കൂട്ടിലായ കാട്ടുകൊമ്പനെ കുങ്കിയാനയാക്കും; പ്രത്യേക പപ്പാനെയും കുക്കിനെയും നിയമിക്കും

കൂട്ടിലായ കാട്ടുകൊമ്പനെ കുങ്കിയാനയാക്കും; പ്രത്യേക പപ്പാനെയും കുക്കിനെയും നിയമിക്കും

പാലക്കാട്: മയക്കുവെടി വെച്ച് പിടികൂടിയ കാട്ടാന പി.ടി സെവന്‍ എന്ന ധോണിയെ കുങ്കിയാനയാക്കുമെന്ന് പാലക്കാട് ഡിഎഫ്ഒ ശ്രീനിവാസ്. ധോണിക്ക് മാത്രമായി പാപ്പാനെയും കുക്കിനേയും നിയമിക്കും. ആദ്യ ആഴ്ചകളില്‍ വയനാട് ടീമിന്റെ സേവനം ആവശ്യപ്പെടും. മയക്കുവെടി നല്‍കിയതിനാല്‍ ഞായറാഴ്ച വെളളം മാത്രമാണ് നല്‍കിയിരുന്നത്. വരും ദിവസങ്ങളില്‍ കട്ടിയുളള ഭക്ഷണങ്ങള്‍ നല്‍കുമെന്നും ഡിഎഫ്ഒ അറിയിച്ചു.

വെറ്റിനറി ഡോക്ടര്‍ നിര്‍ദേശിക്കുന്ന ഭക്ഷണമാണ് ധോണിക്ക് നല്‍കുക. ആനയുടെ ഡയറ്റ് ബുക്ക് ഇന്ന് തന്നെ ക്രമീകരിക്കും. ചൂട് കൂടിയതിനാല്‍ ആനയുടെ മേല്‍ ഇടക്ക് വെളളം തളിക്കുമെന്നും ഡിഎഫ്ഒ പറഞ്ഞു.

ഞായറാഴ്ച രാവിലെ 7.10ഓടെയാണ് ആനയെ മയക്കുവെടി വച്ചത്. ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയയാണ് ദൗത്യത്തിന് നേതൃത്വം നല്‍കിയത്. മയക്കുവെടിയേറ്റ ആന കുറച്ചുദൂരം ഓടി. കൊമ്പന് സമീപത്ത് മറ്റ് രണ്ട് ആനകള്‍ കൂടിയുണ്ടായിരുന്നു. തുടര്‍ന്ന് കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി ഫോറസ്റ്റ് ക്യാമ്പിലെ കൂട്ടിലെത്തിക്കുകയായിരുന്നു.

വിക്രം, ഭരത്, സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളാണ് ദൗത്യത്തില്‍ പങ്കാളികളായത്. ആറടി താഴ്ചയില്‍ കുഴിയെടുത്ത് തടികൊണ്ട് തീര്‍ത്ത കൂട്ടിലേക്കാണ് ധോണിയെ മാറ്റിയത്.

ധോണിയെ കുങ്കിയാനയാക്കാനുള്ള പരിശീലനം നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ ഏഴുമാസമായി ധോണി നിവാസികളുടെ പേടി സ്വപ്നമായിരുന്നു ഈ കൊമ്പന്‍. ജൂലൈ എട്ടിന് പ്രഭാത സവാരിക്കിറങ്ങിയ പ്രദേശവാസി ശിവരാമനെ കൊലപ്പെടുത്തിയ ആന നിരവധി കൃഷിയിടങ്ങള്‍ തകര്‍ത്തിരുന്നു. ആനയെ പിടികൂടിയതോടെ നാളുകളായുള്ള ആശങ്കയ്ക്ക് പരിഹാരമായെന്ന് നാട്ടുകാര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.