വത്തിക്കാന്‍ സിറ്റി: ദൈവത്തിന്റെ നീതി നമ്മെ രക്ഷിക്കുന്ന കരുണയാണെന്ന് ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച്ച കര്‍ത്താവിന്റെ ജ്ഞാനസ്‌നാന തിരുനാളിനോടനുബന്ധിച്ചുള്ള ത്രികാല പ്രാര്‍ത്ഥനാ സമയത്ത് വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പ്പാപ്പ. ദൈവത്തിന്റെ നീതി എന്നത് പിഴകളും ശിക്ഷകളും അടിച്ചേല്‍പ്പിക്കുന്നതല്ലെന്നും അവിടുത്തെ അനുകമ്പയാര്‍ന്ന ഹൃദയത്തില്‍നിന്ന് വരുന്ന, തിന്മയുടെ കെണികളില്‍ നിന്ന് നമ്മെ മോചിപ്പിക്കുന്ന നീതിയാണെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു.
സിസ്‌റ്റൈന്‍ ചാപ്പലില്‍ 13 കുഞ്ഞുങ്ങള്‍ക്ക് മാമോദീസ നല്‍കിയ ശേഷമായിരുന്നു മാര്‍പാപ്പ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെത്തി മദ്ധ്യാഹ്ന പ്രാര്‍ത്ഥന നയിച്ചത്.
പാപികള്‍ക്ക് മോചനമേകി ദൈവിക നീതി നിറവേറ്റാന്‍ യേശു വന്നതെങ്ങനെയെന്ന് വിശദീകരിക്കുന്ന മാര്‍പ്പാപ്പ ദൈവത്തിന്റെ യഥാര്‍ത്ഥ നീതി നമ്മെ രക്ഷിക്കുന്ന കരുണയാണെന്ന് ഓര്‍മിപ്പിക്കുന്നു. യേശുവിന്റെ ശിഷ്യന്‍മാരായ നാം പരസ്പരം ഭാരങ്ങള്‍ പങ്കിടുകയും അനുകമ്പയുള്ളവരായിരിക്കുകയും വേണം.
യോഹന്നാനിലൂടെ സ്‌നാനമേറ്റപ്പോള്‍ യേശു ദൈവനീതി വെളിപ്പെടുത്തുന്നത് എങ്ങനെയെന്ന് പാപ്പ വിവരിച്ചു.
'യേശു യോഹന്നാനില്‍ നിന്ന് സ്നാനം സ്വീകരിക്കാന്‍ ഗലീലിയില്‍ നിന്ന് ജോര്‍ദാനില്‍ അവന്റെ അടുത്തേക്ക് വന്നു. ഞാന്‍ നിന്നില്‍ നിന്ന് സ്നാനം സ്വീകരിക്കേണ്ടിയിരിക്കെ നീ എന്റെ അടുത്തേക്ക് വരുന്നുവോ എന്ന് ചോദിച്ചു കൊണ്ട് യോഹന്നാന്‍ അവനെ തടഞ്ഞു. എന്നാല്‍ യേശു പറഞ്ഞു: ഇപ്പോള്‍ ഇത് സമ്മതിക്കുക. അങ്ങനെ സര്‍വനീതിയും പൂര്‍ത്തിയാക്കുക നമുക്ക് ഉചിതമാണ്. അവന്‍ സമ്മതിച്ചു' (മത്തായി 3:15).
യോഹന്നാന്റെ ജ്ഞാനസ്നാനം പശ്ചാത്താപത്തിലേക്കുള്ള ആഹ്വാനം ആയിരുന്നെങ്കിലും യേശു അത് സ്വീകരിക്കുന്നത് ദൈവത്തിന്റെ മഹത്വം വെളിപ്പെടുന്നതിനു വേണ്ടിയും യേശു മിശിഹായാണെന്ന് യോഹന്നാന് ബോധ്യം വരുന്നതിന് വേണ്ടിയും ആയിരുന്നു.
