പൈലറ്റായിരുന്ന ഭർത്താവിനെ 16 വർഷം മുമ്പ് നഷ്ടപ്പെട്ടതും വിമാനാപകടത്തിൽ; നേപ്പാൾ അപകടത്തിൽ സഹ പൈലറ്റ് അഞ്ജു വിടപറഞ്ഞത് ക്യാപ്റ്റനെന്ന സ്വപ്‌നം ബാക്കിയാക്കി

പൈലറ്റായിരുന്ന ഭർത്താവിനെ 16 വർഷം മുമ്പ് നഷ്ടപ്പെട്ടതും വിമാനാപകടത്തിൽ; നേപ്പാൾ അപകടത്തിൽ സഹ പൈലറ്റ് അഞ്ജു വിടപറഞ്ഞത് ക്യാപ്റ്റനെന്ന സ്വപ്‌നം ബാക്കിയാക്കി

കഠ്മണ്ഡു: അതിമനോഹരമായി മഞ്ഞുറഞ്ഞു കിടക്കുന്ന നേപ്പാളിന്റെ ഗിരിശിഖരങ്ങളും താഴ്‌വരകളും കഴിഞ്ഞ ഞായറാഴ്ച 72 പേരടങ്ങുന്ന ഒരു സംഘത്തിന് കാത്തുവച്ചത് മരണവിധിയാണ്. തകർന്നു കിടക്കുന്ന വിമാനത്തിനുള്ളിൽ ജീവനറ്റ ശരീരങ്ങൾ ഹൃദയം നുറുക്കുന്ന കാഴ്ചയായി. ദുരന്തം മായ്ച്ചു കളഞ്ഞ പുഞ്ചിരിയിൽ അഞ്ജു ഖതിവാഡയെയെന്ന പൈലറ്റും ഉൾപ്പെടുന്നു.

എന്നാൽ അഞ്ജുവിനെപ്പോലെ യതി എയർലൈൻസിൽ പൈലറ്റായിരുന്ന ആദ്യ ഭർത്താവ് ദീപക് പൊഖ്‌റേലും 16 വർഷം മുൻപു മരിച്ചത് ഇതുപോലെയൊരു വിമാനദുരന്തത്തിലാണ് എന്നത് ശ്രദ്ധേയമാണ്. മരിക്കുമ്പോൾ ദീപക് പൊഖ്‌റേലും യതി എയർലൈൻസ് വിമാനത്തിൽ സഹ പൈലറ്റായിരുന്നു. ദീപക് പറത്തിയ യതി എയർലൈൻസ് വിമാനം 2006 ജൂൺ 21 ന് അപകടത്തിൽപെട്ടത് ജുംലയിൽ വച്ചായിരുന്നു.

ജുംലയിലേക്ക് അരിയും ഭക്ഷണവും കൊണ്ടുപോകുകയായിരുന്ന ട്വിൻ ഓട്ടർ പ്രൊപ്പ് വിമാനം പൊട്ടിത്തെറിച്ച് ഉണ്ടായ ദുരന്തത്തിൽ ദീപക് ഉൾപ്പെടെ 10 പേർ മരിച്ചു. പിന്നീട് അദ്ദേഹത്തിന്റെ മരണമാണ് അഞ്ജുവിനെ വ്യോമയാന ജീവിതം തുടരാൻ പ്രേരിപ്പിച്ചത്. അവരുടെ പിഞ്ചു കുഞ്ഞിനോടൊപ്പം തനിച്ചായ അവൾ, ഭർത്താവിന്റെ വേർപാടിൽ അസ്വസ്ഥയായെങ്കിലും അഞ്ജുവിന്റെ ദുഃഖം അവളുടെ പ്രേരണ ശക്തിയായി മാറുകയായിരുന്നു.


അഞ്ജു ഖതിവാഡ

ദീപക് മരണമടഞ്ഞ് നാല് വർഷത്തിന് ശേഷം നിരവധി തടസ്സങ്ങൾ മറികടന്ന് അമേരിക്കയിൽ നിന്ന് പരിശീലനം നേടിയ അഞ്ജു പൈലറ്റിലേക്കുള്ള പാതയിലായിരുന്നു. യോഗ്യത നേടിയപ്പോൾ അവൾ യതി എയർലൈൻസിൽ ചേർന്നു.

തന്റെ സ്വപ്നങ്ങൾക്ക് വേണ്ടി നിലകൊള്ളുകയും ഭർത്താവിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും ചെയ്ത നിശ്ചയദാർഢ്യമുള്ള സ്ത്രീയായിരുന്നു അവരെന്ന് അഞ്ജുവിന്റെ കുടുംബാംഗം സന്തോഷ് ശർമ്മ പറയുന്നു.

