ക്വീന്‍സ് ലാന്‍ഡില്‍ കണ്ടെത്തി ലോകത്തിലെ ഏറ്റവും ഭാരം കൂടിയ തവളയെ; ഭാരം 2.7 കിലോ; ദയാവധവും നടത്തി

ക്വീന്‍സ് ലാന്‍ഡില്‍ കണ്ടെത്തി ലോകത്തിലെ ഏറ്റവും ഭാരം കൂടിയ തവളയെ; ഭാരം 2.7 കിലോ; ദയാവധവും നടത്തി

ബ്രിസ്ബന്‍: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ തവളയെ കണ്ടെത്തി. ഓസ്ട്രേലിയയുടെ മഴക്കാടുകളിലാണ് ഭീമാകാരമായ തവളയെ കണ്ടെത്തിയത്. സമുദ്രനിരപ്പില്‍ നിന്ന് 393 മീറ്റര്‍ ഉയരത്തില്‍ കണ്ടെത്തിയ ഈ തവളക്ക് 2.7 കിലോഗ്രാം ഭാരമുണ്ട്. ശരാശരി വലിപ്പമുള്ള ചൂരല്‍ തവളകളേക്കാള്‍ ആറു മടങ്ങ് വലിപ്പമുള്ളതാണ് ഇപ്പോള്‍ കണ്ടെത്തിയ ഈ ചൂരല്‍ തവള.

നിലവില്‍ 200 കോടി ചൂരല്‍ തവളകള്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. 1935 ല്‍ ആണ് ഈ തവളയെ ആദ്യമായി ഓസ്ട്രേലിയന്‍ കാടുകളില്‍ കണ്ടെത്തുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പാരിസ്ഥിതിക നാശമുണ്ടാക്കുന്ന തവളയായി ഇതിനെ കണക്കാക്കുന്നു.



പട്രോളിങ്ങിനിടെ പാര്‍ക്ക് റേഞ്ചര്‍ കൈലി ഗ്രേയാണ് ആദ്യമായി ഈ ഭീമാകാരമായ ഉഭയജീവിയെ കണ്ടത്. രണ്ടര കിലോയ്ക്ക് മുകളില്‍ ഭാരമുള്ള ഒരു തവള. ഇത്രയും വലിപ്പമുള്ള തവളയെ താന്‍ കണ്ടിട്ടില്ല എന്നായിരുന്നു കൈലി ഗ്രേ ഓസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷനോട് പറഞ്ഞത്. കാലുകളുള്ള ഒരു ഫുട്‌ബോള്‍ പന്ത് പോലെയാണ് ഇതിന്റെ രൂപമെന്നും, അതിനെ 'ടോഡ്സില്ല' എന്ന് വിളിച്ചുവെന്നും അവര്‍ പറഞ്ഞു.

കണ്ടെത്തിയ ചൂരല്‍ തവള പെണ്‍ തവളയാണെന്ന് കരുതപ്പെടുന്നു. കൂടുതല്‍ പരിശോധനയ്ക്കായി അതിനെ താഴ്‌വാരത്തേക്ക് എത്തിച്ച് ഭാരം അളന്നു നോക്കിയപ്പോഴാണ് കൂടുതല്‍ അത്ഭുതപ്പെട്ടത്. ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും ഭാരം കൂടിയ തവള. ഇത് ലോക റിക്കാര്‍ഡാണെന്ന് ഇവര്‍ പറയുന്നു.

1991ല്‍ സ്വീഡനിലെ 'പ്രിന്‍സെന്‍' എന്ന വളര്‍ത്ത് തവളയെയാണ് ഇതുവരെ ഏറ്റവും ഭാരം കൂടിയ തവളയായി കണക്കാക്കിയിരുന്നത്. 2.56 കിലോഗ്രാം ആയിരുന്നു അതിന്റെ ഭാരം. ഈ ഗിന്നസ് റെക്കോര്‍ഡാണ് ഇപ്പോള്‍ ടോഡ്സില്ല തകര്‍ത്തത്. ഭീമാകാരമായ ഈ തവള വായില്‍ ഒതുങ്ങുന്നതെന്തും തിന്നുമെന്ന് കൈലി ഗ്രേ പറഞ്ഞു.

വിഷമുള്ള ഇത്തരം തവളകള്‍ക്ക് ഓസ്ട്രേലിയന്‍ കാടുകളില്‍ ജൈവികമായ ശത്രുക്കളില്ല. മാത്രമല്ല, ഇവയുടെ വിഷാംശം മറ്റ് തദ്ദേശീയ മൃഗങ്ങളുടെ, പ്രത്യേകിച്ച് പ്രാണി വര്‍ഗങ്ങളുടെ വംശനാശത്തിനും കാരണമാകുന്നു. ഇപ്പോള്‍ കണ്ടെത്തിയ ടോഡ്സില്ലക്ക് എത്ര പ്രായം ഉണ്ടെന്ന് കണക്കാക്കിയിട്ടില്ല. ഈ ഇനം തവളകള്‍ക്ക് ഏതാണ്ട് 15 വര്‍ഷം വരെ ജീവിക്കാനുള്ള ആയുസ് ഉണ്ട്.

എന്നാല്‍, ഇപ്പോള്‍ കണ്ടെത്തിയ ടോഡ്സില്ലക്ക് അതിലും പ്രായം ഉണ്ടെന്നാണ് കരുതുന്നത്. മറ്റ് തദ്ദേശീയ ജീവികളുടെ വംശനാശത്തിന് കാരണമാകുന്ന ജീവികളെ കൊന്നൊടുക്കാന്‍ ഓസ്ട്രേലിയയില്‍ നിയമം അനുശാസിക്കുന്നുണ്ട്. ഇതുപ്രകാരം, ടോഡ്സില്ലയെ ദയാവധം ചെയ്തു. ഇതിന്റെ ജഡം കൂടുതല്‍ പഠനങ്ങള്‍ക്കായി ബ്രിസ്ബനിലെ മ്യൂസിയത്തിന് സംഭാവന ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.