വാക്ക് മാറ്റി പുടിന്‍: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം ഉക്രെയ്‌നെ കടന്നാക്രമിച്ച് റഷ്യ

വാക്ക് മാറ്റി പുടിന്‍: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം ഉക്രെയ്‌നെ കടന്നാക്രമിച്ച് റഷ്യ

കീവ്: സ്വയം പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ലംഘിച്ച് ഉക്രെയ്‌നെതിരെ വീണ്ടും ആക്രമണം നടത്തി റഷ്യ. 10 മാസത്തിലേറെ നീണ്ട യുദ്ധത്തിന് ശേഷം ഓര്‍ത്തഡോക്സ് സഭയുടെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി 36 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമുണ്ടായ റഷ്യന്‍ ആക്രമണങ്ങള്‍ ഉക്രെയ്‌ന്റെ കിഴക്കന്‍ ഭാഗത്തെ പിടിച്ചു കുലുക്കി.

വ്യാഴാഴ്ചയാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ വെടിനിര്‍ത്തലിന് ഉത്തരവിട്ടത്. റഷ്യയിലും ഉക്രെയ്‌നിലും താമസിക്കുന്നവര്‍ ഉള്‍പ്പെടെ നിരവധി ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികള്‍ ജനുവരി ആറ്, ഏഴ് തിയതികളില്‍ ക്രിസ്തുമസ് ആഘോഷിക്കുന്നുണ്ട്. അതിനാല്‍ റഷ്യ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ 36 മണിക്കൂര്‍ നീണ്ടു നില്‍ക്കേണ്ടതായിരുന്നു.

എന്നാല്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി റഷ്യയുടെ പ്രഖ്യാപനത്തില്‍ സംശയം രേഖപ്പെടുത്തിയിരുന്നു. പുതിയ വീര്യത്തോടെ യുദ്ധം തുടരാന്‍ വേണ്ടിയാണ് അവര്‍ യുദ്ധവിരാമം ആസൂത്രണം ചെയ്യുന്നതെന്ന് സെലന്‍സ്‌കി ആരോപിച്ചു.

ഉക്രെയ്ന്‍ അധിനിവേശത്തില്‍ നിന്ന് റഷ്യ പിന്നോട്ട് പോകില്ലെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്ന പുടിന്‍ അത്യാധുനിക സിര്‍കോണ്‍ ഹൈപ്പര്‍ സോണിക് ക്രൂസ് മിസൈലുകള്‍ ഘടിപ്പിച്ച ഒരു യുദ്ധ കപ്പല്‍ അറ്റ്‌ലാന്‍ഡിക് സമുദ്രത്തില്‍ വിന്യസിച്ചതായുള്ള വാര്‍ത്തയും വരുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.