കൊല്ലം: കേരളത്തിലേക്ക് കടത്താന്‍ കൊണ്ടുവന്ന മായം കലര്‍ത്തിയ പാല്‍ അതിര്‍ത്തിയില്‍ പിടികൂടി. കൊല്ലം ആര്യങ്കാവിലാണ് ടാങ്കറില്‍ കൊണ്ടുവന്ന ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ 15300 ലിറ്റര്‍ പാല്‍ പിടിച്ചെടുത്തത്.
ഇന്ന് രാവിലെ ക്ഷീര വികസന വകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ടാങ്കറില്‍ കൊണ്ടുവരികയായിരുന്ന മായം കലര്‍ന്ന പാല്‍ കണ്ടെത്തിയത്.
വാഹനം ആരോഗ്യ വകുപ്പിന് കൈമാറും. ക്ഷീരവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന. മധുരയില്‍ നിന്നും പത്തനംതിട്ട ജില്ലയിലെ സംസ്‌കരണ യൂണിറ്റിലേക്ക് ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന 15300 ലിറ്റര്‍ പാലിലാണ് ഹൈഡ്രജന്‍ പെറോക്‌സൈഡ് കണ്ടെത്തിയത്.
ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥന്‍ ഡോക്ടര്‍ അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിവന്ന പരിശോധനയിലാണ് പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉണ്ടെന്ന് കണ്ടെത്തിയത്.
സാമ്പിള്‍ ശേഖരിച്ച് തിരുവനന്തപുരം ലാബില്‍ വിദഗ്ധ പരിശോധനയ്ക്കായി അയക്കും. ഫലം വരുന്നത് പോസിറ്റീവ് ആണെങ്കില്‍ പാല്‍ നശിപ്പിക്കും. പാല്‍ വിതരണക്കാര്‍ക്കും യൂണിറ്റിനും എതിരെ നടപടി സ്വീകരിക്കും.
തമിഴ്‌നാട്ടില്‍ നിന്നും മായം കലര്‍ത്തിയ പാല്‍ വ്യാപകമായി കേരളത്തിലേക്ക് എത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ ആര്യങ്കാവില്‍ പരിശോധന ശക്തമാക്കിയത്. പാല്‍ കൂടുതല്‍ ദിവസം കേട് കൂടാതെ സൂക്ഷിക്കാന്‍ വേണ്ടിയാണ് ഹൈഡ്രജന്‍ പെറോക്‌സൈഡ് ചേര്‍ക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.