ഗവർണറെ കൊല്ലാൻ ഭീകരനെ അയക്കുമെന്ന് പരസ്യ ഭീഷണി; ഡിഎംകെ നേതാവിന് സസ്പെൻഷൻ

ഗവർണറെ കൊല്ലാൻ ഭീകരനെ അയക്കുമെന്ന് പരസ്യ ഭീഷണി; ഡിഎംകെ നേതാവിന് സസ്പെൻഷൻ

ചെന്നൈ: തമിഴ്നാട്ടിൽ ഗവർണർക്കെതിരെ പരസ്യമായി ഭീഷണി മുഴക്കിയ ഡിഎംകെ നേതാവ് ശിവാജി കൃഷ്ണമൂർത്തിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. നയപ്രഖ്യാപന പ്രസംഗത്തിൽ ബി.ആർ. അംബേദ്കർ, പെരിയാർ ഉൾപ്പെടെയുള്ളവരെ പരാമർശിക്കുന്ന ഭാഗം ഗവർണർ ആർ.എൻ. രവി ഒഴിവാക്കിയതാണ് പ്രകോപനത്തിന് കാരണം. 

ഗവർണർക്ക് അംബേദ്കറുടെ പേര് പറയാൻ കഴിയുന്നില്ലെങ്കിൽ കശ്മീരിലേക്ക് പോകണമെന്നും വെടിവെച്ചു കൊല്ലാൻ ഞങ്ങൾ തന്നെ ഭീകരവാദിയെ അയക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇത് വിവാദമായതിന് പിന്നാലെ ശിവാജി കൃഷ്ണമൂർത്തിക്കെതിരേ നടപടിയെടുക്കാൻ സിറ്റി പൊലീസ് കമ്മിഷണർക്ക് രാജ്ഭവൻ കത്തയച്ചിരുന്നു. ഇതേ ആവശ്യമുന്നയിച്ച് ബിജെപി സംസ്ഥാനനേതൃത്വം ഡിജിപിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.

ശിവാജിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഗവർണറെ കൊല്ലാൻ കശ്മീർ തീവ്രവാദികളെ നിയോഗിക്കുമെന്നും പറഞ്ഞയാളെ എൻഐഎ.നിരീക്ഷിക്കണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതി ആവശ്യപ്പെട്ടു.

അതെസമയം മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് ഭരണഘടനാനുസൃതമായി പ്രവർത്തിക്കാൻ ഗവർണറോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കഴിഞ്ഞദിവസം രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തുനൽകിയിരുന്നു. ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കാത്ത പ്രസ്താവനകളും പ്രസംഗങ്ങളും നടത്തുന്ന ഗവർണറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ സഖ്യത്തിലെ എംപിമാർ നേരത്തേ രാഷ്ട്രപതി ദ്രൗപദി മുർമുവിന് നിവേദനം നൽകിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.