കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയം പാളുന്നു: സാമ്പത്തിക വിദഗ്ദ്ധര്‍ ആശങ്കയില്‍

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയം പാളുന്നു: സാമ്പത്തിക വിദഗ്ദ്ധര്‍ ആശങ്കയില്‍

ഭരണകക്ഷിയായ ബിജെപിയുടെ സാമ്പത്തിക നയം നടപ്പിലാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നടപടിക്രമങ്ങള്‍ ലക്ഷ്യം കാണാതെ പരാജയപ്പെടുന്നതില്‍ സാമ്പത്തിക വിദഗ്ദ്ധര്‍ ആശങ്കയിലാണ്. ഈ ആശങ്ക പങ്കുവയ്ക്കുന്നവരില്‍ അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സികളും സാമ്പത്തിക വിദഗ്ദ്ധരുമുണ്ട് എന്നത് രാജ്യത്തെ ആകുലപ്പെടുത്തുന്നുണ്ട്. വളര്‍ച്ചാ നിരക്കില്‍ ഇന്ത്യ ബംഗ്ലാദേശിനും പിന്നിലായതും വികസന ഇന്‍ഡക്‌സില്‍ രാജ്യം 129-ാം സ്ഥാനത്തായതും ഈ തകര്‍ച്ചയുടെ ആക്കം വെളിപ്പെടുത്തുന്നുണ്ട്. വേണ്ടത്ര ആലോചനകളോ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനങ്ങളോ ഇല്ലാതെ പ്രധാനമന്ത്രി പ്രഖ്യാപിക്കുന്ന പദ്ധതികളാണ് സാമ്പത്തികരംഗത്തെ താറുമാറാക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നത്. ഹിമാലയന്‍ വിഢിത്തമെന്ന് ഭരണകക്ഷിപോലും സമ്മതിക്കുന്ന നോട്ടു നിരോധനത്തിലൂടെ രാജ്യത്തുണ്ടായ സാമ്പത്തിക തകര്‍ച്ചയുടെ ആഴം ഇനിയും പൂര്‍ണ്ണമായി കണക്കുകൂട്ടാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും മൂന്നുദശലക്ഷം കോടിയുടെ നഷ്ടമെങ്കിലും നോട്ടു നിരോധനം എന്ന ഒറ്റത്തീരുമാനത്തിലൂടെ രാജ്യത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു എന്നതാണ് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. സമാനമായരീതിയില്‍ പാളിപ്പോയ മറ്റൊരു സാമ്പത്തിക തീരുമാനമാണ് ജി. എസ്. ടി. നടപ്പിലാക്കിയ രീതി. സംസ്ഥാനങ്ങളുടെ സാമ്പത്തിക ഭദ്രത തകര്‍ക്കുകയും ഇടത്തരം കച്ചവടക്കാരുടെ നടുവൊടിക്കുകയും ചെയ്തു ജി. എസ്. ടി. പ്രഖ്യാപനം. ജി. എസ്. ടി യുടെ പ്രയോജനം കോര്‍പറേറ്റു മുതലാളികാര്‍ക്കു മാത്രമാണ് ലഭ്യമായത്. ജി. എസ്. ടി നയത്തില്‍, കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍കൊണ്ട് ഒരു ഡസന്‍ ഭേതഗതികള്‍ വരുത്തിയിട്ടും പ്രസ്തുത നിയമം രാജ്യത്തിനു ഗുണകരമായില്ല എന്നത് തികച്ചും പിടിപ്പുകേടുതന്നെയാണ്.

