സിനിമാ തീയറ്റര്‍ സ്വകാര്യ സ്വത്ത്, പുറത്തു നിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ വിലക്കാം; സൗജന്യ കുടിവെള്ളം നല്‍കണം: സുപ്രീം കോടതി

സിനിമാ തീയറ്റര്‍ സ്വകാര്യ സ്വത്ത്, പുറത്തു നിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ വിലക്കാം; സൗജന്യ കുടിവെള്ളം നല്‍കണം: സുപ്രീം കോടതി

ന്യൂഡല്‍ഹി: സിനിമാ തീയറ്ററുകളില്‍ പുറത്തു നിന്നുള്ള ഭക്ഷണം കൊണ്ടുവരുന്നത് തടയാന്‍ ഉടമയ്ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി. തീയറ്ററുകള്‍ ഉടമയുടെ സ്വകാര്യ സ്വത്താണെന്നും ഇവിടേക്കുള്ള പ്രവേശനത്തിന്, പൊതുതാല്‍പര്യത്തിനും സുരക്ഷയ്ക്കും വിഘാതമാവാത്ത ഏതു നിബന്ധന വയ്ക്കുന്നതിനും ഉടമയ്ക്ക് അവകാശമുണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.

തീയറ്ററുകളിലും മള്‍ട്ടിപ്ലക്സുകളിലും പുറത്തുനിന്നു ഭക്ഷ്യ വസ്തുക്കള്‍ വിലക്കിയ നടപടി റദ്ദാക്കിക്കൊണ്ടു ജമ്മുകാശ്മീര്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് എതിരായ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി. സിനിമ കാണാന്‍ എത്തുന്നവര്‍ക്കു ഭക്ഷ്യവസ്തുക്കള്‍ വാങ്ങാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കോടതി പറഞ്ഞു.

തീയറ്ററുകളില്‍ കുടിവെള്ളം നല്‍കുന്നുണ്ടെന്ന്, കോടതിയുടെ ചോദ്യത്തിന് മറുപടിയായി ഹര്‍ജിക്കാര്‍ അറിയിച്ചു. കൈക്കുഞ്ഞുങ്ങള്‍ക്കുള്ള ഫീഡിങ് ബോട്ടിലുകളും അനുവദിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.

ഏതു സംവിധാനത്തിലും സുരക്ഷ മുന്നില്‍ കണ്ടു നിയന്ത്രണങ്ങള്‍ ഉണ്ടെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. വിമാനത്താവളങ്ങളില്‍ ഇത്തരത്തില്‍ സുരക്ഷാ നിയന്ത്രണമുണ്ടെന്ന് അവര്‍ പറഞ്ഞു. തീയറ്ററുകളുടെ വാദം അംഗീകരിച്ച സുപ്രീം കോടതി ഹൈക്കോടതി നടപടി അസ്ഥിരപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.