ഹോംഗ് കോംഗ്: എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ "സ്വർഗ്ഗത്തിൽ ചൈനയിലെ കത്തോലിക്കാ സഭയുടെ ശക്തനായ മദ്ധ്യസ്ഥൻ" ആയിരിക്കുമെന്ന് താൻ വിശ്വസിക്കുന്നുവെന്ന് ഹോങ്കോങ് മുൻ മെത്രാനായിരുന്ന കർദ്ദിനാൾ ജോസഫ് സെൻ.
നിരവധി തിരിച്ചടികൾക്കിടയിലും ചൈനയിലെ സഭയെ പിന്തുണയ്ക്കാൻ "അസാധാരണമായ" നടപടികൾ കൈക്കൊണ്ട "സത്യത്തിന്റെ മഹത്തായ സംരക്ഷകൻ" എന്ന് ബെനഡിക്റ്റ് പതിനാറാമൻ പാപ്പയെ കർദ്ദിനാൾ സെൻ ജനുവരി മൂന്നിന് പോസ്റ്റ് ചെയ്തിരിക്കുന്ന തന്റെ ബ്ലോഗിൽ അനുസ്മരിച്ചു.
“മറ്റ് സഭകൾക്കായി ചെയ്യാത്ത അനവധി നടപടികൾ ഞങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുള്ള ബെനഡിക്റ്റ് മാർപാപ്പയോട് ചൈനീസ് സഭയിലെ ഒരു അംഗമെന്ന നിലയിൽ ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്” കർദ്ദിനാൾ കുറിച്ചു.
ബെനഡിക്ട് പതിനാറാമൻ പാപ്പ 2007 ൽ ചൈനയ്ക്ക് വേണ്ടി എഴുതിയ കത്തിനെക്കുറിച്ചും ഹോങ്കോംഗ് കർദിനാൾ പ്രത്യേകം എടുത്തുപറഞ്ഞു. "കത്തോലിക്ക സഭാ സിദ്ധാന്തത്തിന്റെ വ്യക്തതയും സിവിൽ അധികാരവുമായി ബന്ധപ്പെട്ട എളിയ ധാരണയും തമ്മിലുള്ള സന്തുലിതാവസ്ഥയുടെ ഒരു മാസ്റ്റർപീസ്" ആയിരുന്നു ആ കത്ത് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയോടൊപ്പം കർദ്ദിനാൾ ജോസഫ് സെൻ
ചൈനയിലെ സഭയുടെ കാര്യങ്ങൾ പരിപാലിക്കുന്നതിനുള്ള ശക്തമായ ഒരു കമ്മീഷൻ സ്ഥാപിച്ചതാണ് ഈ രാജ്യത്തെ സഭയ്‌ക്കായി ബെനഡിക്റ്റ് പാപ്പ ചെയ്‌ത മറ്റൊരു അസാധാരണമായ നടപടി. എന്നാൽ "ദൗർഭാഗ്യവശാൽ ആ പ്രസ്തുത കമ്മീഷൻ പുതിയ പ്രസിഡന്റിന്റെ കീഴിൽ ഒരു മാന്യമായ വിടവാങ്ങൽ പോലും ഇല്ലാതെ നിശബ്ദമായി അപ്രത്യക്ഷമായിരിക്കുന്നു" എന്നും കർദ്ദിനാൾ കൂട്ടിച്ചേർത്തു.
ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അനുമതി
ചൈനയുടെ ദേശീയ സുരക്ഷാ നിയമപ്രകാരം കഴിഞ്ഞ വർഷം അറസ്റ്റിലായ കർദ്ദിനാൾ ജോസഫ് സെന്നിന് ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി ഈ ആഴ്ച റോമിലേക്ക് പോകാൻ പ്രാദേശിക കോടതി അനുമതി നൽകിയതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തിരുന്നു.
സെന്നിന്റെ പാസ്‌പോർട്ട് അധികാരികൾ കണ്ടുകെട്ടിയതിനെ തുടർന്ന് ജനുവരി മൂന്നിന് ഒരു മജിസ്‌ട്രേറ്റ് 90 കാരനായ കർദിനാളിന് ജനുവരി അഞ്ചിന് നടക്കുന്ന ബെനഡിക്ട് പപ്പയുടെ ശവസംസ്‌കാര ചടങ്ങുകൾക്കായി അഞ്ച് ദിവസത്തേക്ക് ഹോങ്കോങ്ങിൽ നിന്ന് പുറത്ത് പോകാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്.
2006 ൽ ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പയാണ് ഫാദർ ജോസഫ് സെന്നിനെ ഹോങ്കോങ്ങിലെ കർദ്ദിനാൾ ആയി ഉയർത്തിയത്. പിന്നീട് 2008 ൽ തൽസ്ഥാനത്ത് നിന്ന് വിരമിക്കുന്നതിന് ഒരു വർഷം മുമ്പ് കൊളോസിയത്തിലെ മാർപ്പാപ്പയുടെ കുരിശിന്റെ വഴിക്ക് വേണ്ടിയുള്ള ധ്യാനങ്ങൾ എഴുതാൻ കർദ്ദിനാളിനെ തിരഞ്ഞെടുത്തു.
