മോസ്‌കോ: റഷ്യ ആക്രമണം അനിശ്ചിതമായി തുടരുന്ന പശ്ചാത്തലത്തില്‍ ഉക്രെയ്‌നിലേക്ക് യുദ്ധ വാഹനങ്ങള്‍ അയക്കുമെന്ന് അമേരിക്കയും ജര്‍മ്മനിയും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും തമ്മില്‍ നടത്തിയ സംഭാഷണത്തിന് ശേഷം സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഉക്രെയ്‌നിലേക്ക് ബ്രാഡ്ലി യുദ്ധ വാഹനങ്ങള്‍ അയയ്ക്കുമെന്ന് അമേരിക്കയും മാര്‍ഡര്‍ ഇന്‍ഫന്‍ട്രി ഫൈറ്റിംഗ് വാഹനങ്ങള്‍ നില്‍ക്കുമെന്ന് ജര്‍മ്മനിയും അറിയിച്ചു. യുദ്ധക്കളങ്ങളില്‍ സൈനികരെ കൊണ്ടുപോകുന്നതിനുള്ള കവചിത വാഹനമാണ് ബ്രാഡ്ലി.
യുദ്ധ വാഹനങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് ഉക്രെയ്ന്‍ സൈനികരെ പരിശീലിപ്പിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു. ജര്‍മ്മനി ഒരു പാട്രിയറ്റ് എയര്‍ ഡിഫന്‍സ് ബാറ്ററിയും നല്‍കും.
ഉക്രെയ്ന്‍ അധിനിവേശത്തില്‍നിന്ന് പിന്നോട്ട് പോകില്ലെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് കഴിഞ്ഞ ദവസം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അത്യാധുനിക സിര്‍കോണ്‍ ഹൈപ്പര്‍ സോണിക് ക്രൂസ് മിസൈലുകള്‍ ഘടിപ്പിച്ച യുദ്ധക്കപ്പലിനെ റഷ്യ അറ്റ്ലാന്റിക് സമുദ്രത്തില്‍ വിന്യസിച്ചു. ഇതോടെ സംഘര്‍ഷത്തിന് ഉടനെയൊന്നും അയവുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.
റഷ്യയുടെ പുതിയ തലമുറ ആയുധങ്ങളില്‍ ഏറ്റവും മികവുറ്റതാണ് സിര്‍കോണ്‍. ശബ്ദത്തേക്കാള്‍ ഒമ്പത് ഇരട്ടി വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കും സിര്‍കോണിന്. നിലവില്‍ 'അഡ്മിറല്‍ ഗോര്‍ഷ്‌കോവ്' എന്ന പടക്കപ്പലിലാണ് റഷ്യ സിര്‍കോണിനെ വിന്യസിച്ചിരിക്കുന്നത്. ഗോര്‍ഷ്‌കോവ് ഇന്ത്യന്‍ മഹാസമുദ്ര, മെഡിറ്ററേനിയന്‍ മേഖലകളിലൂടെയും സഞ്ചരിക്കുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷൊയ്ഗു പറഞ്ഞു.
നിലവിലെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കുമെന്ന് റഷ്യ അവകാശപ്പെടുന്ന സിര്‍കോണിന്റെ പ്രഹരപരിധി 1,000 കിലോമീറ്റര്‍ ആണ്. കരയിലെയും കടലിലെയും ലക്ഷ്യസ്ഥാനങ്ങളെ ഒരുപോലെ ആക്രമിക്കാനാകും. പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇക്കഴിഞ്ഞ ഡിസംബറിലാണ് സിര്‍കോണിനെ റഷ്യ തങ്ങളുടെ നാവികസേനയുടെ ഭാഗമാക്കിയത്.
അതേസമയം, യുദ്ധത്തില്‍ ഉക്രെയ്ന്‍ പോരാട്ടത്തിന് സഹായമേകാന്‍ ഫ്രഞ്ച് നിര്‍മിത കവചിത യുദ്ധ വാഹനങ്ങള്‍ നല്‍കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ അധിനിവേശം ആരംഭിച്ചതുമുതല്‍ റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കാന്‍ ഉക്രെയ്‌നെ സഹായിച്ചത് ഈ പാട്രിയറ്റ് എയര്‍ ഡിഫന്‍സാണ്. 'പ്രസിഡന്റ് ബൈഡനും ചാന്‍സലര്‍ ഷോള്‍സും ഉക്രെയ്‌ന് ആവശ്യമായ സാമ്പത്തികവും മാനുഷികവും സൈനികവും നയതന്ത്രപരവുമായ പിന്തുണ തുടര്‍ന്നും നല്‍കും' - ഇരു രാജ്യങ്ങളും പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.