ലിമ: പെറുവിൽ മുൻ പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയെ ജയിൽ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ടുളള പ്രക്ഷോഭത്തിൽ 17 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച തെക്കന്‍ പെറുവിലെ ജൂലിയാകയിലാണ് പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ സുരക്ഷാ സേനയുടെ നടപടിയിലാണ് മരണം. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടരുന്ന പെറുവില്‍ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകളിലാണ് മരണ സംഖ്യയെ കുറിച്ച് പ്രതിപാതിക്കുന്നത്. ജുലിയാക്കയിൽ ഉണ്ടായ സംഘർഷത്തിൽ 34 ഓളം പേർക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ സേന വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ ആദ്യ വാരം ആരംഭിച്ച പ്രതിഷേധത്തില്‍ ഇതുവരെ 40 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍.
ഡിസംബറില്‍ നിയമവിരുദ്ധമായി കോൺഗ്രസ് പിരിച്ചുവിടാൻ ശ്രമിച്ചതിന് തൊട്ടുപിന്നാലെയാണ് കാസ്റ്റിനോയെ സ്ഥാനത്ത് നിന്ന് നീക്കിയതും അറസ്റ്റ് ചെയ്തതും. ഇതിന് പിന്നാലെ രാജ്യത്ത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുകയായിരുന്നു. കാസ്റ്റിലോയുടെ മോചനത്തിന് പുറമെ, പുതിയ പ്രസിഡന്റ് ദിനാ ബൊലുവാർത്തെയുടെ രാജി, കോൺഗ്രസ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തുക, ഭരണഘടനയിൽ മാറ്റം വരുത്തുക എന്നിവയാണ് പ്രതിഷേധക്കാരുടെ ആവശ്യം.
തിങ്കളാഴ്ച വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി നടത്തിയ യോഗത്തില്‍ പ്രതിഷേധക്കാരുടെ എല്ലാ ആവശ്യങ്ങളും അനുവദിക്കാന്‍ പറ്റില്ലെന്ന് ഡയാന ബോലുവാര്‍ട്ടേ നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാര്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയത്.
പുനോയുടെ തെക്കൻ മേഖലയിലെ ജൂലിയാക്ക നഗരത്തിലെ വിമാനത്താവളത്തിന് സമീപമാണ് തിങ്കളാഴ്ച പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടൽ നടന്നത്. പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കവണകൾ ഉപയോഗിച്ച് കല്ലെറിഞ്ഞതോടെ സുരക്ഷാ സേന തിരിച്ചടിക്കുകയായിരുന്നു. വെടിയൊച്ചകളും പുകയും പ്രദേശമാകെ നിറഞ്ഞുവെന്നാണ് റോയിട്ടേഴ്സ് അടക്കമുള്ള അന്തര്‍ദേശീയ വാര്‍ത്താ ഏജന്‍സികള്‍ സംഭവത്തേക്കുറിച്ച് വിവരിക്കുന്നത്.
വലിയ മെറ്റൽ പ്ലേറ്റുകൾക്കും റോഡ് സൈനുകൾക്കും പിന്നിൽ ഒളിച്ച് നിന്ന് പോലീസിന് നേരെ കല്ലെറിയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഒരാൾക്ക് സിപിആർ നൽകുന്നതും പരിക്കേറ്റ പ്രതിഷേധക്കാർ ആശുപത്രിയിൽ എത്തിയതിന്റെ ചിത്രങ്ങളും ഉൾപ്പെടെ ഒട്ടേറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
അതിനിടെ പ്രതിഷേധക്കാർ ആശുപത്രിയിലെത്തുന്നത് തടഞ്ഞ ആംബുലൻസിൽ ഒരു കുട്ടി മരിച്ചതായും റിപ്പോർട്ട് ഉണ്ട്.
അതേസമയം സുരക്ഷാ സേനയുടെ പ്രതികരണത്തെ ന്യായീകരിച്ച പെറുവിലെ പ്രധാനമന്ത്രി ആൽബെർട്ടോ ഒട്ടറോള "നിയമവാഴ്ചയെ സംരക്ഷിക്കുന്നത്തിനുള്ള നടപടികൾ ഞങ്ങൾ അവസാനിപ്പിക്കില്ല." എന്ന് വ്യക്തമാക്കി. "വിദേശ താൽപ്പര്യങ്ങൾ ഉള്ളവരും മയക്കുമരുന്ന് കടത്തിലൂടെ സമ്പാദിച്ച കള്ളപ്പണവും" ഉപയോഗിച്ച് ധനസഹായം നൽകുന്ന അക്രമാസക്തമായ ഗ്രൂപ്പുകൾ "രാജ്യത്തെ നശിപ്പിക്കാൻ" ശ്രമിക്കുന്നതായി അദ്ദേഹം അവകാശപ്പെട്ടു.
