ന്യൂഡല്‍ഹി: ഭിന്നതയുണ്ടാക്കുന്ന ചാനല്‍ അവതാരകരെ പിന്‍വലിക്കണമെന്ന് സുപ്രീം കോടതി. വിദ്വേഷ പരാമര്‍ശങ്ങളോടെ സുദര്‍ശന്‍ ടിവി നടത്തിയ ടെലിവിഷന്‍ പരിപാടിക്കെതിരെയുള്ള കേസിലാണ് സുപ്രീം കോടതി ചാനല്‍ അവതാരകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
ടെലിവിഷന്‍ ചാനലുകള്‍ രാജ്യത്ത് ഭിന്നിപ്പുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. ഇത്തരം ചാനലുകള്‍ ചില അജണ്ടകള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. റേറ്റിങ് മത്സരമാണ് ചാനലുകള്‍ നടത്തുന്നത്. ടിആര്‍പി റേറ്റിങ്ങിന് വേണ്ടി ഒരു മടിയുമില്ലാതെ എന്തും വിളിച്ചുപറയാമെന്ന തോന്നലാണ് ചില വാര്‍ത്താ അവതാരകര്‍ക്ക്. ഇത്തരം നടപടി വെച്ചുപൊറുപ്പിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്ന ചാനല്‍ അവതാരകരെ പിന്‍വലിക്കണം. ഇതിനായി എന്തെങ്കിലും നടപടി ഇതുവരെ സ്വീകരിച്ചിട്ടുണ്ടോ എന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയോട് ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബിവി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
യുപിഎസ് സി ജിഹാദ്, കൊറോണ ജിഹാദ് എന്നീ വിദ്വേഷ പരാമര്‍ശങ്ങളോടെ സുദര്‍ശന്‍ ടിവി നടത്തിയ ടെലിവിഷന്‍ പരിപാടിക്കെതിരെയുള്ള കേസാണ് സുപ്രീം കോടതി പരിഗണിച്ചത്.
അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവുമാണ് പ്രധാനം. ഈ സ്വാതന്ത്ര്യങ്ങളുടെ പ്രശ്‌നം പ്രേക്ഷകരെ സംബന്ധിച്ചുള്ളതാണ്. പ്രേക്ഷകര്‍ക്ക് ചാനലുകളുടെ അജണ്ട തിരിച്ചറിയാനോ തുറന്ന് കാട്ടാനോ കഴിയുമോ? ചാനലുകള്‍ പ്രവര്‍ത്തിക്കുന്നത് പണത്തിന്റെ അടിസ്ഥാനത്തിലാണ്. ആരാണ് പണം നിക്ഷേപിക്കുന്നത് അവരുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ചിലര്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്.
വിദ്വേഷ പ്രസംഗം പ്രോത്സാഹിപ്പിക്കുന്നതോ അതില്‍ ഏര്‍പ്പെടുന്നതോ ആയ വാര്‍ത്താ അവതാരകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും കോടതി നിര്‍ദ്ദേശിച്ചു. വിദ്വേഷ പ്രസംഗം തടയാന്‍ ക്രിമിനല്‍ നടപടി നിയമത്തില്‍ സമഗ്രമായ ഭേദഗതി കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജ് അറിയിച്ചു.
കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ വിദ്വേഷ പ്രചരണങ്ങള്‍ തടയാനുള്ള നിയമനിര്‍മാണത്തിനുള്ള കരട് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നും സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.