അഗ്‌നി മിസൈലുകളുടെ അമരക്കാരി; ഭാരതത്തിന്റെ മലയാളിയായ 'അഗ്‌നിപുത്രി'

അഗ്‌നി മിസൈലുകളുടെ അമരക്കാരി; ഭാരതത്തിന്റെ മലയാളിയായ 'അഗ്‌നിപുത്രി'

ഡോ. ടെസി തോമസ് എന്ന പേര് കേട്ടാല്‍ പാക്കിസ്ഥാനും ചൈനയുംഭയന്നു വിറയ്ക്കും. ഇന്ത്യയുടെ ശത്രു രാജ്യങ്ങള്‍ക്ക് പേടിസ്വപ്നമായ ഈ വനിതയെ എത്ര മലയാളികള്‍ക്ക് അറിയാം. നമ്മുടെ ചാനലുകളുടെ അന്തിചര്‍ച്ചകളിലൊന്നും വരാത്ത ഒരു വിഷയമാണ് ഈ വനിത കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടായിരിക്കാം ഒരുപക്ഷെ ആരും അറിയാതെ പോയത്.

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ശേഷിയുള്ള ലോകത്തിലെ അഞ്ച് വന്‍ ശക്തികളില്‍ ഒന്നായി ഇന്ത്യയെ പ്രതിഷ്ഠിച്ച അഗ്‌നി മിസൈലുകളുടെ അമരക്കാരിയാണ് ടെസി തോമസ് എന്ന ഈ ആലപ്പുഴക്കാരി. ഒരു മിസൈല്‍ പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ഭാരതത്തിലെ ആദ്യ വനിത കൂടിയാണ് ടെസി. ഭാരതത്തിന്റെ 'അഗ്‌നിപുത്രി', ഭാരതത്തിന്റെ ' മിസൈല്‍വനിത' എന്നീ പേരുകളിലാണ്  ഡോക്ടര്‍ ടെസി തോമസിനെ ലോകം അറിയുന്നത്.

പ്രതിരോധ ഗവേഷണ വികസന സംഘടനയിലെ (DRDO) മുഖ്യ ശാസ്ത്രജ്ഞയായ ടെസി തോമസ് അഗ്‌നി 1, അഗ്‌നി2, അഗ്‌നി3 എന്നീ മിസൈലുകളുടെ വിക്ഷേപണത്തില്‍ പങ്കാളിയാകുകയും രാജ്യത്തിന്റെ ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളായ അഗ്‌നി 4, അഗ്‌നി 5 മിസൈലുകളുടെ മുഖ്യ ശില്പിയും പ്രോജക്ട് മേധാവിയുമായി നവയുഗ ചരിത്രമെഴുതിയിരിക്കുകയാണ് ഈ അഗ്‌നിപുത്രി.

ഇന്ത്യയുടെ ഗൈഡഡ് മിസൈല്‍ പദ്ധതിയുടെ ഡയറക്ടര്‍ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഡോ. ടെസി.

എത്ര മലയാളികള്‍ ടെസി തോമസിനെ പറ്റി സംസാരിച്ചു? എത്ര മാധ്യമങ്ങളില്‍ അവരുടെ അഭിമുഖം ഉണ്ടായി? എത്ര പേര് ചാനല്‍ ചര്‍ച്ച ചെയ്തു?
ഡോ എ.പി.ജെ അബ്ദുള്‍ കലാമിന് ശേഷം ഭാരതത്തിന്റെ യശസ് വാനോളം ഉയര്‍ത്തിയ മഹത് വനിത. ആലപ്പുഴ തത്തംപളളി തൈപ്പറമ്പില്‍ വീട്ടില്‍ ടി.ജെ തോമസിന്റെയും കുഞ്ഞമ്മയുടെയും ആറ് മക്കളില്‍ നാലാമത്തെ മകളായി ടെസി തോമസ് 1963ല്‍ ജനിച്ചു.