വീടുകളിൽ നിർമ്മിച്ച ആയുധങ്ങൾ ഉപയോഗിച്ചാണ് പോലീസിനെ ആക്രമിച്ചതെന്നും മരണത്തിൽ ഖേദം പ്രകടിപ്പിക്കുമ്പോൾ തന്നെ അക്രമം ഇളക്കിവിട്ടതിന് കാരണം കാസ്റ്റിലോയുടെ "അട്ടിമറി" ശ്രമമാണെന്നും ഒട്ടറോള കുറ്റപ്പെടുത്തി. തന്റെ സർക്കാർ "33 ദശലക്ഷം പെറുവിയക്കാരുടെ സമാധാനവും സമാധാനവും" സംരക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെറുവിലെ പ്രതിഷേധത്തിൽ തുടർച്ചയായി അക്രമം വർദ്ധിക്കുന്നതിൽ വളരെയധികം ആശങ്കാകുലരാണെന്ന് ഇന്റർനാഷണൽ കമ്മറ്റി ഓഫ് റെഡ് ക്രോസ് ട്വീറ്റ് ചെയ്തു. ഇത് ഡസൻ കണക്കിന് ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയതായും ട്വീറ്റിൽ വ്യക്തമാക്കുന്നു.
പരിക്കേറ്റവരിൽ 75 പോലീസുകാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി ജോർജ് ലൂയിസ് ഷാവേസ് പറഞ്ഞു. ബൊളീവിയയുമായുള്ള പെറുവിന്റെ തെക്കൻ അതിർത്തിക്കടുത്തുള്ള ജൂലിയാക്കയിൽ അഞ്ച് ദിവസമായി നടന്ന ആക്രമണത്തിനിടെ തോക്കുകളും സ്‌ഫോടക വസ്തുക്കളും വരെ ഉപയോഗിച്ചുള്ള ആക്രമണത്തിന് പോലീസ് ഇരയായതായി അദ്ദേഹം പറഞ്ഞു.
അഴിമതി ആരോപണങ്ങളില്‍ ഇംപീച്ച്മെന്റ് ഭീഷണി നേരിട്ടിരുന്ന കാസ്റ്റിലോ, സർക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള നീക്കത്തിലായിരുന്നു. അതുവരെ ഭരണത്തിൽ തുടരാമെന്നുമായിരുന്നു കാസ്റ്റിലോയുടെ കണക്കുകൂട്ടല്‍. എന്നാൽ കൂടെയുണ്ടായിരുന്ന മന്ത്രിമാർ കൈവിട്ടതോടെ കാസ്റ്റിലോയുടെ പദ്ധതികൾ തകരുകയും കോൺഗ്രസ് അദ്ദേഹത്തെ പദവിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
കലാപശ്രമം നടത്തിയെന്ന ആരോപണം നേരിടുന്ന കാസ്റ്റിലോ നിലവിൽ സുപ്രീംകോടതിയുടെ ഉത്തരവിനെ തുടർന്ന് കരുതൽ തടങ്കലിലാണ്. മെക്സിക്കൻ എംബസിയിൽ അഭയം തേടാൻ ശ്രമിച്ച കാസ്റ്റിലോ നാടുവിടാനുള്ള സാധ്യത കണക്കിലെടുത്താണ് കോടതി 18 മാസത്തേക്ക് അദ്ദേഹത്തെ കരുതൽ തടങ്കലിലാക്കാൻ നിർദേശിച്ചത്. കലാപക്കുറ്റമാണ് കാസ്റ്റിലോയുടെ മേല്‍ ആരോപിച്ചിട്ടുള്ളത്. ഇത് കാസ്റ്റിലോ നിഷേധിച്ചിട്ടുണ്ട്.
ഗ്രാമങ്ങളിലും ദരിദ്ര ജനവിഭാഗങ്ങൾക്കിടയിലും വലിയ സ്വാധീനമുള്ള നേതാവാണ് കാസ്റ്റിലോ. ദരിദ്ര- ഗ്രാമീണ ചുറ്റുപാടിൽ നിന്ന് രാജ്യത്തിൻറെ പ്രസിഡന്റ് പദവിയിലേക്ക് എത്തുന്ന ആദ്യ വ്യക്തിയെന്ന പ്രത്യേകതയും കാസ്റ്റിലോയ്ക്കുണ്ട്. അതുകൊണ്ട് തന്നെ കാസ്റ്റിലോയുടെ പുറത്താക്കൽ ഗ്രാമീണ ജനതയെ സംബന്ധിച്ചിടത്തോളം വൈകാരികമായ പ്രശ്നം കൂടിയാണ്.
റോഡുകളും മാറ്റ് ഗതാഗത മാർഗങ്ങളും തടസപ്പെടുത്തിയുള്ള പ്രതിഷേധം രാജ്യത്തെ അവശ്യ വസ്തുക്കളുടെ വില ഉയരാൻ കരണമായിരിക്കുകയാണ്. അരി, പാചക എണ്ണ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങളുടെ വിലക്കയറ്റം ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.