ന്യൂഡല്‍ഹി: ഗുജറാത്ത് കലാപം വിഷയമാക്കി ബിബിസിയുടെ ഡോക്യുമെന്ററി വന്‍ വിവാദമായതിന് പിന്നാലെ ഇതിന് ആധാരമായ വംശഹത്യയെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ പുറത്ത്. 'ദ കാരവന്‍' പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് നിര്‍ണായക വിവരങ്ങളുള്ളത്.
2002ലെ ഗുജറാത്ത് വംശഹത്യക്ക് വഴിയൊരുക്കിയ അക്രമങ്ങള്‍ വിശ്വ ഹിന്ദു പരിഷത്ത് മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ബി.ബി.സിയുടെ 'ഇന്ത്യ: ദ മോഡി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററിക്ക് ആധാരമായ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചതായും ഗുജറാത്തിലെ അക്രമം മുന്‍കൂട്ടിത്തന്നെ ആസൂത്രണം ചെയ്തതാകാമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായും കാരവന്‍ പറയുന്നു.
ഗോധ്ര ട്രെയിന്‍ തീവെപ്പ് ഗുജറാത്തില്‍ അക്രമങ്ങള്‍ക്കുള്ള സാഹചര്യമായിത്തീര്‍ന്നു. ഗോധ്ര സംഭവിച്ചില്ലായിരുന്നെങ്കില്‍ അക്രമത്തിന് മറ്റൊരു കാരണം കണ്ടെത്തുമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നതിനുള്ള തെളിവുകള്‍ അന്വേഷണ ഏജൻസി ബ്രിട്ടീഷ് സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കലാപകാരികള്‍ മുസ്ലിംകളുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും ഏതൊക്കെയാണെന്ന് കമ്പ്യൂട്ടറില്‍ തയാറാക്കിയ പട്ടിക ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് കേന്ദ്രങ്ങള്‍ സ്ഥിരീകരിക്കുന്നു.
പട്ടികയിലെ കൃത്യതയും വിശദാംശങ്ങളും വ്യക്തമാക്കുന്നത് ഇത് മുന്‍കൂട്ടി തയാറാക്കിയിരുന്നു എന്നതാണ്. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിക്ക് വംശഹത്യയില്‍ നേരിട്ട് ഉത്തരവാദിത്തമുണ്ടെന്നാണ് ബ്രിട്ടീഷ് അന്വേഷണ റിപ്പോര്‍ട്ടിലെ മറ്റൊരു പ്രസക്തമായ ഭാഗം.
വി.എച്ച്.പിയും സഖ്യകക്ഷികളും സംസ്ഥാന സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണയിലാണ് ഇറങ്ങിയത്. എന്തുചെയ്താലും ശിക്ഷിക്കപ്പെടില്ലെന്ന സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയെടുക്കാതെ വിഎച്ച്പിക്ക് ഇത്രയേറെ ചെയ്യാനാവില്ല. മുഖ്യമന്ത്രി നരേന്ദ്ര മോഡി നേരിട്ട് ഉത്തരവാദിയാണ്.
അക്രമത്തിന്റെ വ്യാപ്തിയെ കുറിച്ചും മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്തതില്‍ പൊലീസിനുള്ള പങ്കിനെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യാവകാശ പ്രസ്ഥാനങ്ങളില്‍ നിന്നുള്ള വിശ്വസനീയമായ കണക്ക് പ്രകാരം മരണങ്ങള്‍ 2000 വരെയാണ്.
കൊലപാതകങ്ങളോടൊപ്പം മുസ്ലിം സ്ത്രീകള്‍ വ്യാപകമായി ബലാത്സംഗത്തിനിരയായി. പൊലീസും ചിലയിടത്ത് ഇതിന്റെ ഭാഗമായി. അക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ നിന്ന് തങ്ങളെ തടഞ്ഞുകൊണ്ട് സര്‍ക്കാറിന്റെ തന്നെ സമ്മര്‍ദമുണ്ടായെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.