മന്‍മോഹന്‍ സിംഗിനു പകരം വയ്ക്കാന്‍ പറ്റുന്ന സാമ്പത്തിക വിദഗ്ദ്ധര്‍ എന്‍. ഡി. എയില്‍ എന്നല്ല രാജ്യത്തുതന്നെയില്ല എന്ന സത്യം അംഗീകരിക്കുമ്പോള്‍ തന്നെ രഘുറാം രാജനെപ്പോലെ പരിണത പ്രജ്ഞരായ സാമ്പത്തിക വിദഗ്ദ്ധരെ വിശ്വസത്തിലെടുക്കാതിരുന്നത് ബി. ജെ. പിയുടെ വീഴ്ചതന്നെയാണ്. കോവിഡ്-19 നെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച ലോക്ഡൗണും ആലോചനയില്ലാത്ത തീരുമാനത്തിന്റെ മകുടോദാഹരണമാണ്. രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി അന്നേ ദിവസം രാത്രി 12 മണി മുതല്‍ രാജ്യം നിശ്ചലമാകണമെന്നും എല്ലാവരും നില്‍ക്കുന്നിടത്തുതന്നെ നല്ക്കണമെന്നും പ്രഖ്യാപിച്ചു. മൂന്ന് ആഴ്ചത്തേക്ക് പ്രഖ്യാപിച്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂന്നു മാസത്തിലേറെ നീണ്ടു. ഇതിലൂടെ പൗരന്മാര്‍ അനുഭവിച്ച സമാനതകളില്ലാത്ത ദുരന്തത്തെക്കുറിച്ച് പ്രധാന മന്ത്രി ചിന്തിച്ചില്ല എന്നു മാത്രമല്ല വിവേകമില്ലാതെ പ്രഖ്യാപിച്ച ലോക്ഡൗണ്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗം താറുമാറാക്കുകയും ചെയ്തു. ലോകത്തെതന്നെ ഏറ്റവുമധികം കോവിഡ് ബാധിച്ച രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യ എത്തി എന്നത് ലോക്ഡൗണ്‍ പ്രഖ്യാപനത്തിലെ അശാസ്ത്രീയതയാണ് വ്യക്തമാക്കുന്നത്.

കോര്‍പറേറ്റുകളെ ലാളിക്കുന്ന നയമാണ് എന്‍. ഡി. എ സര്‍ക്കാര്‍ നിരന്തരമായി അനുവര്‍ത്തിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് കോടാനുകോടി പൗരന്മാര്‍ സാമ്പത്തികമായി തകര്‍ന്നപ്പോള്‍ മുകേഷ് അംബാനിയുടെ വരുമാനം ഓരോ മണിക്കൂറിലും 90 കോടിയായി വര്‍ദ്ധിച്ചു എന്ന കണക്കുകള്‍ പുറത്തുവരുന്നത് വിരോധാഭാസമല്ലേ. ടാറ്റായും ബിര്‍ളയും അംബാനിയും അദാനിയും ജയ്ഷായും മുത്തൂറ്റും ഉള്‍പ്പെടുന്ന ഒരു ശതമാനം ആളുകളാണ് രാജ്യത്തെ സമ്പത്തിന്റെ 59 ശതമാനവും കയ്യടക്കിയിരിക്കുന്നത്.

