വിഖ്യാത ആര്‍ക്കിടെക്ട് ബാലകൃഷ്ണ ദോഷി അന്തരിച്ചു; വിട പറഞ്ഞത് ഇന്ത്യയുടെ രാജശില്‍പ്പി

വിഖ്യാത ആര്‍ക്കിടെക്ട് ബാലകൃഷ്ണ ദോഷി അന്തരിച്ചു; വിട പറഞ്ഞത് ഇന്ത്യയുടെ രാജശില്‍പ്പി

അഹമ്മദാബാദ്: വാസ്തുകലയിലെ ഇന്ത്യൻ രാജശിൽപ്പി എന്ന് അറിയപ്പെടുന്ന വിഖ്യാത ആർക്കിടെക്റ്റ് ഡോ. ബി.വി. ദോഷി (ബാലകൃഷ്ണ വിതൽദാസ് ദോഷി)​ അന്തരിച്ചു. 95 വയസായിരുന്നു. അഹമ്മദാബാദിലെ വസതിയിലായിരുന്നു അന്ത്യം.

പത്മശ്രീ,​ പത്മഭൂഷൺ പുരസ്കാരങ്ങൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

ആർക്കിടെക്ചറിലെ നൊബൽ എന്നറിയപ്പെടുന്ന പ്രിറ്റ്സ്‌കർ പ്രൈസും ബ്രിട്ടീഷ് രാജ്ഞി നേരിട്ട് നൽകുന്ന റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടീഷ് ആർക്കിടെക്‌റ്റ്സിന്റെ റോയൽ ഗോൾഡ് മെഡലും സ്വന്തമാക്കിയ ആർക്കിടെക്‌റ്റാണ് ദോഷി. പ്രിറ്റ്സ്‌കർ നേടുന്ന ആദ്യ ഇന്ത്യക്കാരനുമാണ്.

ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരമായ ചണ്ഡിഗഢ് നഗരത്തിന്റെ രൂപകൽപ്പനയിൽ ഫ്രഞ്ച് ആ‌ർക്കിടെക്റ്റ് ലേ കോർബൂസിയറിനോപ്പം പ്രവർത്തിച്ചു. അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കാമ്പസിന്റെ രൂപകൽപ്പനയിൽ ലൂയി കാഹന്റെ അസോസിയേറ്റായിരുന്നു ദോഷി. ഇന്ത്യൻ വാസ്‌തുകലയും കാലാവസ്ഥയും പ്രാദേശിക സംസ്‌കാരവും സമന്വയിപ്പിക്കുന്ന വാസ്‌തു ശൈലിയായിരുന്നു ദോഷിയുടേത്. 

അഹമ്മദാബാദിലെ ഇൻസ്റ്റിറ്റ്യുട്ട് ഒഫ് ഇൻഡോളജി, സി.ഇ.പി.ടി സർവകലാശാല, കനോറിയ സെന്റർ ഫോർ ആർട്സ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഒഫ് മാനേജ്മെന്റ്, വിഖ്യാത ചിത്രകാരൻ എം.എഫ്. ഹുസൈന്റെ പെയിന്റിംഗുകൾ പ്രദർശിപ്പിക്കുന്ന ഭൂഗർഭ ആർട്ട് ഗാലറി അംദവാനി ഗുഫ, ടാഗോർ ഹാൾ, ഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, സ്വകാര്യ വസതിയായ കമല ഹൗസ്, ബംഗളുരുവിലെയും ഉദയ്‌പൂരിലെയും ഐ.ഐ.എമ്മുകൾ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രോജക്ടുകളാണ്. ഇൻഡോറിലെ ആരണ്യ ലോ കോസ്റ്റ് ഹൗസിംഗ് ടൗൺഷിപ്പിന് 1995ൽ ആഗാഖാൻ പുരസ്‌കാരം നേടി.

1927ൽ ഓഗസ്റ്റ് 26ന് പൂനെയിൽ സാധാരണ കുടുംബത്തിലായിരുന്നു ജനനം. മുംബയ് ജെ.ജെ കോളേജ് ഒഫ് ആർക്കിടെക്ചറിൽ നിന്ന് ബി.ആർക്ക് ബിരുദം നേടി. സ്‌കോളർഷിപ്പോടെ ലണ്ടനിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്‌റ്റ്സിൽ ബിരുദാനന്തര പഠനം. തുടർന്ന് ലേ കോർബൂസിയറുടെ പാരീസിലെ സ്റ്റുഡിയോയിൽ 1951 മുതൽ 1954 വരെ സീനിയർ ഡിസൈനറായി. നാലു വർഷം ഇന്ത്യയിലെ ലേ കോർബൂസിയ‌ർ പ്രോജക്ടുകളുടെ സൂപ്പർവൈസറായി.

1957ൽ വാസ്തുശിൽപ ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിന് ആദ്ദേഹം രൂപംകൊടുത്തു. ഭാര്യ: കമല ബാലകൃഷ്ണ ദോഷി. മഹാകവി അക്കത്തത്തിന്റെ മകനും പ്രസിദ്ധ ഫൈൻ ആർട്സ് അക്കാ‌ഡമിഷനും ഗവേഷകനുമായ പ്രൊഫ. വാസുദേവൻ അക്കിത്തത്തിന്റെ ഭാര്യ മനീഷ ദോഷി ബാലകൃഷ്ണ ദോഷിയുടെ മൂന്നാമത്തെ മകളാണ്. മറ്റ് മക്കൾ: തേജൽ ദോഷി, രാധിക ദോഷി കഥ്പാലിയ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.