കർദ്ദിനാൾ സെൻ വിരമിക്കുമ്പോൾ ബെയ്ജിംഗുമായുള്ള വത്തിക്കാന്റെ താൽക്കാലിക കരാറിന്റെ നിശിത വിമർശകനായിരുന്നു. മാർപ്പാപ്പ എന്ന പദവി ഒഴിഞ്ഞതിന് ശേഷം ബെനഡിക്ട് പതിനാറാമൻ പാപ്പ ചൈനയിലെ സഭയുടെ കാര്യത്തിൽ മൗനം പാലിക്കണമായിരുന്നുവെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
"എനിക്ക് ഇത് തികച്ചും വിപരീതമായിട്ടാണ് തോന്നുന്നത്, സഭയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പ എല്ലാ ബിഷപ്പുകളെയും കർദ്ദിനാൾമാരെയും പോലെ അവർക്ക് ശ്വാസം ഉള്ളിടത്തോളം കാലം, ശരിയായ മനസ്സുള്ളിടത്തോളം കാലം സഭയുടെ നല്ല പാരമ്പര്യം സംരക്ഷിക്കാൻ അപ്പസ്തോലന്മാരുടെ പിൻഗാമിയെന്ന നിലയിൽ തന്റെ കടമ നിറവേറ്റണം" എന്ന് കർദ്ദിനാൾ സെൻ വിശദീകരിച്ചു.
“ചില നിർണായക നിമിഷങ്ങളിൽ ഫ്രാൻസിസ് മാർപാപ്പ പോലും തന്റെ മുൻഗാമിയുടെ നിശബ്ദതയെന്ന മാർഗം സ്വീകരിച്ചു. റോമൻ സഭയുടെ വൈദിക ബ്രഹ്മചര്യത്തെ ‘വിരി പ്രൊബതി’ ആക്കാനുള്ള നിർദ്ദേശത്തെച്ചൊല്ലിയുള്ള വിവാദത്തിൽ അദ്ദേഹം പ്രതിരോധിച്ചതുപോലെ” എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
വിരി പ്രൊബതി എന്നത് ഒരു ലാറ്റിൻ പദമാണ്. ഇത് കത്തോലിക്കാ സഭയുടെ കാനോൻ നിയമത്തിൽ, ഡീക്കനോ വൈദികനോ ബിഷപ്പോ ആയി നിയമിക്കപ്പെട്ട സമയത്ത് വിവാഹിതരായ പുരുഷന്മാരെ സൂചിപ്പിക്കുന്നു.
പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയും ചിലപ്പോൾ യോജിക്കാൻ കഴിയാതിരുന്ന ചെയ്യുന്ന" ഒരു മാർപ്പാപ്പയായാണ് താൻ ബെനഡിക്ട് പതിനാറാമനെ കാണുന്നതെന്നും കർദ്ദിനാൾ അടിവരയിട്ടു. എന്നാൽ "പരാജയപ്പെടും എന്ന് തോന്നുന്ന ഇത്തരം സന്ദർഭങ്ങളിൽ തിരിച്ചടികൾക്കിടയിലും അദ്ദേഹത്തിന്റെ മഹത്തായ ധൈര്യവും മഹാമനസ്കതയും എനിക്ക് അഭിനന്ദിക്കാൻ കഴിയുന്നു" എന്നും അദ്ദേഹം വിശദീകരിച്ചു.
"അദ്ദേഹത്തിന്റെ വലിയ പരിശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും ചൈനയിലെ സഭയുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിൽ ബെനഡിക്ട് മാർപാപ്പ പരാജയപ്പെട്ടു. കാരണം അദ്ദേഹത്തിന് ഒരു വിട്ടുവീഴ്ചയും അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല" എന്നും കർദ്ദിനാൾ വ്യക്തമാക്കി.
"ചൈനയിലെ സഭയുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും 2007 ലെ കത്തിന് അനുസൃതമായി ഭാവിയിൽ നടത്തേണ്ടതുണ്ടെന്ന് തനിക്ക് ബോധ്യമുണ്ടെന്ന്" എന്ന് ഷാങ്ഹായിൽ ജനിച്ച കർദ്ദിനാൾ സെൻ ഊന്നിപ്പറഞ്ഞു.
"മഹാനായ ആ മാർപ്പാപ്പയെ നാം ഓർക്കുമ്പോൾ സ്വർഗത്തിൽ ശക്തനായ ഒരു മദ്ധ്യസ്ഥൻ നമുക്കായി ഉണ്ടെന്ന് ഓർക്കാം. അദ്ദേഹത്തിന്റെ മധ്യസ്ഥതയോടെ, സഭയ്ക്കും നമ്മുടെ മാതൃരാജ്യത്തിനും യഥാർത്ഥ സമാധാനം കൊണ്ടുവരാൻ റോമിലെ സഭയും ചൈനയിലെ സഭയും ചൈനീസ് അധികാരികളും ദൈവകൃപയാൽ പ്രേരിതരാകണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു” കർദ്ദിനാൾ സെൻ കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.