'നീതിയെക്കുറിച്ച് നമുക്ക് പരിമിതമായ ധാരണ മാത്രമേയുള്ളൂ. ദൈവത്തിന്റെ നീതി പലപ്പോഴും വെറും ശിക്ഷയായി തെറ്റിദ്ധരിക്കപ്പെടുന്നു. എന്നാല്‍, തിരുവെഴുത്ത് പഠിപ്പിക്കുന്നതുപോലെ, ദൈവത്തിന്റെ നീതിക്ക് വളരെ വിശാലമായ അര്‍ത്ഥമുണ്ട്. പാപികളുടെ ശിക്ഷാവിധി അതിന്റെ അവസാനമല്ല, മറിച്ച് അവരുടെ രക്ഷയും പുനര്‍ജന്മവും അവരെ നീതിമാന്മാരാക്കുന്നതിനുമാകുന്നു' - പാപ്പാ ഉദ്ബോധിപ്പിച്ചു.
'അത് ദൈവ സ്‌നേഹത്തില്‍ നിന്ന് ലഭിക്കുന്ന നീതിയാണ്. ദൈവത്തിന്റെ കരുണയും അനുകമ്പയും നിറഞ്ഞ ഹൃദയത്തില്‍നിന്ന് വരുന്ന നീതി. തിന്മയാല്‍ നാം അടിച്ചമര്‍ത്തപ്പെടുകയും പാപങ്ങളുടെയും ദുര്‍ബലതയുടെയും ഭാരത്താല്‍ വീഴുകയും ചെയ്യുമ്പോള്‍ രക്ഷിക്കുന്ന പിതാവിന്റെ നീതി. അല്ലാതെ പിഴകളും ശിക്ഷകളും അടിച്ചേല്‍പ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതല്ല. തിന്മയുടെ കെണികളില്‍ നിന്ന് ദൈവത്തിന്റെ നീതി നമ്മെ മോചിപ്പിക്കുന്നു. നമ്മെ സുഖപ്പെടുത്തുകയും ഉയര്‍ത്തെഴുന്നേല്‍പ്പിക്കുകയും ചെയ്യുന്നു.
കാലം ചെയ്ത ബെനഡിക്റ്റ് പതിനാറാമന്‍ മുന്‍പു പറഞ്ഞത് മാര്‍പ്പാപ്പ ഈ അവസരത്തില്‍ ഓര്‍മിപ്പിച്ചു. പാപത്തിന്റെ പടുകുഴിയില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ ദൈവം ആഗ്രഹിക്കുന്നു. സ്വര്‍ഗം ഗ്രഹിക്കാന്‍ കഴിയാത്ത വിധം താഴ്ന്നുപോയവരെ പോലും ഇരുട്ടില്‍ നിന്ന് എഴുന്നേല്‍പ്പിക്കാനും ദൈവത്തിന്റെ കരം മുറുകെ പിടിച്ച് വെളിച്ചത്തിലേക്കു വീണ്ടും നടക്കാനും അവിടുന്ന് നമ്മെ പ്രേരിപ്പിക്കുന്നു.
നമ്മുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും സഭയിലും നീതി നടപ്പാക്കാന്‍ നാമും വിളിക്കപ്പെട്ടിരിക്കുന്നതായി മാര്‍പ്പാപ്പ പറഞ്ഞു. അതിനര്‍ത്ഥം പരുഷതയോടെയും മുന്‍വിധിയിലൂടെയും ആളുകളെ നല്ലതും ചീത്തയുമായി വേര്‍തിരിക്കുകയല്ല, മറിച്ച് കരുണയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചും പരസ്പരം ബലഹീനതകള്‍ മനസിലാക്കിയും നമുക്ക് പരസ്പരം ഉയരാന്‍ സഹായിക്കാനാകും.
'യേശു പ്രവര്‍ത്തിച്ചതുപോലെ നമുക്കും പ്രവര്‍ത്തിക്കാം, നമുക്ക് പങ്കുവയ്ക്കാം, പരസ്പരം ഭാരം വഹിക്കാം, അനുകമ്പയോടെ നോക്കാം, പരസ്പരം സഹായിക്കാം... അതിനായി യേശുവിന് ജന്മം നല്‍കിയ നമ്മുടെ മാതാവിനോട് പ്രാര്‍ത്ഥിക്കാം. - പാപ്പ ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.