ഫുകുഷിമ ആണവോര്‍ജ പ്ലാന്റില്‍ നിന്ന് ടണ്‍കണക്കിന് മലിന ജലം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കാനൊരുങ്ങി ജപ്പാന്‍; ആശങ്കയില്‍ സമീപ രാജ്യങ്ങള്‍

ഫുകുഷിമ ആണവോര്‍ജ പ്ലാന്റില്‍ നിന്ന് ടണ്‍കണക്കിന് മലിന ജലം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കാനൊരുങ്ങി ജപ്പാന്‍; ആശങ്കയില്‍ സമീപ രാജ്യങ്ങള്‍

ടോക്കിയോ: സുനാമിയെതുടര്‍ന്ന് തകര്‍ന്ന ഫുകുഷിമ ആണവോര്‍ജ പ്ലാന്റില്‍ നിന്ന് 10 ലക്ഷം ടണ്‍ മലിന ജലം ഈ വര്‍ഷം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കാനൊരുങ്ങി ജപ്പാന്‍. ശുദ്ധീകരണ പ്രക്രിയകളിലൂടെ കടന്നുപോകുന്ന ജലത്തില്‍ റേഡിയോ ആക്ടീവ് കണങ്ങളുടെ സാന്നിദ്ധ്യം അപകടകരമായ തരത്തില്‍ ഇല്ലെന്ന് ഉറപ്പിച്ചതായി അധികൃതര്‍ പറയുന്നു.

ജലം പുറന്തള്ളുന്നത് അനിവാര്യമായ നടപടിയാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡേ സുഖ മന്ത്രിസഭാ യോഗത്തില്‍ വ്യക്തമാക്കി. ആണവനിലയം ഡീ-കമ്മിഷന്‍ ചെയ്യാനുള്ള നടപടിക്രമങ്ങളില്‍ അനിവാര്യമായ കാര്യമാണ് വെള്ളം ഒഴുക്കിക്കളയലെന്നും പ്രധാനമന്ത്രി പറഞ്ഞു. റേഡിയോ ആക്ടീവ് കണങ്ങള്‍ നീക്കം ചെയ്ത് ജലം ശുദ്ധീകരിച്ചതാണെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു.

2011 മാര്‍ച്ച് 11-നാണ് ജപ്പാനെയും അയല്‍ രാജ്യങ്ങളെയും വിറപ്പിച്ച് റിക്ടര്‍ സ്‌കെയിലില്‍ ഒന്‍പതു തീവ്രതയില്‍ ഭൂചലനം ഉണ്ടാവുകയും തൊട്ടുപിന്നാലെ 40 മീറ്റര്‍ ഉയരത്തില്‍ കൂറ്റന്‍ സുനാമി തിരകള്‍ ആഞ്ഞുവീശുകയും ചെയ്തത്. സുനാമിയുടെ ഫലമായി ഏകദേശം 20,000ത്തോളം പേരാണ് അന്ന് ജപ്പാനില്‍ മരിച്ചത്. സുനാമി തിരകള്‍ ഫുകുഷിമ ആണവനിലയത്തിലേക്കും ഇരച്ചുകയറി.

റിയാക്ടറുകള്‍ ചൂടായി ഉരുകി റേഡിയോ ആക്ടീവായ നീരാവിയും ഹൈഡ്രജനും ആണവ നിലയത്തിന് പുറത്തേക്ക് പ്രവഹിക്കുകയും ഒടുവില്‍ പൊട്ടിത്തെറിയില്‍ കലാശിക്കുകയുമായിരുന്നു. ഈ വര്‍ഷം വേനല്‍ക്കാലത്തോ വസന്തകാലത്തോ ആകും ജലം പുറന്തള്ളുക. ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയുടെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തീയതി തീരുമാനിക്കും.

