വെല്ലിങ്ടണ്‍: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വളര്‍ച്ച ലക്ഷ്യമിട്ടായിരിക്കും തന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ക്രിസ് ഹിപ്കിന്‍സ്. കുതിച്ചുയരുന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ആഗോള സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ മൂലം വര്‍ധിച്ച ജീവിതച്ചെലവിനെ നേരിടാന്‍ ന്യൂസിലന്‍ഡുകാരെയും അവരുടെ കുടുംബങ്ങളെയും പ്രാപ്തമാക്കുക എന്നതാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ ഹിപ്കിന്‍സ് വ്യക്തമാക്കി.
പുതിയ മന്ത്രിസഭ നിലവില്‍ വന്നതിന് ശേഷം വരും ആഴ്ചകളില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യ തലസ്ഥാനമായ വെല്ലിങ്ടണില്‍ നടന്ന ചടങ്ങില്‍ ന്യൂസിലന്‍ഡ് ഗവര്‍ണര്‍ ജനറല്‍ ഡേം സിന്‍ഡി കിറോ ഹിപ്കിന്‍സിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തന്റെ ആദ്യ കാബിനറ്റ് മീറ്റിംഗില്‍ അധ്യക്ഷത വഹിച്ച ശേഷം, ജസീന്ദ ആര്‍ഡേണില്‍ നിന്ന് 'ഉത്തരവാദിത്തത്തിന്റെ ബാറ്റണ്‍' ഏറ്റെടുക്കുന്നത് തനിക്ക് വളരെയധികം അഭിമാനകരമായ നിമിഷമാണെന്ന് ഹിപ്കിന്‍സ് പറഞ്ഞു.
'ഇത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പദവിയും ഉത്തരവാദിത്തവുമാണ്. മുന്നിലുള്ള വെല്ലുവിളികളില്‍ ഞാന്‍ ഊര്‍ജസ്വലനും ആവേശഭരിതനുമാണ്' - സത്യപ്രതിജ്ഞയ്ക്കു ശേഷം ഹിപ്കിന്‍സ് പ്രതികരിച്ചു.
അപ്രതീക്ഷിതമായി സ്ഥാനമൊഴിഞ്ഞ ജസീന്ദ ആര്‍ഡേണിന് പകരമാണ് ലേബര്‍ പാര്‍ട്ടി എം.പിയായ ക്രിസ് ന്യൂസിലന്‍ഡിന്റെ 41-ാമത് പ്രധാനമന്ത്രിയായി അധികാരമേറ്റത്.
ജസീന്ദ സര്‍ക്കാറില്‍ പൊലീസ്-വിദ്യാഭ്യാസ-പൊതുസേവന മന്ത്രിയായിരുന്നു 44കാരനായ ഹിപ്കിന്‍സ്. ഒക്ടോബര്‍ 14നാണ് അടുത്ത പൊതു തെരഞ്ഞെടുപ്പ്. അതുവരെ എട്ടു മാസം അദ്ദേഹത്തിന് പ്രധാനമന്ത്രിയായി തുടരാനാകും.
കാര്‍മല്‍ സെപ്പുലോനി ന്യൂസിലന്‍ഡിന്റെ ഉപപ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആദ്യമായാണ് പസഫിക് ദ്വീപിന്റെ പാരമ്പര്യമുള്ള ഒരാള്‍ ഈ ചുമതല ഏറ്റെടുക്കുന്നത്. കാര്‍മല്‍ ഹിപ്കിന്‍സിനെ അഭിനന്ദിക്കുകയും തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറയുകയും ചെയ്തു.
ന്യൂസിലാന്‍ഡ് പാര്‍ലമെന്റില്‍ നിന്ന് രാജിവെച്ച ജസീന്ദ ആര്‍ഡേണിനെ അഭിനന്ദിക്കാന്‍ നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയിരുന്നത്. ആലിംഗനങ്ങളേകിയാണ് മുന്‍ പ്രധാനമന്ത്രിയെ ജനങ്ങള്‍ യാത്രയാക്കിയത്.
പുതിയ പ്രധാനമന്ത്രിയുടെ മുന്നോട്ടുള്ള പ്രയാണം ഒട്ടും സുഗമമായിരിക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ന്യൂസിലന്‍ഡിന്റെ പണപ്പെരുപ്പ നിരക്ക് 7.2 ശതമാനമാണ്. ഉയര്‍ന്ന വാടക, ഭക്ഷണവില, കെട്ടിട നിര്‍മ്മാണച്ചെലവ് തുടങ്ങി ഗാര്‍ഹിക ചെലവുകളിലുണ്ടായ വര്‍ധനയാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.