ന്യൂഡല്‍ഹി: വിപണിയില്‍ എതിരാളികള്‍ക്ക് അവസരം നിഷേധിച്ച സംഭവത്തില്‍ ഗൂഗിളിന് വീണ്ടും തിരിച്ചടി. 1338 കോടി പിഴ ചുമത്തിയ കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ നടപടിയില്‍ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ ഉത്തരവ് പാലിക്കാന്‍ ഗൂഗിളിന് അനുവദിച്ച സമയം കോടതി ഒരാഴ്ച കൂടി നീട്ടി നല്‍കിയിട്ടുണ്ട്.
പിഴ ചുമത്തിയതിനെതിരെ ഗൂഗിള്‍ നല്‍കിയ അപ്പീലില്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ നടപടി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിക്കുകയായിരുന്നു. പിഴത്തുകയുടെ 10 ശതമാനം ഉടന്‍ കെട്ടിവെയ്ക്കണമെന്ന ഉത്തരവിനും സ്റ്റേയില്ല.
ഗൂഗിളിന്റെ അപ്പീല്‍ മാര്‍ച്ച് 31നകം തീര്‍പ്പാക്കാന്‍ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിനോട് കോടതി നിര്‍ദേശിച്ചു. കഴിഞ്ഞദിവസം ഗൂഗിളിനെതിരായ ഇടക്കാല ഉത്തരവ് പുനപരിശോധിക്കുന്നതിനായി കേസ് നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന് തിരികെ നല്‍കുന്നതിനെ കുറിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ് നരസിംഹ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ആദ്യം പരിഗണിച്ചിരുന്നു.
എന്നാല്‍ കേസ് സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന് മുന്‍പാകെ പരാജയപ്പെടുന്നവര്‍ തീരുമാനത്തിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാണ് സാധ്യത.
വിഷയം രാജ്യത്തിന് പ്രാധാന്യമുള്ളതും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയുമാണെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
ഒക്ടോബറിലാണ് ഗൂഗിളിനെതിരെ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പിഴ ചുമത്തിയത്. 1338 കോടി രൂപയാണ് പിഴ ചുമത്തിയത്. ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണുകളില്‍ 97 ശതമാനവും ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വിപണിയില്‍ എതിരാളികള്‍ക്ക് അവസരം നിഷേധിച്ച് അനാരോഗ്യകരമായ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഗിള്‍ നേതൃത്വം നല്‍കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ നടപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.