സുനാമി മൂലം 1.25 മില്യണ്‍ ടണ്‍ വെള്ളം ആണവനിലയത്തിലെ ടാങ്കുകളില്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇതിന് പുറമെ ആണവനിലയത്തെ തണുപ്പിക്കാന്‍ ഉപയോഗിച്ച വെള്ളവും മഴ മൂലം കെട്ടിക്കിടന്ന വെള്ളവും ഇതില്‍ ഉള്‍പ്പെടുന്നു. അതീവ സുരക്ഷയില്‍ ആയിരത്തിലധികം വമ്പന്‍ ടാങ്കുകളിലാണ് മലിന ജലം സംഭരിച്ചിരിക്കുന്നത്

പ്രതിദിനം, 100 ക്യുബിക് മീറ്റര്‍ മലിനജലമാണ് പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്നത്. ഭൂഗര്‍ഭ ജലം, ഉപ്പുവെള്ളം, റിയാക്ടറുകളെ തണുപ്പിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം എന്നിവയുടെ മിശ്രിതമാണിത്. ഇത് ഫില്‍ട്ടര്‍ ചെയ്ത് ഭീമന്‍ ടാങ്കുകളില്‍ സൂക്ഷിക്കും. ഇത്തരത്തില്‍ 13 ലക്ഷം ക്യുബിക് മീറ്റര്‍ ജലം ഫുകുഷിമയിലുണ്ട്.

മലിന ജലത്തിലെ റേഡിയോ ആക്ടീവ് മൂലകങ്ങള്‍ ശുദ്ധീകരിച്ച് മാറ്റുന്നുണ്ടെങ്കിലും ട്രിറ്റിയത്തിന്റെ അളവ് കൂടുതലാണ്. ട്രിറ്റിയം ജലത്തില്‍ നിന്ന് വേര്‍തിരിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. വളരെയധികമായാല്‍ മാത്രമാണ് ട്രിറ്റിയം മനുഷ്യന് ദോഷം ചെയ്യുക. എങ്കിലും വെള്ളം തുറന്നു വിടുന്നതോടെ പിന്നെ ഫുക്കുഷിമയില്‍ നിന്നുള്ള മത്സ്യം ജനം വാങ്ങുന്നതിനെപ്പറ്റി ആലോചിക്കുകയേ വേണ്ടെന്നാണ് മത്സ്യത്തൊഴിലാളികളുടെ മുന്നറിയിപ്പ്. മത്സ്യക്കയറ്റുമതിയെ ഉള്‍പ്പെടെ ഇതു ബാധിക്കും.

നിലവില്‍ ഫുകുഷിമയില്‍ സൂക്ഷിച്ചിരിക്കുന്ന ജലം കടലില്‍ തള്ളുന്നത് സുരക്ഷിതമാണെന്ന് ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയും അംഗീകരിച്ചിട്ടുണ്ടെങ്കിലും അയല്‍രാജ്യങ്ങള്‍ ഭീതിയിലാണ്. നിലയത്തിലെ ആണവ റിയാക്ടറുകളുടെ ഡീ കമ്മിഷനിംഗ് ആരംഭിച്ചെങ്കിലും ഇത് പൂര്‍ണമാകാന്‍ നാല് ദശാബ്ദത്തോളം വേണ്ടി വരും. മത്സ്യത്തൊഴിലാളികളും ജപ്പാനെതിരെ രംഗത്തെത്തി.

ജപ്പാന്റെ തീരുമാനത്തിനെതിരെ അയല്‍ രാജ്യങ്ങളായ ചൈനയും ദക്ഷിണകൊറിയയും പസഫിക് ദ്വീപുകളുടെ ഫോറവും രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങളുടെ ജീവിതത്തെയും ആരോഗ്യത്തെയും ബാധിക്കുന്ന നിരുത്തരവാദിത്തപരമായ തീരുമാനമാണിതെന്ന് പസഫിക് ദ്വീപുകളുടെ ഫോറം പ്രതികരിച്ചു.

1986ലെ ചെര്‍ണോബില്‍ ദുരന്തത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ആണവ അപകടങ്ങളില്‍ ഒന്നായിരുന്നു ഫുകുഷിമയിലേത്. പൊട്ടിത്തെറിക്ക് പിന്നാലെ ആണവ വികിരണം സമീപ പ്രദേശങ്ങളിലേക്ക് പ്രവഹിച്ചിരുന്നു.

ഫുകുഷിമ റിയാക്ടറിലെ സ്‌ഫോടനത്തില്‍ ആര്‍ക്കും ജീവഹാനി സംഭവിച്ചിരുന്നില്ലെങ്കിലും ആണവ വികിരണമേറ്റതിന്റെ ഫലമായി കാന്‍സര്‍ ബാധിച്ച് ഒരു മരണം ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് ലക്ഷത്തോളം പേരെ ഫുകുഷിമയില്‍ നിന്ന് ഉടന്‍ മാറ്റിത്താമസിപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.