എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാരിയ്ക്ക് മേല്‍ സഹയാത്രികന്‍ മൂത്രമൊഴിച്ച സംഭവം; യാത്രക്കാരന് യാത്രാ നിരോധനം ഏര്‍പ്പെടുത്തും

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാരിയ്ക്ക് മേല്‍ സഹയാത്രികന്‍ മൂത്രമൊഴിച്ച സംഭവം; യാത്രക്കാരന് യാത്രാ നിരോധനം ഏര്‍പ്പെടുത്തും

ന്യൂഡല്‍ഹി: മദ്യലഹരിയില്‍ എയര്‍ ഇന്ത്യ യാത്രികന്‍ സഹയാത്രക്കാരിയ്ക്ക് മേല്‍ മൂത്രമൊഴിച്ചതായി പരാതി. കഴിഞ്ഞ നവംബര്‍ 26ന് ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ എ ഐ-102 വിമാനത്തിലെ ബിസിനസ് ക്‌ളാസിലായിരുന്നു സംഭവം.

അതിക്രമം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് പരാതിക്കാരി പറയുന്നു. വിമാനത്തിലുണ്ടായ ദുരനുഭവം വ്യക്തമാക്കി പരാതിക്കാരി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് എഴുതിയ കത്ത് ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. പരാതി നല്‍കിയിട്ടും യാതൊരു നടപടിയും നേരിടാതെ യാത്രക്കാരന്‍ ഡല്‍ഹിയില്‍ വിമാനമിറങ്ങി മടങ്ങിയതായും യുവതി വ്യക്തമാക്കി. ഇത്തരമൊരു സംഭവം കൈകാര്യം ചെയ്യുന്നതില്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും പരാതിക്കാരി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഉച്ചഭക്ഷണത്തിന് ശേഷം വിമാനത്തിലെ ലൈറ്റുകള്‍ ഓഫ് ചെയ്ത സമയത്തായിരുന്നു പരാതിയ്ക്ക് ആസ്പദമായ സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന യാത്രികന്‍ തന്റെ സീറ്റിന് സമീപത്തേയ്ക്ക് എത്തി പാന്റിന്റെ സിപ്പ് മാറ്റിയതിന് ശേഷം മൂത്രമൊഴിക്കുകയായിരുന്നെന്ന് പരാതിക്കാരി പറയുന്നു. തുടര്‍ന്ന് അവിടെതന്നെ നില്‍ക്കുകയും സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് തുടരുകയും ചെയ്തു. മറ്റ് യാത്രക്കാര്‍ മാറിപോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് അയാള്‍ അവിടെ നിന്ന് പോയതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

യുവതിയുടെ വസ്ത്രങ്ങളും ചെരിപ്പും ബാഗുമെല്ലാം മൂത്രത്തില്‍ നനഞ്ഞിരുന്നു. സംഭവത്തിന് ശേഷം വിമാനത്തിലെ ജീവനക്കാര്‍ പുതിയ വസ്ത്രങ്ങള്‍ നല്‍കുകയും സീറ്റില്‍ ഷീറ്റ് വിരിച്ചുകൊടുക്കുകയും ചെയ്തു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എയര്‍ ഇന്ത്യ പൊലീസില്‍ പരാതി നല്‍കുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. അതിക്രമം നടത്തിയ യാത്രക്കാരന് യാത്രാ നിരോധനം ഏര്‍പ്പെടുത്താനും കമ്മിറ്റി ശുപാര്‍ശ ചെയ്തു. സംഭവം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് എയര്‍ ഇന്ത്യാ വക്താക്കള്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.