'മരണത്തിന് ഒരാഴ്ച മുമ്പ് നയനയ്ക്ക് ക്രൂര മര്‍ദ്ദനമേറ്റിരുന്നു; യുവ സംവിധായികയുടെ ദുരൂഹ മരണത്തില്‍ നിര്‍ണായക മൊഴി

 'മരണത്തിന് ഒരാഴ്ച മുമ്പ് നയനയ്ക്ക് ക്രൂര മര്‍ദ്ദനമേറ്റിരുന്നു; യുവ സംവിധായികയുടെ ദുരൂഹ മരണത്തില്‍ നിര്‍ണായക മൊഴി

തിരുവനന്തപുരം: യുവസംവിധായക നയനാ സൂര്യന്റെ ദുരൂഹമരണത്തില്‍ നിര്‍ണായക മൊഴി. മരണത്തിന് ഒരാഴ്ച മുന്‍പ് നയനയ്ക്കു മര്‍ദനമേറ്റിരുന്നതായും ഫോണിലൂടെ നിരന്തരം ഭീഷണിയുണ്ടായിരുന്നതായും സുഹൃത്ത് മൊഴി നല്‍കി. മര്‍ദിച്ചയാളുടെ പേരു വിവരങ്ങളും സുഹൃത്ത് മൊഴിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
നയനയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ വെളിപ്പെടുത്തല്‍. അന്വേഷണ പരിധിയില്‍ വരാന്‍ സാധ്യതയില്ലാതിരുന്ന ഈ അജ്ഞാത സുഹൃത്ത് ക്രൈംബ്രാഞ്ചിനോട് അങ്ങോട്ടാവശ്യപ്പെട്ടാണ് മൊഴി നല്‍കാന്‍ സന്നദ്ധമായത്.

കോടതിക്കു മുന്നില്‍ മാത്രമേ മൊഴി നല്‍കൂ എന്ന നിലപാടിലായിരുന്നു സുഹൃത്ത്. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസ് വഴി തന്റെ ആവശ്യം അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. മരണത്തിന് ഒരാഴ്ച മുന്‍പ് നയനയുടെ മുഖത്ത് മര്‍ദനമേറ്റതിന്റെ ക്ഷതം കണ്ടിരുന്നതായി സുഹൃത്ത് പറഞ്ഞു. ഫോണിലൂടെ ഭീഷണിയുണ്ടായിരുന്നതായി നയന തന്നോടു പറഞ്ഞിരുന്നതായും മൊഴിയില്‍ പറയുന്നു.

നയനയുടെ താമസസ്ഥലത്തിനടുത്തു താമസിച്ചിരുന്ന ഈ സുഹൃത്ത് ഒരു ദിവസം നയനയുടെ മുഖത്ത് അടിയേറ്റു നീലിച്ചതിന്റെ പാട് കണ്ടിരുന്നു. ഇക്കാര്യം ചോദിച്ചപ്പോള്‍ ഒരുവശം ചരിഞ്ഞുകിടന്നപ്പോള്‍ സംഭവിച്ചതാണെന്നു പറഞ്ഞ് നയന ഒഴിഞ്ഞുമാറി. അടുത്ത ദിവസം ഒരുമിച്ചുള്ള സായാഹ്ന നടത്തത്തിനിടെ തന്നെ ഒരാള്‍ മര്‍ദിച്ചതാണെന്ന് നയന വെളിപ്പെടുത്തി. മര്‍ദിച്ചയാളുടെ പേരും പറഞ്ഞു. നയന താമസിച്ചിരുന്ന വീട്ടിലെത്തിയായിരുന്നു മര്‍ദനം. ക്രൂരമായി മര്‍ദനമേറ്റതിന്റെ അവശതയിലായിരുന്നു അപ്പോഴും നയന.

സ്വത്തോ പണമിടപാടോ ആയി ബന്ധപ്പെട്ടായിരുന്നു നയനയ്ക്ക് നേരെ ഉണ്ടായ ആക്രമണമെന്നാണ് ക്രൈംബ്രാഞ്ച് സംഘം സംശയിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.