അക്കൗണ്ടന്റായ പിതാവില്‍ നിന്ന് ചെറുപ്പത്തിലേ പകര്‍ന്ന് കിട്ടിയതാണ് കണക്കിലെ താല്‍പര്യവും ശാസ്ത്ര താല്‍പര്യവും. SSLC എസ്എസ്എല്‍സി വരെ ആലപ്പുഴ സെന്റ് ജോസഫ്‌സ് സ്‌കൂളിലും തുടര്‍ന്ന് പ്രീഡിഗ്രി സെന്റ് ജോസഫ്‌സ് കോളജിലും പഠിച്ചു. സ്‌കൂള്‍, കോളജ് പഠനക്കാലത്ത് ട്രാക്കിലെന്നും ഒന്നാമതായിരുന്നു. ഹ്രസ്വദൂര ഓട്ടമത്സരങ്ങളില്‍ ആയിരുന്നു മികവ്. എവിടെയും ഒന്നാമതെത്താനുള്ള വാശിയും പരിശ്രമവുമായിരുന്നു ടെസിയുടെ ജീവിത വിജയം.

സാധാരണ മലയാളം മീഡിയം സ്‌കൂളില്‍ പഠിച്ച് വളര്‍ന്ന ടെസി അസാധാരണ നേട്ടങ്ങളിലേക്ക് കുതിച്ചത് ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണ്. തൃശൂര്‍ എന്‍ജിനീയറിങ് കോളജില്‍ ബിടെക് അഡ്മിഷന്‍ ലഭിച്ചപ്പോള്‍ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരുന്നു. ആ സമയം പിതാവ് അസുഖബാധിതനായി കിടപ്പിലായിരുന്നു. വീടും പറമ്പും പണയം വെച്ചിട്ടെങ്കിലും മകളെ എഞ്ചിനീയര്‍ ആക്കും എന്ന ടെസിയുടെ അമ്മ കുഞ്ഞമ്മയുടെ തീരുമാനം തിരുത്തിയെഴുതിയത് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രമാണ്.

സ്‌കൂള്‍ പഠനകാലത്ത് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിലേക്ക് നടത്തിയ പഠന യാത്രയാണ് ടെസിയുടെ ജീവിതത്തില്‍ വഴിത്തിരുവായത്. തൃശൂര്‍ ഗവര്‍മെന്റ് എഞ്ചിനീയറിങ് കോളജില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ ബിരുദവും പുനെ ഡിഫന്‍സ് ഇന്‍സിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദവും നേടി.
ഹൈദരാബാദിലെ ജെഎന്‍ടിയുവില്‍ നിന്ന് മിസൈല്‍ ഗൈഡന്‍സില്‍ പിഎച്ച്ഡിയും നേടി.
1986 ല്‍ പൂനെ ഐഎടിയില്‍ ഗൈഡഡ് അംഗമായി ചേര്‍ന്നു. എംടെക്ക് പൂര്‍ത്തിയാക്കിയ ശേഷം ഡിആര്‍ഡിഒയുടെ ഹൈദരാബാദ് ലാബിലേക്കാണ് ചെന്നെത്തിയത്. അന്ന് ഡോ എ.പി.ജെ അബ്ദുള്‍ കലാം ആയിരുന്നു ഡിആര്‍ഡിഒയുടെ ഡയറക്ടര്‍. അഞ്ച് വര്‍ഷം കലാമിന്റെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ ടെസിയ്ക്ക് ഭാഗ്യം ലഭിച്ചു.

1988 മുതല്‍ അവര്‍ അഗ്‌നി പ്രൊജക്ടിന്റെ ഭാഗമായി. അഗ്‌നി 1, 2, 3, 4,5 പ്രൊജക്ടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതും ടെസി ആയിരുന്നു. അഗ്‌നി 3 ന്റെ പരാജയം ടെസിക്ക് പൊള്ളിക്കുന്ന ഓര്‍മ്മയാണ്. 63 സെക്കന്റ് വരെ അഗ്‌നി 3 കണക്കുകൂട്ടല്‍ തെറ്റാതെ കുതിച്ചു. ഒന്നാം ഘട്ടത്തിന്റെ അവസാന നിമിഷങ്ങളിലാണ് തകരാര്‍ സംഭവിച്ചത്. തുടര്‍ന്ന് ഒരു മാസം തകരാറിന്റെ കാരണം കണ്ടെത്താനുള്ള കഠിന പരിശ്രമമായിരുന്നു. മിസൈലിന്റെ യന്ത്രതകരാറല്ല. ബാഹ്യാന്തരീക്ഷവുമായുള്ള ഘര്‍ഷണം ആയിരുന്നു പ്രശ്‌നമെന്ന് ടെസി കണ്ടെത്തി.

