കടമെടുത്ത് പൊടിപൊടിച്ച് പിണറായി സര്‍ക്കാര്‍; 6,400 കോടി കൂടി വായ്പ വാങ്ങുന്നു

കടമെടുത്ത് പൊടിപൊടിച്ച് പിണറായി സര്‍ക്കാര്‍;  6,400 കോടി കൂടി വായ്പ വാങ്ങുന്നു

6,400 കോടി കൂടി കടമെടുക്കുന്നതോടെ ഈ സാമ്പത്തിക വര്‍ഷത്തെ മാത്രം ആകെ കടമെടുപ്പ് 30,439 കോടി രൂപയാകും. 

തിരുവനന്തപുരം: വീണ്ടും കടം വാങ്ങാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഈ മാസം ആദ്യം 2,603 കോടി രൂപ കടമെടുത്തതിനു പിന്നാലെ ചൊവ്വാഴ്ച 1,000 കോടി കൂടി കടമെടുക്കും. ശമ്പളവും പെന്‍ഷനും മുടങ്ങാതിരിക്കണമെങ്കില്‍ 2,000 കോടി കൂടി വേണം. അത് ഈ മാസം അവസാനം വായ്പ വാങ്ങും.

അതിന് പുറമേ അടുത്ത മാസം 1,900 കോടിയും മാര്‍ച്ചില്‍ 1500 കോടിയും കടം വാങ്ങും. അങ്ങനെ ഈ സാമ്പത്തിക വര്‍ഷം തീരുന്ന മാര്‍ച്ച് 31 ന് മുന്‍പ് 6,400 കോടി രൂപ കൂടി കടമെടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. റിസര്‍വ് ബാങ്ക് മുഖേനയാണ് കടമെടുപ്പ്.

ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 24,039 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കടമെടുത്തത്. 6,400 കോടി കൂടി കടമെടുക്കുന്നതോടെ ഈ സാമ്പത്തിക വര്‍ഷത്തെ മാത്രം ആകെ കടമെടുപ്പ് 30,439 കോടി രൂപയാകും.

കഴിഞ്ഞ 25 വര്‍ഷം കൊണ്ട് കേരളത്തിന്റെ പൊതുകടത്തില്‍ മൂന്ന് ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. അഞ്ച് സര്‍ക്കാരുകള്‍ ഇക്കാലയളവില്‍ മാറിമാറി കേരളം ഭരിച്ചപ്പോള്‍ 1996 ലെ കടം 13 ഇരട്ടിയായി പെരുകി.

കടമെടുപ്പ് ഈ രീതിയില്‍ തുടര്‍ന്നാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ കേരളത്തിന്റെ പൊതുകടം നാല് ലക്ഷം കോടി കവിയുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സി ഫിച്ചിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിന്റെ സാമ്പത്തിക ഭദ്രത നെഗറ്റീവിലേക്ക് കൂപ്പുകുത്തി. മുമ്പ് സുസ്ഥിരമായിരുന്നു റേറ്റിങ്. കടം പെരുകിപ്പെരുകി വരുന്നതാണ് കാരണമെന്ന് ഫിച്ച് വ്യക്തമാക്കി. കിഫ്ബി ക്രെഡിറ്റ് റേറ്റിങും നെഗറ്റീവിലേക്ക് താഴ്ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.