160 രാജ്യങ്ങളുടെ വികസന പട്ടികയില്‍ 129-ാം സ്ഥാനത്താണ് ഇന്ത്യ. ജനസംഖ്യയില്‍ നാലിലൊന്നില്‍ കൂടുതലും ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാതെ കഷ്ടപ്പെടുന്ന ഇന്ത്യയില്‍ അമേരിക്കന്‍ പ്രസിഡിന്റെ എയര്‍ ഫോര്‍സ് -1 നെ വെല്ലുന്ന രണ്ട് അത്യാഡംബര വിമാനങ്ങള്‍ക്കായി പതിനായിരം കോടിയോളം രൂപ ചെലവഴിക്കുന്നതില്‍ സര്‍ക്കാര്‍ യാതൊരു യുക്തിഭംഗവും കണ്ടില്ല. 117 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ആഗോള രാജ്യങ്ങളുടെ പട്ടിണിപട്ടികയില്‍ (Global Hunger Index) ഇന്ത്യ 2020 ല്‍ 102-ാം സ്ഥാനത്താണ്. അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശും (75) ബര്‍മ്മയും (78) പാക്കിസ്ഥാനും (88) നേപ്പാളും (73) ശ്രീലങ്കയും (64) ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട സ്ഥാനങ്ങളിലാണെന്ന് അറിയുമ്പോഴാണ് രാജ്യത്തിന്റെ സാമ്പത്തിക നയം തെറ്റായ ദിശയിലാണെന്ന് വ്യക്തമാകുന്നത്. ഇന്ത്യയുടെ ജി. ഡി. പി നിരക്കില്‍ 9.6 ശതമാനത്തിന്റെ തകര്‍ച്ചയാണ് കണക്കാക്കപ്പെടുന്നത്. ബി. ജെ. പി. സര്‍ക്കാര്‍ ദേശിയത ഊതിവീര്‍പ്പിക്കുന്നതിന്റെ ഭാഗമായി അയല്‍ രാജ്യങ്ങളുമായി ശത്രുത വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാണ്. ഈ ശത്രുതയുടെ മറവില്‍ റാഫേല്‍ വിമാനങ്ങളും ടാങ്കുകളും മിസൈലുകളും ഡ്രോണ്‍ വിമാനങ്ങളും വാങ്ങിക്കുട്ടാന്‍ രാജ്യം മത്സരിക്കുകയാണ്. 30 കോടിയോളം വരുന്ന രാജ്യത്തെ പട്ടിണിപ്പാവങ്ങളെ റാഫേലിന്റെ ഇരമ്പല്‍ കേള്‍പ്പിച്ചു സംതൃപ്തിപ്പെടുത്തുന്ന മിഥ്യാ ദേശീയബോധം ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെ പൊട്ടിത്തകരാന്‍ അധികനാള്‍ ആവശ്യമില്ല.

ലോക രാജ്യങ്ങളിലെ പൗരന്മാരുടെ സന്തോഷത്തിന്റെയും സംതൃപ്തിയുടെയും കണക്ക് ഐക്യരാഷ്ട്ര സഭ പുറത്തുവിടുകയുണ്ടായി. 156 അംഗ പട്ടികയില്‍ ഇന്ത്യ 144-ാം സ്ഥാനത്താണ്. 'ഇന്ത്യ കുതിക്കുന്നു, ഇന്ത്യ തിളങ്ങുന്നു, ഇന്ത്യ ലോകത്തെ നയിക്കാന്‍ ഒരുങ്ങുന്നു' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പാഴ്‌വാക്കുകളാണെന്നതിന് ഈ കണക്കുകള്‍ സാക്ഷ്യം പറയുന്നുണ്ട്. വിശക്കുന്നവനെയും രോഗിയെയും നഗ്നനെയും ഭവനരഹിതനെയും അവഗണിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക നയം പരാജയത്തിലേക്ക് കൂപ്പുകുത്തുകയാണ്. പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും ധനമന്ത്രി വിശദീകരിക്കുകയും ചെയ്ത 20 ലക്ഷം കോടിയുടെ കോവിഡ് സാമ്പത്തിക ഉത്തേജക പാക്കേജ് രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ യാതൊരു ചലനവും സൃഷ്ടിച്ചില്ല എന്നതുതന്നെ തകര്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നുണ്ട്. 40 രൂപ നിരക്കില്‍ അന്താരാഷ്ട്ര വിപണിയില്‍ ലഭിക്കുന്ന പെട്രോളും ഡീസലും 80 രൂപ നിരക്കില്‍ വിറ്റ് പൗരന്മാരെ പിഴിയുന്നതുകൊണ്ടാണ് സാമ്പത്തിക തകര്‍ച്ചയുടെ ഭീകരത മറനീക്കി പുറത്തു വരാത്തത്. കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തികനയം പുന:പരിശോധിക്കേണ്ട സമയം അതിക്രമിച്ചു എന്നാണ് സാമ്പത്തിക തിരിച്ചടിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. വര്‍ഗ്ഗീയതയും കപടദേശീയതയും ആളിക്കത്തിച്ച് വോട്ടു പിടിക്കുന്നത്ര ലളിതമല്ല സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്നതെന്ന് ഭരണകക്ഷി മനസ്സിലാക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.