അഗ്‌നി 3ന്റെ പരാജയ കാരണം കണ്ടെത്താന്‍ ടെസി കാഴ്ചവെച്ച പ്രവര്‍ത്തന മികവാണ് അഗ്‌നി 4 പ്രൊജക്ട് ഡയറക്ടര്‍ പദവിയിലേക്ക് അവരെ ഉയര്‍ത്തിയത്. കലാമായിരുന്നു അതിന് പിന്നില്‍. പിന്നിട് 2015 ല്‍ അഗ്‌നി 5 ന്റെയും പ്രൊജക്ട് ഡയറക്ടറായി. അങ്ങനെ മിസൈല്‍ പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ഭാരതത്തിലെ ആദ്യ വനിതയായി. അധികം വൈകാതെ ടെസി ഡിആര്‍ഡിഒയുടെ ആയുധ പദ്ധതികളില്‍ ഒരു വഴിത്തിരിവായി മാറുകയായിരുന്നു.

കോംപോസിറ്റ് റോക്കറ്റ് മോട്ടോര്‍ ടെക്‌നോളജി ആദ്യമായി പരീക്ഷിച്ചു വിജയിച്ച മിസൈലാണ് അഗ്നി 4. 3500 മുതല്‍ 4000 കിലോമീറ്റര്‍ വരെ ദൂരപരിധി. ശത്രു രാജ്യങ്ങളുടെ റഡാറില്‍ എളുപ്പം പതിയാതിരിക്കാനുള്ള സാങ്കേതിക മികവ്, ഖര ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആണവ ശേഷിയുള്ള ലോകത്തിലെ ആദ്യ മിസൈല്‍ എന്നിങ്ങനെ ഏറെ സവിശേഷതകളുണ്ട് ടെസി തോമസ് വികസിപ്പിച്ചെടുത്ത അഗ്‌നി 4ന്.

റോഡ് മുബൈല്‍ ലോഞ്ചറിനു പകരം റയില്‍ മൊബൈല്‍ ലോഞ്ചല്‍ ഉപയോഗിച്ചതിനാല്‍ അഗ്‌നി 4 ന്റെ പരിപാലനവും എളുപ്പമായി. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ശേഷിയുള്ള ലോകത്തിലെ അഞ്ച് വന്‍ ശക്തികള്‍ക്കൊപ്പം ഇന്ത്യയ്ക്കും ഇടം നേടിക്കൊടുത്ത് അഗ്‌നി 4 ചരിത്രമായി. ടെസിയുടെ നേതൃത്വത്തിലാണ് അഗ്നി5 ന്റെ പരീക്ഷണവും. വിജയിച്ചതോടെ ബുദ്ധിയും യുക്തിയും പരിശ്രമ ശീലവുമുള്ള ആര്‍ക്കും ശാസ്ത്ര രംഗത്ത് വിജയിക്കാനാകുമെന്ന് ടെസി തോമസ് തെളിയിച്ചു.

നേവിയില്‍ ഉദ്യോഗസ്ഥനായ സരോജ് കുമാറാണ് ടെസിയുടെ ഭര്‍ത്താവ്. മകന്‍ തേജസ്. 1991 ല്‍ ഡിആര്‍ഡിഒ ആദ്യമായി വികസിപ്പിച്ച ലൈറ്റ് കോബാറ്റ് എയര്‍ക്രാഫ്റ്റിന് മകന്റെ പേരായ തേജസ് എന്ന പേര് നല്‍കി. 2009 ല്‍ ആണ് അഗ്‌നി മിസൈലുകളുടെ മേധാവിയായത്. 2014 മുതല്‍ 2018 വരെ തന്ത്രപരമായ മിസൈല്‍ സംവിധാനത്തിന്റെ വികസനത്തിന് നേതൃത്വം നല്‍കി.

2009 ലെ ഇന്ത്യാ ടുഡെ വ്യുമന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.