍ സാമൂതിരിയുടെ നാട് ലാസ്യ താള സംഗീത നൃത്ത സാന്ദ്രമാകും... ചെണ്ടയുടെയും ചേങ്ങിലയുടെയും താളത്തിനൊത്ത് കാല്‍ച്ചിലമ്പുകള്‍ കൊഞ്ചിയാടും... കഥയും കവിതയുമായി വേദികളെല്ലാം മുഖരിതമാകും.

പ്രധാന വേദിയായ വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ രാവിലെ 8.30 ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു പതാക ഉയര്‍ത്തി. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

കലോത്സവത്തില്‍ മത്സരിച്ചു വിജയിക്കുന്നതല്ല, പങ്കെടുക്കുന്നതാണ് പ്രധാനമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. എല്ലാവര്‍ക്കും വിജയിക്കാനാകില്ല. എന്നാല്‍ ഈ മഹാമേളയില്‍ പങ്കെടുക്കാന്‍ കഴിയുന്നതു തന്നെ തങ്ങള്‍ക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണെന്ന സംസ്‌കാരം കുട്ടികള്‍ വളര്‍ത്തിയെടുക്കണം. മാതാപിതാക്കളും മത്സരബുദ്ധി വെടിയണം. എല്ലാ കുട്ടികളുടേയും സര്‍ഗവാസന കണ്ടു മനം കുളിര്‍ക്കണം.

കഴിഞ്ഞ കാലങ്ങളില്‍ രക്ഷിതാക്കള്‍ അനാവശ്യമായി മത്സര പ്രവണത കാണിക്കുന്നുവെന്ന പരാതി ഒരുപാട് ഉയര്‍ന്നുവന്നത് നാം കേട്ടതാണ്. ഏതു കുട്ടിയുടേതായാലും കുട്ടികളുടെ സര്‍ഗവാസന കണ്ട് സന്തോഷിക്കാന്‍ കഴിയണം. ആ തരത്തില്‍ ഉയര്‍ന്ന ചിന്തയോടെ രക്ഷിതാക്കള്‍ക്ക് കലോത്സവത്തെ സമീപിക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രാദേശിക കലാരൂപങ്ങളും നാടന്‍ കലാരുപങ്ങളുമെല്ലാം കലോത്സവത്തില്‍ അവതരിപ്പിക്കപ്പെടുന്നു. അന്യം നിന്നുപോകുന്ന കലാരൂപങ്ങളുടെ വീണ്ടെടുപ്പിന് സഹായിക്കുന്നത് കൂടിയാണ് കലോത്സവം. അത് ഇന്നത്തെ കാലഘട്ടത്തില്‍ ഏറെ അനിവാര്യമാണ്. ക്ലാസിക്കല്‍ കലാരൂപം മുതല്‍ കേരളത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്‌കാരത്തിന്റെ പരിച്ഛേദമാകും കലോത്സവ വേദിയില്‍ ഇനി തെളിയുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, സ്പീക്കര്‍ എഎന്‍ ഷംസീര്‍, കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. 24 വേദികളില്‍ 239 ഇനങ്ങളിലായി 14,000 കുട്ടികളാണ് കൗമാരകലാമേളയില്‍ മാറ്റുരയ്ക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.