ചന്ദ്രബോസ് വധം; നിഷാമിന് വധശിക്ഷ ആവശ്യപ്പെട്ട് സംസ്ഥാനം; സുപ്രീം കോടതി നോട്ടീസ് അയച്ചു

ചന്ദ്രബോസ് വധം; നിഷാമിന് വധശിക്ഷ ആവശ്യപ്പെട്ട് സംസ്ഥാനം; സുപ്രീം കോടതി നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ചന്ദ്രബോസ് വധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് സര്‍ക്കാര്‍ വാദിക്കുന്നു.

നിഷാമിനെ ജയിലില്‍ തന്നെ ഇടാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്ന് സുപ്രിം കോടതി ഹര്‍ജി പരിഗണിക്കുന്നതിനിടെ പറഞ്ഞു. നിഷാമിന്റെ ജീവപര്യന്തം തടവുശിക്ഷ വധശിക്ഷയായി ഉയര്‍ത്തണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

ചന്ദ്രബോസിനെതിരെ നടന്നത് ഭ്രാന്തമായ ആക്രമണമെന്നാണ് നേരത്തെ ഹൈക്കോടതി പറഞ്ഞത്. പക്ഷെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചില്ല. ജീവപര്യന്തം തടവിനു പുറമെ വിവിധ വകുപ്പുകളിലായി 24 വര്‍ഷം തടവും 80.30 ലക്ഷം രൂപ പിഴയുമാണ് നിഷാമിന് തൃശൂര്‍ സെഷന്‍സ് കോടതി മുഹമ്മദ് വിധിച്ചത്.

ഹൈക്കോടതി ഈ ശിക്ഷ ശരിവെച്ചു. പിഴയില്‍ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കാനും വിധിയില്‍ നിര്‍ദേശമുണ്ട്. ഇതിന് പിന്നാലെയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചത്.

സംസ്ഥാനത്തിനായി സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ സമര്‍പ്പിച്ച അപ്പീലില്‍ സമൂഹത്തിന് വിപത്തും ഭീഷണിയുമാണ് നിഷാമെന്നും പറയുന്നുണ്ട്. നേരത്തെ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിഷാം സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ കനത്ത വിമര്‍ശനത്തോടെയാണ് സുപ്രീം കോടതി തള്ളിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.