ഗുണ്ടാ ബന്ധവും കൈക്കൂലിയും; 25 പൊലീസുകാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

 ഗുണ്ടാ ബന്ധവും കൈക്കൂലിയും; 25 പൊലീസുകാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: സംസ്ഥാനത്തെ 25 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സിന്റെ ത്വരിതാന്വേഷണം. ഗുണ്ടകളെ ഉപയോഗിച്ച് കേസുകള്‍ ഒതുക്കിത്തീര്‍ത്ത് വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കുകയും കൈക്കൂലിപ്പണം കൊണ്ട് വീടുകളും വസ്തുക്കളും വാങ്ങിക്കൂട്ടുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി.

ഡിവൈ.എസ്.പിമാര്‍, എസ്.എച്ച്.ഒമാര്‍ എന്നിവരടക്കം അന്വേഷണ പരിധിയിലുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലുള്ളവരാണ് ഏറെപ്പേരും.

ഇവരുടെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ബിനാമികളെന്ന് സംശയിക്കുന്നവരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും. ഗുണ്ടകളെ ഉപയോഗിച്ച് സാമ്പത്തിക, തൊഴില്‍ തട്ടിപ്പുകളും റിയല്‍ എസ്റ്റേറ്റ് ക്രമക്കേടുകളും മോഷണക്കേസുകളും ഒതുക്കിതീര്‍ത്തെന്ന ആരോപണത്തിലാണ് അന്വേഷണം.

എല്ലാ ജില്ലകളിലും ഇത്തരത്തിലുള്ള കുഴപ്പക്കാരെ കണ്ടെത്താന്‍ ജില്ലാ പൊലീസ് മേധാവിമാരും ഇന്റലിജന്‍സും പരിശോധന തുടങ്ങി. വിവരങ്ങള്‍ ചൊവ്വാഴ്ചയ്ക്കകം നല്‍കാന്‍ ഡി.ജി.പി അനില്‍കാന്ത് നിര്‍ദേശിച്ചു. ഗുണ്ട, മാഫിയ ബന്ധമുള്ളവരെ ഒഴിവാക്കി സേനയെ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമാണ് നടപടി. ദേശീയപാതയില്‍ അപകടങ്ങളില്‍പെട്ടവരുടെ പക്കലുണ്ടായിരുന്ന പണവും സ്വര്‍ണവും ദൂരൂഹസാഹചര്യത്തില്‍ കാണാതായ സംഭവങ്ങളിലും അന്വേഷണമുണ്ട്.

തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ ഇത്തരം കേസുകള്‍ വീണ്ടും അന്വേഷിക്കാന്‍ റൂറല്‍ എസ്.പി ഡി. ശില്‍പയെ നിയോഗിച്ചു. കേസ് ഫയലുകള്‍ എസ്.പി ഇന്നലെ വിളിച്ചുവരുത്തി. ദേശീയപാതയില്‍ സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 100 പവന്‍ കവര്‍ന്നത്, അപകടങ്ങളില്‍പ്പെട്ടിരുന്ന വാഹനങ്ങളില്‍ നിന്ന് പലപ്പോഴായി പണം കാണാതായത്, കെട്ടിട നിര്‍മ്മാണ കരാറുകാരന്‍ വാഹനാപകടത്തില്‍ പെട്ടപ്പോള്‍ സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന നാല് ലക്ഷം രൂപ കാണാതായത് തുടങ്ങിയ കേസുകളാണ് പുനപരിശോധിക്കുന്നത്.

സംസ്ഥാനത്ത് ഗുണ്ട, മാഫിയ ബന്ധമുണ്ടെന്ന് കണ്ടെത്തിയ 24 എസ്.എച്ച്.ഒമാരെ സ്ഥലംമാറ്റിയിരുന്നു. 100 പേരെക്കൂടി ഉടന്‍ മാറ്റും. കോട്ടയം എസ്.പിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഏറ്റുമാനൂര്‍ സി.ഐയെ മാറ്റിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.