അഫ്ഗാനിസ്ഥാനില്‍ താപനില -10; അതിശൈത്യത്തില്‍ മരണം 124; സന്നദ്ധ സംഘടനകളുടെ സഹായമില്ലാതെ ജനങ്ങള്‍

അഫ്ഗാനിസ്ഥാനില്‍ താപനില -10; അതിശൈത്യത്തില്‍ മരണം 124; സന്നദ്ധ സംഘടനകളുടെ സഹായമില്ലാതെ ജനങ്ങള്‍

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അതി ശൈത്യത്തില്‍ 124 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മരിച്ചവരുടെ കണക്കാണിത്. താലിബാന്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഇതിനേക്കാള്‍ കൂടുതലായിരിക്കുമെന്നാണ് സന്നദ്ധ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവില്‍ അഫ്ഗാനിസ്ഥാനില്‍ മൈനസ് 10 ഡിഗ്രിയാണ് താപനില. സമീപകാലത്തെ ഏറ്റവും താഴ്ന്ന താപനിലയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇതേ രീതിയില്‍ 14 ദിവസം കൂടി കുറഞ്ഞ താപനില തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

ഗ്രാമീണ മേഖലയിലാണ് കൂടുതല്‍ പേരും മരിച്ചത്. സന്നദ്ധ സംഘനകളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നത് താലിബാന്‍ വിലക്കിയിരുന്നു. ഇതേ തുടര്‍ന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ഇതും സാധാരണക്കാര്‍ക്ക് സഹായം എത്തിക്കുന്നതിന് തിരിച്ചടിയായിട്ടുണ്ട്.

ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ശൈത്യകാലത്തിനാണ് അഫ്ഗാന്‍ സാക്ഷ്യം വഹിക്കുന്നത്. ഏകദേശം 70,000 കന്നുകാലികളും ചത്തതായി സംസ്ഥാന ദുരന്ത നിവാരണ മന്ത്രാലയ വക്താവ് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ പല പ്രദേശങ്ങളിലും ഇപ്പോള്‍ മഞ്ഞു വീഴ്ച രൂക്ഷമാണെന്ന് ദുരന്തനിവാരണ ചുമതലയുള്ള മന്ത്രി മുല്ല മുഹമ്മദ് അബ്ബാസ് അഖുന്ദ് ബിബിസിയോട് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് സൈനിക ഹെലികോപ്റ്ററുകള്‍ അയച്ചിരുന്നുവെങ്കിലും അവയ്ക്ക് പര്‍വ്വതപ്രദേശങ്ങളില്‍ ഇറങ്ങാന്‍ സാധിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'പര്‍വ്വതപ്രദേശങ്ങളില്‍ താമസിക്കുന്നവരെക്കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. പര്‍വ്വതങ്ങളിലേക്ക് കടന്നുപോകുന്ന മിക്ക റോഡുകളും മഞ്ഞ് കാരണം അടച്ചിരിക്കുകയാണ്. കാറുകളും മറ്റ് വാഹനങ്ങളും പല സ്ഥലങ്ങളിലായി കുടുങ്ങി കിടക്കുകയാണ്. നിരവധി യാത്രക്കാര്‍ മരിക്കുകയും ചെയ്തു' - മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.