റോയുടെ 50-ാം വാര്‍ഷികം: ഗര്‍ഭച്ഛിദ്ര വിരുദ്ധ റാലിക്കായി എത്തിയത് ആയിരങ്ങൾ; ഗർഭച്ഛിദ്രാവകാശം പുനസ്ഥാപിക്കുന്നതിന് കഴിയുന്നതെല്ലാം ചെയ്യുമെന്ന് ജോ ബൈഡൻ

റോയുടെ 50-ാം വാര്‍ഷികം: ഗര്‍ഭച്ഛിദ്ര വിരുദ്ധ റാലിക്കായി എത്തിയത് ആയിരങ്ങൾ; ഗർഭച്ഛിദ്രാവകാശം പുനസ്ഥാപിക്കുന്നതിന് കഴിയുന്നതെല്ലാം ചെയ്യുമെന്ന് ജോ ബൈഡൻ

വാഷിംഗ്ടണ്‍: റോ വേഴ്സസ് വേഡിന്റെ 50-ാം വാര്‍ഷികം ജനുവരി 22 ന് ആഘോഷിക്കുന്നതിന് മുന്നോടിയായി ഗര്‍ഭച്ഛിദ്ര വിരുദ്ധ റാലിയായ മാര്‍ച്ച് ഫോര്‍ ലൈഫിനായി ഒഴുകിയെത്തിയത് ആയിരങ്ങള്‍. റോ വേഴ്സസ് വേഡ് വിധി റദ്ദാക്കിക്കൊണ്ട് ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ പരിരക്ഷ സുപ്രീം കോടതി അവസാനിപ്പിച്ചതിന് ശേഷമുള്ള ആദ്യത്തെ 'മാർച്ച് ഫോർ ലൈഫ്' ആണ് വെള്ളിയാഴ്ച നടന്നത്.

ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം ഇല്ലാതാക്കിയതും "അബോർഷൻ നയരൂപീകരണത്തിന്റെ ജനങ്ങളിലേക്കുള്ള" തിരിച്ചുവരവും പ്രകടനത്തിനെത്തിയവർ ആഘോഷിച്ചു.


കഴിഞ്ഞ 20 വര്‍ഷമായി, പ്രോ-ലൈഫ് ആക്ഷന്‍ ലീഗിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ എറിക് ഷീഡ്ലര്‍ റാലിയ്ക്ക് നേതൃത്വം നൽകാനായി വാഷിംഗ്ടണിലെത്തിയിരുന്നു. വര്‍ഷങ്ങളായി രാജ്യത്തുടനീളമുള്ള റാലിയ്ക്ക് നേതൃത്വം നല്‍കി വരികയാണ് ഷീഡ്ലര്‍. എല്ലാ വര്‍ഷവും നടത്തിവരുന്ന ഗര്‍ഭച്ഛിദ്ര വിരുദ്ധ റാലി, പ്രവര്‍ത്തകര്‍ക്ക് ഒരു കുടുംബ സംഗമം പോലെയാണെന്ന് ഷീഡ്ലര്‍ പറയുന്നു.

രാജ്യവ്യാപകമായി ഗർഭച്ഛിദ്രം നിരോധിക്കുന്ന കാര്യത്തിൽ തങ്ങൾക്ക് ഇനിയും "ഒരുപാട് ജോലികൾ ചെയ്യാനുണ്ടായിരുന്നു" എന്നാൽ റോ വേഴ്സസ് വേഡ് റദ്ദാക്കിയത് ഒരു "വിജയമായിരുന്നു" എന്നും ഒരു ഗർഭച്ഛിദ്ര വിരുദ്ധ പ്രവർത്തകൻ പറഞ്ഞു.

റാലിയിൽ പങ്കെടുക്കുന്നതിനായി വിദ്യാര്‍ത്ഥികളെ അയയ്ക്കാന്‍ കത്തോലിക്കാ ഹൈസ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള നിരവധി സ്ഥാപനങ്ങളും കൂട്ടായ്മകളും രംഗത്തുണ്ട്. കഴിഞ്ഞ വേനല്‍ക്കാലത്ത് ഹൈക്കോടതിയില്‍ ഗര്‍ഭച്ഛിദ്രത്തിനെതിരെ വന്ന അനുകൂല വിധിക്കു ശേഷം മുഴുവന്‍ പ്രസ്ഥാനവും ഒത്തുചേരുന്ന ആദ്യ അവസരമാണിത്.


'പ്രോ-ലൈഫ് പ്രസ്ഥാനത്തിലെ എല്ലാ അനുഭാവികളും മാര്‍ച്ചില്‍ പങ്കെടുക്കണമെന്ന് ഗര്‍ഭച്ഛിദ്ര നിയമത്തെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള നിരവധി പുസ്തകങ്ങളുടെ രചയിതാവായ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ നിയമ പ്രൊഫസറായ മേരി സീഗ്ലര്‍ ആഹ്വാനം ചെയ്തിരുന്നു. പ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്ഷ്യം എന്നത്തേയും പോലെ തന്നെ ഗര്‍ഭച്ഛിദ്രം അവസാനിപ്പിക്കുക എന്നത് തന്നെയാണെന്നും സീഗ്ലര്‍ കൂട്ടിച്ചേർത്തു.

ജൂൺ മുതൽ, അലബാമ, അർക്കൻസാസ്, ഐഡഹോ, കെന്റക്കി, ലൂസിയാന, മിസിസിപ്പി, മിസോറി, ഒക്ലഹോമ, സൗത്ത് ഡക്കോട്ട, ടെന്നസി, ടെക്സസ്, വെസ്റ്റ് വിർജീനിയ എന്നിവിടങ്ങളിൽ ഗർഭച്ഛിദ്രത്തിന് ഏകദേശം സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് രാജ്യവ്യാപകമാക്കുകയെന്നതാണ് ഗർഭച്ഛിദ്ര വിരുദ്ധ പ്രവർത്തകരുടെ ലക്ഷ്യം.


അതേസമയം പ്രവർത്തകർ തലസ്ഥാനത്തേക്ക് റാലി നടത്തുന്നതിനിടയിലും ഗർഭച്ഛിദ്രാവകാശം പുനസ്ഥാപിക്കുന്നതിന് തന്റെ പരിമിതമായ അധികാരശക്തിയിൽ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതിജ്ഞയെടുത്തു. ഗർഭച്ഛിദ്രം നിരോധിച്ചുകൊണ്ട് ജൂണിൽ സുപ്രീം കോടതി ഉത്തരവിട്ടശേഷം ഈ വിഷയത്തിൽ ബൈഡന് പരിമിതമായ അധികാരം മാത്രമാണ് ഉള്ളത്.

മുമ്പൊരിക്കലും അമേരിക്കക്കാർക്കുള്ള മൗലികാവകാശം കോടതി എടുത്തുകളഞ്ഞിട്ടില്ലെന്ന് ബൈഡൻ പ്രസ്താവന പറഞ്ഞു. “അങ്ങനെ ചെയ്യുന്നതിലൂടെ, ഇത് ഈ രാജ്യത്തുടനീളമുള്ള സ്ത്രീകളുടെ ആരോഗ്യത്തെയും ജീവിതത്തെയും അപകടത്തിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗർഭച്ഛിദ്ര സംരക്ഷണം ഉറപ്പാക്കാൻ തന്റെ എക്സിക്യൂട്ടീവ് അധികാരം ഉപയോഗിക്കുന്നത് തുടരുമെന്നും, അത്തരം അവകാശങ്ങൾ നിയമത്തിൽ ഉൾപ്പെടുത്താൻ കോൺഗ്രസിനെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.