ചൈനയിൽ 80 % ആളുകളെയും കോവിഡ് ബാധിച്ചതായി റിപ്പോർട്ട്‌; വരും മാസങ്ങളിൽ അപകടകരമാകും

ചൈനയിൽ 80 % ആളുകളെയും കോവിഡ് ബാധിച്ചതായി റിപ്പോർട്ട്‌; വരും മാസങ്ങളിൽ അപകടകരമാകും

ബീജിങ്: കോവിഡ് വ്യാപനം രൂക്ഷമായ ചൈനയിൽ സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോർട്ട്‌. രാജ്യത്തെ 80 ശതമാനം വരുന്ന ജനങ്ങളെയും കോവിഡ് ബാധിച്ചതായാണ് പുറത്ത് വരുന്ന വിവരങ്ങൾ. വരുന്ന രണ്ട്, മൂന്ന് മാസങ്ങൾക്കുള്ളിൽ ചൈനയിലെ രോഗബാധ അപകടകരമാം വിധം വർധിക്കുമെന്ന് അന്താരാഷ്ട്ര വാർത്താ മാധ്യമം റിപ്പോർട്ട് ചെയ്തു. 

പുതുവത്സര ആഘോഷത്തിനിടയിൽ ജനങ്ങൾ മുൻകരുതലില്ലാതെ ഒത്തു കൂടിയതാണ് പെട്ടന്നുള്ള രോഗ വർധനവിന് കാരണം. ഇത് മൂലം കോവിഡ് ബാധ രൂക്ഷമായതായും പുറത്തു വരുന്ന റിപ്പോർട്ടുകളേക്കാൾ ഭീകരമാണ് ചൈനയിലെ അവസ്ഥയെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പുതിയ വകഭേദം മൂലം കഴിഞ്ഞ ഡിസംബര്‍ മാസം ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷമാണെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. രാജ്യത്തെ കേസുകള്‍ വര്‍ധിച്ച് തുടങ്ങിയ സമയത്ത് കോവിഡ് ബാധ പിടിച്ചുകെട്ടാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്കെതിരെ പൊതുജനം തെരുവിലിറങ്ങിയ സ്ഥിതിയുണ്ടായി. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് രാജ്യത്ത് രോഗികളുടെയും മരണങ്ങളുടെയും എണ്ണത്തില്‍ പെട്ടന്നുള്ള വർധനവ് ഉണ്ടായത്.

ഈ സമയങ്ങളിലൊന്നും തന്നെ രാജ്യത്തെ രോഗവ്യാപനത്തിന്റെ തീവ്രത ഔദ്യോഗികമായി അംഗീകരിക്കാനോ കേസുകളെക്കുറിച്ചും മരണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനോ ചൈന തയ്യാറായിരുന്നില്ല. എന്നാല്‍ രോഗവ്യാപനം രൂക്ഷമായതിന് പിന്നാലെ 2022 ഡിസംബര്‍ എട്ട് മുതല്‍ ഈ മാസം 12 വരെയുള്ള കണക്കുകള്‍ ചൈന ഔദ്യോഗികമായി പങ്കുവെച്ചിരിന്നു.

കണക്ക്‌ പ്രകാരം ഈ കാലയളവിൽ 59,938 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനീസ് നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴിലുള്ള മെഡിക്കല്‍ അഡ്‌മിനിസ്‌ട്രേഷന്‍ ബ്യൂറോയായിരുന്നു രോഗബാധ മൂലം മരണപ്പെട്ടവരുടെ കണക്ക് പുറത്ത് വിട്ടത്. ഇതിനിടയിലാണ് രാജ്യത്തെ ഗുരുതരമായ സ്ഥിതിയെ കുറിച്ചുള്ള വാർത്തകളും പുറത്ത് വരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.