ഒരു ട്രെയിൽബ്ലേസർ, എയർലൈൻ പൈലറ്റുമാരായി നിയമിച്ച ആറ് സ്ത്രീകളിൽ ഒരാളാണ് അഞ്ജു, ഏകദേശം 6,400 മണിക്കൂർ പറന്നിട്ടുണ്ട്. ഒറ്റയ്ക്ക് വിമാനങ്ങൾ പറത്തിയിരുന്ന അഞ്ജു ഒരു ധീരയായ സ്ത്രീയായിരുന്നുവെന്ന് യെതി എയർലൈൻസിൽ നിന്നുള്ള സുദർശൻ ബർതൗള പറഞ്ഞു.

അഞ്ജു പിന്നീട് പുനർവിവാഹം ചെയ്യുകയും പൈലറ്റായി തന്റെ കരിയർ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്തു. അതിനിടയിൽ രണ്ടാമത്തെ കുട്ടിക്ക് ജന്മം നൽകി. ബിരാട്നഗറിലാണ് അവരുടെ മാതാപിതാക്കൾ താമസിക്കുന്നത്. ദീപക്കുമായുള്ള വിവാഹത്തിൽ 22 വയസുള്ള മകളും രണ്ടാം വിവാഹത്തിൽ ഏഴ് വയസുകാരനായ മകനുമുണ്ട്.

നേപ്പാളിലെ വിവിധ വിമാനത്താവളങ്ങളിൽ വിജയകരമായ ലാൻഡിങ് നടത്തി, പൈലറ്റ് എന്ന നിലയിൽ അഞ്ജു പ്രശംസ നേടിയിരുന്നു. ക്യാപ്റ്റൻ കമൽ കെസിക്കൊപ്പം യതി എയർലൈൻസ് വിമാനം 691-ന്റെ സഹപൈലറ്റായി പറത്തിയ വിമാനം അപകടത്തിൽപെടുമ്പോൾ ക്യാപ്റ്റൻ പദവിക്ക് തൊട്ടരികിലായിരുന്നു അവർ.

യതി എയർലൈൻസിന്റെ എടിആർ 72–500 വിമാനം വിജയകരമായി നിലത്തിറക്കി കരിയറിലെ പുതിയ നേട്ടത്തിന്റെ അഭിനന്ദനം ഏറ്റുവാങ്ങേണ്ടിയിരുന്ന അഞ്ജു ഇനി ഓർമകളിലെ നൊമ്പരം.

മരിച്ചവരിൽ പ്രമുഖ നാടോടി ഗായികയും

വിമാനാപകടത്തിൽ മരിച്ചവരിൽ പ്രമുഖ നാടോടി ഗായിക നിര ഛന്ത്യാലും (22) ഉൾപ്പെടുന്നു. മകര സംക്രാന്തിയോടനുബന്ധിച്ച് പൊഖാറയിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനായി പുറപ്പെട്ടതായിരുന്നു അവർ.


നിര ഛന്ത്യാൽ

രാജ്യത്തെ ഇടത്തരക്കാർക്ക് പർവതത്തിന് മുകളൂടെ സഞ്ചരിക്കാനുള്ള താങ്ങാനാവുന്നതും ജനപ്രിയവുമായ മാർഗമായി കുറഞ്ഞ ചെലവിലേക്ക് വിമാനയാത്ര മാറിയിരിരുന്നു. ഇതേ തുടർന്നാണ് കാഠ്മണ്ഡുവിലേക്ക് താമസം മാറിയ നിര പൊഖാറയിലെ സംഗീതോത്സവത്തിൽ പങ്കെടുക്കാൻ യതി എയർലൈൻസ് തിരഞ്ഞെടുത്തത്.

അതേസമയം ദുരന്തം നേപ്പാളിലെ എയർലൈൻ സുരക്ഷയെക്കുറിച്ചുള്ള സംഭാഷണത്തിന് തിരികൊളുത്തിയിട്ടുണ്ട്. സമീപ ദശകങ്ങളിൽ വിമാനാപകടങ്ങളിൽ നൂറുകണക്കിന് ആളുകൾ മരിച്ചതായാണ് റിപ്പോർട്ട് .

വർഷങ്ങളായി നേപ്പാളിന്റെ മോശം എയർലൈൻ സുരക്ഷാ റെക്കോർഡിന് നിരവധി ഘടകങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നു. പർവതപ്രദേശങ്ങളും പലപ്പോഴും പ്രവചനാതീതമായ കാലാവസ്ഥയും വിമാനം പറത്തുന്നതിന് പ്രതികൂല ഘടകമായി പ്രവർത്തിക്കുന്നു.

എന്നാൽ കാലഹരണപ്പെട്ട വിമാനങ്ങൾ, കൃത്യതയില്ലാത്ത നിയന്ത്രണങ്ങൾ, മോശം മേൽനോട്ടം എന്നിവ അപകടങ്ങൾ സംഭവിക്കുന്നതിന് തുല്യ പ്രധാന ഘടകങ്ങളായി ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം ഞായറാഴ്ചത്തെ അപകടത്തിന്റെ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.